ഇനി 30 നാൾ; രണ്ടും കൽപിച്ച് മുന്നണികൾ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് വ്യാഴാഴ്ച വിജ്ഞാപനം ഇറങ്ങുന്നതോടെ തിളച്ചു തുടങ്ങിയ പ്രചാരണച്ചൂടും പോരാട്ടവീര്യവും പുതിയ ഭാവത്തിലേക്ക് വഴിമാറും. എണ്ണിച്ചുട്ട 30 ദിവസമാണ് മുന്നണികൾക്ക് മുന്നിൽ ശേഷിക്കുന്നത്. പ്രചാരണത്തിന് അൽപം അധികം സമയം ലഭിച്ചതിന്റെ സാവകാശത്തിലായിരുന്നു സ്ഥാനാർഥികളും മുന്നണികളുമെങ്കിൽ ഇനി വോട്ടോട്ടത്തിന് വേഗമേറും. താരപ്രചാരക സാന്നിധ്യവും കൺവെൻഷനുകളും റോഡ് ഷോകളുമായി പ്രചാരണത്തിന് തീപിടിക്കുന്ന നാളുകൾ.
മുഖ്യഎതിരാളി ആരെന്നതിൽ ആദ്യം അൽപമൊന്ന് തട്ടിത്തടഞ്ഞെങ്കിലും കാര്യങ്ങളിൽ വ്യക്തത വരുത്തിയാണ് ഇടതുമുന്നണി നീക്കങ്ങൾ. മുഖ്യശത്രു ബി.ജെ.പിയാണെന്ന് ഇടതു കൺവീനർ തന്നെ പ്രഖ്യാപിച്ചത് അൽപം ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തള്ളി.
കേരളത്തിൽ എതിരാളി കോൺഗ്രസ് ആണെന്ന് സി.പി.എം ആവർത്തിക്കുമ്പോഴും ബി.ജെ.പി ബന്ധം എണ്ണിപ്പറഞ്ഞ് നേരിടാനാണ് തീരുമാനം. രാമക്ഷേത്രം മുതൽ സി.എ.എയും കെജ്രിവാളിന്റെ അറസ്റ്റിലും വരെ കോൺഗ്രസിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സി.പി.എം കടന്നാക്രമണം.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് താരപ്രചാരകൻ. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് സി.എ.എ കാര്യമായി ചർച്ചയാക്കാനാണ് ഇടതുമുന്നണി ശ്രമം. ഭരണവിരുദ്ധ വികാരം മറികടക്കാൻ പൗരത്വനിയമത്തെ ഇടതുപക്ഷം മറയാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് സി.എ.എക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും സജീവ ചർച്ചയാക്കാനാണ് യു.ഡി.എഫ് തീരുമാനം. സിദ്ധാർഥന്റെ മരണമടക്കം വിഷയങ്ങൾ ജനസമക്ഷമെത്തിക്കും.
സി.പി.എമ്മിന്റെ ബി.ജെ.പി ചാപ്പയെ ലാവലിൻ മുതൽ കള്ളപ്പണവും കരുവന്നൂരും വരെ നിരത്തി തിരിച്ചടിക്കും. പത്മജ വേണുഗോപാലിന്റെ കളം മാറ്റത്തിന് പിന്നാലെ കെ. മുരളീധരൻ തൃശൂരിലേക്കെത്തിയതും സ്ഥാനാർഥിപ്പട്ടികയിലെ സർപ്രൈസ് മാറ്റങ്ങളുമെല്ലാം കോൺഗ്രസിന് സംഘടന തലത്തിൽ ആവേശം പകർന്നിട്ടുണ്ട്. രാഹുൽ ഗാന്ധി കൂടി എത്തുന്നതോടെ ചിത്രം വീണ്ടും മാറും.
ബി.ജെ.പിക്കെതിരെ ബദൽ കോൺഗ്രസ് മാത്രമാണെന്നതിൽ ഊന്നിയാണ് നീക്കങ്ങൾ. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമടക്കം വലിയ താരപ്രചാരക നിരയാണ് കോൺഗ്രസിസിനുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എല്ലാ മണ്ഡലങ്ങളിലും എത്തും. തൃശൂരും തിരുവനന്തപുരവുമടക്കം എ ക്ലാസ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ബി.ജെ.പി പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.