കൊല്ലം: വ്യക്തിപ്രഭാവത്തിൽ മുൻതൂക്കം പ്രേമചന്ദ്രന്
text_fieldsഇന്നസെന്‍റിലൂടെ സി.പി.എം നടത്തിയ ചാലക്കുടി പരീക്ഷണത്തിന്‍റെ ആവർത്തനം പ്രതിഫലിക്കുന്നതടക്കം ഘടകങ്ങൾ തീർക്കുന്ന ശക്തമായ അടിയൊഴുക്ക് രൂപപ്പെട്ടില്ലെങ്കിൽ കൊല്ലത്ത് മൂന്നാം തവണയും എൻ.കെ. പ്രേമചന്ദ്രൻ കരകയറും. ഇടതു ആഭിമുഖ്യമുള്ള മണ്ഡലത്തിൽ തന്‍റെ ജനകീയതയും മികച്ച പാർലമെന്‍റേറിയനെന്ന പേരും തന്നെയാണ് പ്രേമചന്ദ്രന് പ്ലസ് പോയന്‍റ്. ചെന്നൈയിൽനിന്നെത്തിയ സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ സ്ഥാനാർഥിയായ മുകേഷിന് സിനിമ താരമെന്ന ജനപ്രിയതയും ഇടതുസംഘടനാമികവും സ്ത്രീ വോട്ടുകളിലെ സ്വാധീനവും മുതൽക്കൂട്ടാകുമെന്ന് പ്രവചിക്കുന്നുണ്ട്. ആ ‘താരപ്രഭാവം’ രാഷ്ട്രീയം സംസാരിക്കുന്ന പ്രേമചന്ദ്രനില്ലതാനും. എങ്കിലും ഈ ‘ആനുകൂല്യം’ മുകേഷിന് എത്രമാത്രം ഗുണം ചെയ്യും എന്നതാണ് പ്രശ്നം.
മുൻകാലങ്ങളിൽ രാഷ്ട്രീയത്തിനുപരി വ്യക്തിപരമായ വോട്ടുകിട്ടുന്നത് പ്രേമചന്ദ്രന് മാത്രമായിരുന്നെങ്കിൽ ഇക്കുറി ബി.ജെ.പി സ്ഥാനാർഥി സിനിമ താരം കൃഷ്ണകുമാറടക്കം മൂന്നുപേർക്കും അതിന്‍റെ ആനുകൂല്യം ലഭിക്കും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, സംസ്ഥാന ഭരണത്തോടുള്ള വിരുദ്ധ വികാരം എന്നിവ പ്രേമചന്ദ്രന് അനുകൂലമായ മറ്റു ഘടകങ്ങളാണങ്കിൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത് ആദ്യാവസാനം വരെ ഇടതുപക്ഷം പ്രചരണായുധമാക്കിയതും യു.ഡി.എഫിന്‍റെ താഴേക്കിടയിലെ സംഘാടന ദൗർബല്യവും പ്രതികൂലമാണ്. സമുദായസമവാക്യമാണ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ഈഴവ, നായർ, മുസ്ലിം വോട്ടുകൾ ഏകദേശം തുല്യമാണ് മണ്ഡലത്തിൽ.
ബി.ജെ.പിയിലേക്കും യു.ഡി.എഫിനും പോകാൻ സാധ്യതയുള്ള ഈഴവവോട്ടുകൾ ഏകീകരിച്ച് ഇടതുപക്ഷ അനുകൂലമാകാൻ ഇക്കുറി സാധ്യതയുണ്ട്. കൃഷ്ണകുമാറിന്‍റെ സാന്നിധ്യം പ്രേമചന്ദ്രന് നേരത്തേ ലഭിച്ചിരുന്ന നായർ വോട്ടുകളിൽ വിള്ളൽ വരുത്തും. മുസ്ലിം വോട്ടുകളിൽ മറ്റിടങ്ങളിൽ ഇല്ലാത്ത സ്വാധീനം ഇടതുപക്ഷത്തിന് കൊല്ലത്തുണ്ട്. തീരദേശത്തടക്കം ക്രൈസ്തവ വോട്ടുകളുടെ നിലപാടും നിർണായകം.
ഇതിൽനിന്നൊക്കെ വ്യക്തിപരമായി നേടിയെടുത്ത സ്വാധീനമാണ് പ്രേമചന്ദ്രന്‍റെ മുതൽക്കൂട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിനടുത്ത് ഭൂരിപക്ഷമായിരുന്നു പ്രേമചന്ദ്രന്, ’21ലെ നിയമസഭ തെരഞ്ഞെടുപ്പായപ്പോൾ അതിനെ മറികടന്ന് ഒരുലക്ഷത്തിന്‍റെ ലീഡ് ഇടതുപക്ഷത്തിനായി. എൻ.ഡി.എ വോട്ടുവിഹിതം ഒരുലക്ഷത്തിൽനിന്ന് ഒന്നേകാൽ ലക്ഷമായി ഉയർന്നു. ബി.ജെ.പി വോട്ടുവർധിച്ചാൽ അത് ഇരുമുന്നണികളെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.