പുതുക്കാട്ട് ഇത്തവണ ആര് വാഴും, ആര് വീഴും
text_fieldsആമ്പല്ലൂര്‍: പുതുക്കാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കുന്നത് ഭൂരിപക്ഷം വരുന്ന കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായ വോട്ടര്‍മാരാണ്. ഇടതിനെയും വലതിനെയും മാറി പരീക്ഷിച്ച പുതുക്കാട് ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതം.
കേരള രാഷ്ടീയത്തില്‍ ചരിത്ര പ്രാധാന്യമുള്ള കൊടകരക്ക് പുതുക്കാട് എന്നപേരും ഒരല്പം രൂപമാറ്റവും സംഭവിച്ചത് 2011ലെ തെരഞ്ഞെടുപ്പിന് മുമ്പാണ്. ജൈവകൃഷിയുടെ ഈറ്റില്ലമായി മാറിയ മണ്ഡലം പല പ്രമുഖരെയും വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനും മന്ത്രിമാരായ കെ.പി. വിശ്വനാഥനും ലോനപ്പന് നമ്പാടനും ഉള്‍പ്പെടെ പ്രമുഖരുടെ വിജയം കൊണ്ട് ശ്രദ്ധേയമായ കൊടകരയാണ് മണ്ഡലം പുനര്‍നിര്‍ണയത്തിലൂടെ പുതുക്കാടായത്.1957, ‘60 കാലത്ത് ചാലക്കുടി ദ്വായാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്നു.
1965ല്‍ കോണ്‍ഗ്രസിലെ സി.ജി. ജനാര്‍ദനനെ തോല്‍പ്പിച്ച പി.എസ്. നമ്പൂതിരിക്ക് നിയമസഭ ചേരാത്തതിനാല്‍ സത്യപ്രതിജ്ഞ ചെയ്ത എം.എല്‍.എ ആകാനാവാതെ പോയ ചരിത്രകൗതുകം മണ്ഡലത്തിനുണ്ട്. 1967ലും പി.എസ്. നമ്പൂതിരിക്കായിരുന്നു ജയം. അന്ന് തോറ്റത് കോണ്‍ഗ്രസിലെ പി.ആര്. കൃഷ്ണന്.
70ല്‍ സി. അച്യുതമേനോനുവേണ്ടി പി.എസ്. സ്ഥാനമൊഴിഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എന്‍.വി. ശ്രീധരനെ പരാജയപ്പെടുത്തി അച്യുതമേനോന് സഭയിലെത്തി. 77ല്‍ ഭാരതീയ ലോക്ദളിന്റെ ടി.പി. സീതാരാമനെ തോല്‍പ്പിച്ച് കേരള കോണ്‍ഗ്രസിലെ ലോനപ്പന് നമ്പാടനെ സഭയിലേക്കയച്ചു. 80ലും നമ്പാടന് തന്നെ.
82ല്‍ മാണി ഗ്രൂപ്പിന് അടിതെറ്റി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മത്സരിച്ച ഐ.എന്‍.സി.എസ് സ്ഥാനാര്‍ഥി സി.ജെ. ജനാര്ദനന് പ്രതിനിധിയായി. പിന്നീട് കൊടകര, കോണ്‍ഗ്രസ് നേതാവ് കെ.പി. വിശ്വനാഥന് കുത്തകയാക്കുന്നതാണ് കണ്ടത്. 1987 മുതല്‍ തുടര്‍ച്ചയായി നാല് വിജയം. 87ല്‍ എം.എ. കാര്‍ത്തികേയനെ പരാജയപ്പെടുത്തി. ‘91ലും ‘96ലും പി.ആര്. രാജന് പരാജയപ്പെട്ടു. 2001ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ലോനപ്പന് നമ്പാടനുമേല് കെ.പി. വിജയം നേടി.
2006ല്‍ സി. രവീന്ദ്രനാഥിലൂടെയാണ് ഇടതുമുന്നണി മണ്ഡലം പിടിച്ചെടുത്തത്. 2011ലും 16ലും രവീന്ദ്രനാഥ് വിജയം ആവര്‍ത്തിച്ചു. ഹാട്രിക് വിജയമെന്ന റെക്കോഡിനൊപ്പം കൂറ്റന്‍ ഭൂരിപക്ഷമെന്ന നേട്ടവും ഇടതുപക്ഷം സ്വന്തമാക്കി. തുടർന്ന് രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായി. 2021ല്‍ കെ.കെ. രാമചന്ദ്രനിലൂടെ എല്‍.ഡി.എഫ് വീണ്ടും സ്ഥാനം ഉറപ്പിച്ചു.
വരന്തരപ്പിള്ളി, മറ്റത്തൂര്‍, കൊടകര, പുതുക്കാട്, അളഗപ്പനഗര്‍, നെന്മണിക്കര, തൃക്കൂര് എന്നീ ഏഴ് പഞ്ചായത്തുകള്‍ ചേര്‍ന്നതായിരുന്നു കൊടകര മണ്ഡലം. പുനര്‍നിര്‍ണയത്തില്‍ കൊടകര പഞ്ചായത്ത് ചാലക്കുടി മണ്ഡലത്തിന്റെ ഭാഗമായി. പകരം പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ അഞ്ചിലും ഇടതിനാണ് ഭരണം.
ഇക്കുറി പൊരിഞ്ഞ പോര്...
ടി.എന്‍. പ്രതാപന് സ്ഥാനാര്‍ഥിയാകുന്നതിനെ ചൊല്ലി മണ്ഡലത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന അസ്വാരസ്യം കെ. മുരളീധരന്റെ വരവോടെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്. മാത്രമല്ല, പ്രതാപന് നടത്തിയ ‘സ്നേഹ സന്ദേശ യാത്ര’ വോട്ടെടുപ്പില്‍ കെ. മുരളീധരന് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
മുന്‍മന്ത്രിയെന്ന നിലയിലും അല്ലാതെയും വി.എസ്. സുനില്‍കുമാര്‍ മണ്ഡലത്തിന് ചിരപരിചിതനാണ്. ഒരുകാലത്ത് നാമമാത്രമായി മാത്രം വോട്ട് നേടാറുള്ള ബി.ജെ.പി കഴിഞ്ഞതവണ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ടി.എന്‍. പ്രതാപന് പുതുക്കാട് മണ്ഡലം നല്‍കിയത് 56848 വോട്ട്. എല്‍.ഡി.എഫിലെ രാജാജി മാത്യു തോമസിന് 51006 വോട്ടും എ.ന്.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് 46410 വോട്ടും ലഭിച്ചു. ജനങ്ങളുടെ പ്രധാന ജീവനോപാധി കൃഷിതന്നെ.
അത് കഴിഞ്ഞാല്‍ കളിമണ്‍ വ്യവസായവും തോട്ടം മേഖലയും. വികസന പ്രവര്‍ത്തനങ്ങളും കേന്ദ, സംസ്ഥാന സര്‍ക്കാര്‍ ഭരണവും തന്നെയാണ് മൂന്ന് മുന്നണിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നത്. പ്രചാരണ രംഗത്ത് സജീവമായിരിക്കെ ന്യൂജെന്‍ വോട്ടര്‍മാരിലും സ്ത്രീ വോട്ടര്‍മാരിലുമാണ് മുന്നണികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.