രണ്ടക്കം കാണാത്ത പെൺപെരുമ
text_fieldsകോഴിക്കോട്: കേരളത്തിൽനിന്ന് ഇതിനകം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഒമ്പതു വനിതകൾ മാത്രം. 17 പൊതു തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലുമായി ആകെ മുന്നൂറോളം പേർ ലോക്സഭയിലെത്തിയപ്ലാപ്പോൾ കേരളത്തിന്റെ വിഹിതം രണ്ടക്കം കടന്നില്ല.
കേരളത്തിൽനിന്നുള്ള ആദ്യ വനിത എം.പിയെന്ന് വിശേഷിപ്പിക്കുന്ന ആനി മസ്ക്രീൻ കേരളപ്പിറവിക്ക് മുമ്പുള്ള 1951 -52ലെ തെരഞ്ഞെടുപ്പിൽ തിരുവിതാംകൂറിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സുശീല ഗോപാലൻ, ഭാർഗവി തങ്കപ്പൻ, സാവിത്രി ലക്ഷ്മണൻ, എ.കെ. പ്രേമജം, അഡ്വ. പി. സതീദേവി, പി.കെ. ശ്രീമതി, രമ്യ ഹരിദാസ് എന്നിവരാണ് ഐക്യ കേരളം രൂപംകൊണ്ടശേഷം സഭയിലെത്തിയ വനിതകൾ. പത്തുലക്ഷത്തോളം വനിത വോട്ടർമാർ അധികമുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പിലും വനിതാ സ്ഥാനാർഥി പ്രാതിനിധ്യം നന്നേകുറവ്. എൽ.ഡി.എഫ് മൂന്നും യു.ഡി.എഫ് ഒരരാളെയുമാണ് സ്ഥാനാർഥിയാക്കിയത്.
ആനി മസ്ക്രീൻ
1951-52ൽ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ആദ്യ ലോക്സഭയിലേക്കാണ് ആനി മസ്ക്രീൻ തെരഞ്ഞെടുക്കപ്പെട്ടത്. ആ സഭയിലാകെ പത്ത് വനിതകളാണുണ്ടായിരുന്നത്.
സുശീല ഗോപാലൻ
പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന സുശീല ഗോപാലൻ 1967ൽ അമ്പലപ്പുഴ, 1980ൽ ആലപ്പുഴ, 1991ൽ ചിറയിൻകീഴ് എന്നിവിടങ്ങളിൽനിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അമ്പലപ്പുഴയിൽനിന്ന് ജയിച്ച് നിയമസഭയിലെത്തിയ ഇവർ 1996ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയാവുകയും ചെയ്തു. ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്റെ ഭാര്യയുമാണ്.
ഭാർഗവി തങ്കപ്പൻ
കേരളത്തിൽനിന്നുള്ള ആദ്യ ദലിത് വനിതാ എം.പിയായ ഭാർഗവി തങ്കപ്പൻ 1971ല്‍ അടൂരിൽനിന്ന് കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണിയിൽ സി.പി.ഐ ടിക്കറ്റിലാണ് ജയിച്ചത്. ലോക്സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന (29 വയസ്സ്) റെക്കോഡും ഇവർക്കുണ്ടായിരുന്നു. പലതവണ കിളിമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഭാര്‍ഗവി എട്ടാം കേരള നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചു.
സാവിത്രി ലക്ഷ്മണൻ
കോൺഗ്രസ് നേതാവായിരുന്ന സാവിത്രി ലക്ഷ്മണൻ 1989, 1991 തെരഞ്ഞെടുപ്പിൽ മുകുന്ദപുരം മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001ലും ചാലക്കുടി മണ്ഡലത്തിൽനിന്ന് നിയമസഭയിലുമെത്തി. പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിയ അവർ സാഹിത്യ മേഖലയിലും പ്രവർത്തിച്ചു.
എ.കെ. പ്രേമജം
സി.പി.എം സ്ഥാനാർഥിയായി 1998 ലെയും 99 ലെയും ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര ലോക്സഭ മണ്ഡലത്തിൽനിന്നാണ് എ.കെ. പ്രേമജം ജയിച്ചത്. 1995ലും 2010ലും കോഴിക്കോട് കോർപറേഷൻ മേയറായും കോളജ് അധ്യാപികയായിരുന്ന പ്രേമജം പ്രവർത്തിച്ചു.
പി. സതീദേവി
വടകര ലോക്സഭ മണ്ഡലത്തിൽനിന്ന് 2004ലെ തെരഞ്ഞെടുപ്പിൽ സി.പി.എം ടിക്കറ്റിൽ ഒരുലക്ഷത്തിലേറെ ഭൂരിപക്ഷത്തിന്റെ റെക്കോഡിലാണ് പി. സതീദേവി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ കേരള വനിത കമീഷൻ അധ്യക്ഷയാണ്.
സി.എസ്. സുജാത
മാവേലിക്കര മണ്ഡലത്തിൽനിന്ന് 2004ൽ സി.പി.എം സ്ഥാനാർഥിയായാണ് സി.എസ്. സുജാത ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ചു. 2011ൽ ചെങ്ങന്നൂരിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചു.
പി.കെ. ശ്രീമതി
കണ്ണൂർ മണ്ഡലത്തിൽനിന്ന് 2014ൽ സി.പി.എം ടിക്കറ്റിലാണ് പി.കെ. ശ്രീമതി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2006 ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു.
രമ്യ ഹരിദാസ്
ആലത്തൂർ മണ്ഡലത്തിൽനിന്നാണ് രമ്യ ഹിരദാസ് 2019ൽ ലോക്സഭയിലേക്ക് യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും ആലത്തൂരിൽ രമ്യ മത്സരിക്കുന്നു. നേരത്തേ കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.