കമീഷൻ കളത്തിനു പുറത്ത്; പ്രചാരണം ‘പരിധിക്ക്’ പുറത്ത്
text_fieldsകോഴിക്കോട്: മുൻകാലങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്കുമുമ്പേ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികൾ കളത്തിലിറങ്ങിയതോടെ ആദ്യഘട്ട പ്രചാരണം ‘പരിധികൾക്ക്’ പുറത്ത്. സ്ഥാനാർഥികളെ പരിചയപ്പെടുത്തിയും വോട്ട് അഭ്യർഥിച്ചുമുള്ള ആദ്യഘട്ട പോസ്റ്ററുകളും ബോർഡുകളുമാണ് പൊതു സ്ഥലങ്ങളിലെങ്ങും പ്രത്യക്ഷപ്പെട്ടത്.
പൊതു റോഡുകൾ, വൈദ്യുതി തൂണുകൾ, പാലങ്ങളുടെ കൈവരി, സർക്കാർ ഓഫിസുകളുടെ ചുറ്റുമതിൽ എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥികളുടെ ബഹുവർണ ചിത്രങ്ങൾ നിറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടില്ലാത്തിനാൽ പൊതുസ്ഥലങ്ങളിലെ പ്രചാരണം നിലവിൽ കുറ്റമല്ലെന്നതാണ് പാർട്ടികൾ അവസരമാക്കുന്നത്. നിലവിൽ ഓരോ ലോക്സഭ മണ്ഡലത്തിലും ആയിരക്കണക്കിന് പോസ്റ്ററുകളും ബോർഡുമാണ് പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ചത്.
പൊതുസ്ഥലങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാനാവില്ലെന്നും പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ ഉദ്യോഗസ്ഥരുടെ സ്ക്വാഡുകൾ രംഗത്തിറങ്ങി ഇവിടങ്ങളിലെ പ്രചാരണ സാമഗ്രികൾ നീക്കംചെയ്യുമെന്നും കോഴിക്കോട്ടെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ശീതൾ കെ. മോഹൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മൂന്നോ നാലോ ദിവസങ്ങൾക്കുമുമ്പോ ശേഷമോ ആയിരുന്നു പ്രധാന മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് കമീഷൻ കളത്തിലിറങ്ങിയില്ലെങ്കിലും വോട്ടർപട്ടിക പ്രസിദ്ധീകരിച്ചും പുതിയ പേരുകൾ കൂട്ടിച്ചേർത്തും ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകിയുമെല്ലാം അണിയറ ഒരുക്കം സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.