പ്രവചനാതീതം, പാലക്കാടൻ കാറ്റ്
text_fieldsവോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാലക്കാട്ടെ ജയപരാജയങ്ങൾ പ്രവചനാതീതം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഭരണവിരുദ്ധ വികാരവും ഒരുപോലെ പ്രതിഫലിച്ചാൽ രണ്ടാം തവണയും വി.കെ. ശ്രീകണ്ഠൻ മണ്ഡലം കൈപ്പിടിയിലൊതുക്കും. എന്നാൽ, ഭരണവിരുദ്ധ വികാരമില്ലെങ്കിൽ പ്രചാരണത്തിലും നിയമസഭ-തദ്ദേശ തെരഞ്ഞെടുപ്പുകളുടെ മേൽക്കൈ കണക്കുകളിലും യു.ഡി.എഫ് സ്ഥാനാർഥിയേക്കാൾ ഏറെ മുന്നിലായ ഇടതുസ്ഥാനാർഥി എ. വിജയരാഘവൻ വിജയം അനായാസമാക്കും. ഈ കണക്കുകൂട്ടലുകളോടൊപ്പം നിൽക്കാനോ മുഖംതിരിക്കാനോ തക്ക മാന്ത്രികത ഒളിപ്പിച്ചാണ് പാലക്കാടൻ ജനത പോളിങ്ബൂത്തുകളിലെത്തുക. 2019ലെ തെരഞ്ഞെടുപ്പിൽ വി.കെ. ശ്രീകണ്ഠൻ 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങൾ എൽ.ഡി.എഫിനും പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി എന്നിവ യു.ഡി.എഫിനും ഭൂരിപക്ഷം നൽകിയിരുന്നു. തുടർന്നുവന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിൽ അഞ്ചിലും ഇടതുപക്ഷത്തിന് ഭൂരിപക്ഷം നൽകി.
താഴേത്തട്ടുവരെ മൂന്നു ഘട്ടങ്ങളിലായി നടത്തിയ പ്രചാരണം തീർച്ചയായും യു.ഡി.എഫ് സ്ഥാനാർഥിയേക്കാൾ ഏറെ മുന്നിലായിരുന്നു. കഴിഞ്ഞ തവണ അടിപതറിയ അടിയൊഴുക്കുകളില്ലാത്തതിനാൽ ചുവപ്പ് ആധിപത്യജില്ലയെന്ന സ്ഥാനം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അതേസമയം, മണ്ണാർക്കാടാണ് ഇടതു-വലതു സ്ഥാനാർഥികൾ ഉറ്റുനോക്കുന്ന മണ്ഡലം. ന്യൂനപക്ഷ സ്വാധീന മണ്ഡലമായ മണ്ണാർക്കാട്ടെ ഭൂരിപക്ഷമാണ് യു.ഡി.എഫിന്‍റെ തുറുപ്പുശീട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മാത്രം 29,625 വോട്ടിന്റെ ഭൂരിപക്ഷമാണ് ശ്രീകണ്ഠന് നൽകിയത്. സി.പി.എം നേതാവ് പി.കെ. ശശി പാർട്ടിയുമായി ഇടഞ്ഞുനിന്നത് മണ്ണാർക്കാട്ടെ യു.ഡി.എഫ് വിജയത്തിൽ നിർണായക ഘടകമായെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇത്തവണ പി.കെ. ശശിയുടെ ചുമതലയിലാണ് മണ്ഡലത്തിലെ പ്രചാരണം. മണ്ണാർക്കാട്ടെ യു.ഡി.എഫ് ഭൂരിപക്ഷം കുറക്കുക സ്വന്തം ശക്തി തെളിയിക്കാൻ ശശിക്കുള്ള അവസരംകൂടിയാണ്.
മണ്ണാർക്കാട് യു.ഡി.എഫിനുണ്ടാകുന്ന ഭൂരിപക്ഷത്തെ ഇടതുകോട്ടകളായ ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട് മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിലൂടെ മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. അതേസമയം, കഴിഞ്ഞ അഞ്ചു വർഷത്തെ വികസനവും ജനകീയതയും ഫലം അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീകണ്ഠൻ. പാർട്ടിയുടെ പിൻബലവും പ്രചാരണവും വേണ്ടത്രയില്ലാതെ ഒറ്റക്കു നിന്ന് പടനയിക്കുന്ന ശ്രീകണ്ഠനെയാണ് പ്രചാരണഘട്ടത്തിൽ കണ്ടത്.
എ.പി സുന്നി വിഭാഗങ്ങളുടെ ഉൾപ്പെടെ പിന്തുണ ശ്രീകണ്ഠന് അനുകൂലമാകുമെന്ന വിലയിരുത്തലുണ്ട്. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി യു.ഡി.എഫിനുള്ള പിന്തുണ പ്രഖ്യാപിച്ചതും യു.ഡി.എഫിന് അനുകൂലമാകും.
സ്ഥാനാർഥി പ്രഖ്യാപനത്തിന് രണ്ടു മാസം മുമ്പേ പ്രചാരണം തുടങ്ങിയ എൻ.ഡി.എ സ്ഥാനാർ ഥി സി. കൃഷ്ണകുമാറിന്റെ വോട്ട് വർധിച്ചേക്കും. തങ്ങളുടെ മുൻനിര മണ്ഡലമാണ് പാലക്കാടെന്ന് ഉറപ്പിച്ചുപറയാൻ നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ യു.ഡി.എഫിനെയും പാലക്കാട്ട് എൽ.ഡി.എഫിനെയും മൂന്നാം സ്ഥാനത്തേക്ക് നീക്കിയിരുത്തിയ ആത്മവിശ്വാസം അവർക്കുണ്ട്. 75,000 പേരാണ് മണ്ഡലത്തിൽ ഇത്തവണ കൂടുതലായി വോട്ടുചെയ്യാനെത്തുന്നത്. ഇവരുടെ നിലപാട് നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.