കോട്ടയം: കുടുംബകലഹത്തിൽ യു.ഡി.എഫ് ചായ്വ്
text_fieldsസമുദായ, സ്ത്രീ വോട്ടുകൾ നിർണായകമായ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫിന് നേരിയ മുൻതൂക്കം. മറുകണ്ടം ചാടലും വ്യക്തിഹത്യയും പ്രചാരണ രംഗത്തെ ഇളക്കി മറിച്ചെങ്കിലും മണ്ഡലത്തിന്റെ പൊതുസ്വഭാവം യു.ഡി.എഫിന് അനുകൂലമായതാണ് കാരണം. സിറ്റിങ് എം.പി കേരള കോൺഗ്രസ്-എമ്മിന്റെ തോമസ് ചാഴിക്കാടന്റെ വ്യക്തിപ്രഭാവം ഇക്കുറി രാഷ്ട്രീയ പോരിൽ ഗുണം ചെയ്യാൻ സാധ്യത കുറവാണ്. ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ ചേരിതിരിവുകളും വ്യക്തിഹത്യയും വോട്ടർമാരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫിനുള്ള സ്വാധീനം കേരള കോൺഗ്രസ് ജോസഫിന്റെ ഫ്രാൻസിസ് ജോർജിന് അനുകൂലമാകാനാണ് സാധ്യത. ഈഴവ വോട്ടുകളിൽ നല്ലൊരു ഭാഗം എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് സമാഹരിക്കാനാകുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് എൽ.ഡി.എഫിനെയാകും പ്രധാനമായും ബാധിക്കുക. ഏറ്റുമാനൂർ, വൈക്കം നിയമസഭ മണ്ഡലങ്ങളിലുൾപ്പെടെ സി.പി.എമ്മിന് കഴിഞ്ഞതവണ ലഭിച്ചതാണ് ഈ വോട്ടുകളിലേറെയും. 44 വർഷത്തിന് ശേഷം കേരള കോൺഗ്രസ് പാർട്ടികൾ നേർക്കുനേർ മൽസരിക്കുന്ന മണ്ഡലത്തിൽ യു.ഡി.എഫിനുള്ളിലും പ്രശ്നങ്ങളില്ലാതില്ല. പക്ഷേ, കോൺഗ്രസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ആ വോട്ടുകൾ കൃത്യമായി പോൾ ചെയ്താൽ അനായാസ ജയം യു.ഡി.എഫ് ഉറപ്പിക്കുന്നു.
കോട്ടയത്തുകാർക്ക് ഏറെ പരിചിതമായ രണ്ടില ചിഹ്നത്തിലാണ് എൽ.ഡി.എഫ് പ്രതീക്ഷ അർപ്പിക്കുന്നത്. എന്നാൽ സാധാരണക്കാരന്റെ വാഹനമായ ‘ഓട്ടോറിക്ഷ’ ചിഹ്നമായി ലഭിച്ചതോടെ ആ വെല്ലുവിളി ഒരു പരിധി വരെ അതിജീവിക്കാനായെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ക്രിസ്ത്യൻ, നായർ, ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സ്ത്രീവോട്ടർമാരാകും വിധി നിർണയിക്കുക. പുരുഷൻമാരേക്കാൾ 40,000 ത്തോളം കൂടുതൽ സ്ത്രീവോട്ടർമാരാണ് ഇവിടെയുള്ളത്. ക്രിസ്ത്യാനികൾ കൂടുതലുള്ള മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന് സഭകളുമായുള്ള ബന്ധവും ഗുണമാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിൽ കാര്യമായ മുന്നേറ്റം നടത്തുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
കോട്ടയത്തെ രാഷ്ട്രീയ അതിയരായ ഉമ്മൻ ചാണ്ടിയും കെ.എം മാണിയും ഇല്ലാത്ത ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്. മാണിയുടെ വിയോഗത്തിനുശേഷം, അദ്ദേഹത്തിന്റെ പാർട്ടിയിൽതന്നെ കാര്യമായ മാറ്റങ്ങളുണ്ടായി. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് അവർക്ക് നേട്ടമാവുകയും ചെയ്തു. എന്നാൽ, ഇക്കുറി ആ ആനുകൂല്യം ലഭിക്കുമോ എന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.