വയനാട്: രാഹുൽ വാഴും, ഭൂരിപക്ഷം കുറഞ്ഞാലും
text_fieldsവയനാട് മണ്ഡലത്തിൽ ഇത്തവണ രാഹുൽ ഗാന്ധിയുടെ എതിരാളികളായി ദേശീയ-സംസ്ഥാന നേതാക്കളെത്തിയെന്നതാണ് വലിയ പ്രത്യേകത. എൽ.ഡി.എഫിനായി സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആനിരാജയും എൻ.ഡി.എക്കായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും. എന്നാൽ, പോരിടം തുറക്കുന്നതിന് മുമ്പേ പ്രധാന എതിരാളിയായ ഇടതുപക്ഷം തന്നെ പിന്നാമ്പുറത്ത് പറഞ്ഞത് രാഹുലിന്റെ ഭൂരിപക്ഷം കുറക്കുകയാണ് ലക്ഷ്യമെന്നാണ്. 2019ൽ രാഹുലിന്റെ ഭൂരിപക്ഷം 4,31,770 (കിട്ടിയ വോട്ട്: 7,06,367). വോട്ടുവാങ്ങി ജയിച്ച് പോയതല്ലാതെ പിന്നീട് മണ്ഡലത്തിലില്ല, വയനാടിന്റെ എം.പിയായിട്ടും വന്യമൃഗശല്യ പ്രതിരോധ നടപടികൾക്ക് കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയില്ല, കർണാടകയിൽ കോൺഗ്രസ് ഭരണം വന്നിട്ടും ബന്ദിപ്പൂര്-മുത്തങ്ങ വനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധനം ഒഴിവാക്കാൻ ശ്രമിച്ചില്ല എന്നീ ആരോപണങ്ങളാണ് എതിരാളികൾ അവസാനഘട്ടത്തിലും രാഹുലിനെതിരെ ഉന്നയിക്കുന്നത്. എന്നാൽ, പ്രളയമടക്കം എല്ലാ പ്രശ്നങ്ങളുണ്ടായപ്പോഴും രാഹുലിന്റെ പലവിധ സഹായങ്ങൾ മണ്ഡലത്തിലെത്തിയിരുന്നു. വന്യമൃഗ ആക്രമണങ്ങൾ ഉണ്ടായപ്പോൾ പാർട്ടിതലത്തിലും സ്വന്തം നിലക്കും രാഹുൽ സഹായധനം നൽകിയെന്നും ഇരകൾക്ക് വീട് നിർമാണമടക്കം നടത്തിയെന്നും യു.ഡി.എഫ് തിരിച്ചടിക്കുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രാത്രിയാത്ര വിലക്ക് നീക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡന്റ് തന്നെ സ്ഥാനാർഥിയായത് ബി.ജെ.പി അണികളിൽ വൻ ഉണർവുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞതവണ എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസിന്റെ തുഷാർ വെള്ളാപ്പള്ളി നേടിയത് 78,816 വോട്ടാണ്. സ്വന്തം വോട്ടുപോലും ബി.ജെ.പിക്ക് അന്ന് കിട്ടിയില്ല. എന്നാൽ, ഇത്തവണ ‘സ്വന്തം’ ആളായതിനാൽ പാർട്ടി വോട്ടുകൾ താമരക്കുതന്നെ വീഴും. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിക്ക് വോട്ട് നൽകാമെന്ന് കരുതി 2019ൽ സി.പി.എമ്മുകാരുടെ വോട്ടുപോലും രാഹുലിന് കിട്ടിയിരുന്നു. അന്ന് എൽ.ഡി.എഫിനായി മത്സരിച്ചത് പരിചിത മുഖമല്ലാതിരുന്ന പി.പി. സുനീർ ആയിരുന്നു. നേടിയത് 2,74,597 വോട്ട്. ഇത്തവണ എൽ.ഡി.എഫിനായി ദേശീയ നേതാവായ ആനി രാജ തന്നെയെത്തിയത് പോരിടത്തിൽ വീര്യം കൂട്ടിയിട്ടുണ്ട്.
ഇൻഡ്യ സഖ്യത്തിന്റെ ദേശീയ നേതാവ് തന്നെ ഇവിടെ സഖ്യത്തിലെ പ്രധാന പാർട്ടികൾക്കെതിരെ മത്സരിക്കുന്നുവെന്ന ആരോപണം തുടക്കത്തിൽ കോൺഗ്രസിനെ ബാധിച്ചിരുന്നു. രാഹുലിന്റെ റോഡുഷോയിലടക്കം മുസ്ലിം ലീഗിന്റെ കൊടികൾ ഒഴിവാക്കിയത് ഉയർത്തി ലീഗ് അണികളിൽ അനിശ്ചിതത്വം ഉണ്ടാക്കാൻ സി.പി.എം കാര്യമായി ശ്രമിച്ചു. എന്നാൽ, രണ്ട് പ്രചാരണങ്ങളും ക്ലച്ച് പിടിച്ചില്ല. അവസാന നിമിഷത്തിലുള്ള സുരേന്ദ്രന്റെ വരവ് ബി.ജെ.പി ക്യാമ്പിൽ ആവേശമുയർത്തിയിരുന്നുവെങ്കിലും നിലവിൽ ഓളം ശക്തമല്ല.
മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നല്ല സ്വാധീനമുള്ള മണ്ഡലത്തിൽ ഇരുസമുദായങ്ങളും യു.ഡി.എഫിന്റെ കരുത്താണ്. ക്രൈസ്തവ വോട്ടുകൾ നേടാനുള്ള തന്ത്രങ്ങളുമായി ബി.ജെ.പി കൂടിയുണ്ടെങ്കിലും ഫലസാധ്യത കുറവ്. അപ്പോൾ പിന്നെ രാഹുലിന്റെ ഭൂരിപക്ഷം കുറക്കുകയെന്നതാണ് എതിരാളികളുടെ പരമപ്രധാനലക്ഷ്യം. എങ്ങനെ നോക്കിയാലും വയനാട്ടിൽ രാഹുൽ രാജാവാകും, ആനി രാജ രണ്ടാമതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.