പൊന്നാനിയിൽ സമദാനി തന്നെ; ലീഗിന്‍റെ കോട്ടയിൽ വിള്ളലില്ല
text_fieldsപൊന്നാനി: വോട്ട് ചോർച്ചയുണ്ടാകുമെന്ന എല്ലാ പ്രചാരണങ്ങളെയും തള്ളി പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയുടെ തകർപ്പൻ ജയം. വോട്ട് ചോർച്ചയുണ്ടാക്കി ലീഗിന്‍റെ കോട്ടയിൽ വിള്ളലുണ്ടാക്കാൻ എൽ.ഡി.എഫിന് സാധിച്ചില്ല. 2,20,466 വോട്ടിന്‍റെ (വൈകുന്നേരം മൂന്ന് മണി വരെയുള്ള കണക്ക്) ഭൂരിപക്ഷമാണ് സമദാനി നേടിയിരിക്കുന്നത്. 2019ൽ ഇ.ടി. മുഹമ്മദ് ബഷീർ നേടിയ 1,93,273 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സമദാനി മറികടന്നത്.
ഇ.ടി. മുഹമ്മദ് ബഷീർ നേടിയ ഭൂരിപക്ഷം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസം ലീഗ് ക്യാമ്പിൽ തന്നെ ഉണ്ടായിരുന്നില്ല. കാരണം, മുസ്ലിം ലീഗ്-സമസ്ത അസ്വാരസ്യം എത്രകണ്ട് വോട്ട് ആയി മറിയും എന്നായിരുന്നു പ്രചാരണത്തിലുടനീളം ചർച്ച. സമസ്തയിലെ ലീഗ് വിരുദ്ധർ വോട്ട് മറിച്ചാൽ പരമ്പരാഗത വോട്ടുകളിൽ അഞ്ചു മുതൽ പത്തു ശതമാനം വരെ നഷ്ടപ്പെടാനുള്ള സാധ്യത ലീഗ് നേതൃത്വം മുന്നിൽ കണ്ടിരുന്നു. ഇത്തവണ മണ്ഡലത്തിൽ ലീഗിന് വോട്ട് കുറയുമെന്നായിരുന്നു സർവേകളും പ്രവചിച്ചിരുന്നത്.
തുടർന്ന്, സമൂഹമാധ്യമങ്ങളിലൂടെ തലവേദനയുണ്ടാക്കാൻ ശ്രമിക്കുന്ന സമസ്തയിലെ ലീഗ് വിരുദ്ധരുടെ നീക്കത്തിന് തടയിടാൻ പാണക്കാട് തങ്ങൾ കുടുംബം തന്നെ മണ്ഡലത്തിൽ കേന്ദ്രീകരിച്ചു. ലീഗിലും സമസ്തയിലുമുള്ള അസംതൃപ്തരുടെ വോട്ടുകൾ ലക്ഷ്യമിട്ട് മുൻ ലീഗ് നേതാവ് കെ.എസ്. ഹംസ നിരന്തരം നടത്തിയ പ്രസ്താവനകളും ഫലം കണ്ടില്ല. ലീഗ് പ്രതീക്ഷിച്ചതു പോലെ, സമദാനിയുടെ വ്യക്തിപ്രഭാവത്തിൽ ഇതര സമുദായ വോട്ടുകൾകൂടി സമാഹരിക്കാൻ യു.ഡി.എഫിന് സാധിച്ചു എന്നുവേണം കരുതാൻ.
2019ൽ ഇ.ടിക്ക് 5,21,824 വോട്ടും പി.വി. അൻവറിന് 3,28,551 വോട്ടുമാണ് ലഭിച്ചിരുന്നത്. 2009, 2014 തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽനിന്നും ഇ.ടിയാണ് ജയിച്ചുകയറിയിരുന്നത്. ഇതോടെ, പൊന്നാനി പിടിക്കാൻ ഇത്തവണയും സി.പി.എം നടത്തിയ പരീക്ഷണങ്ങൾ ഫലം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.