ഇരുമുന്നണിയും കരുത്ത് തെളിയിച്ച മണ്ഡലം
text_fieldsഅങ്കമാലി: ചാലക്കുടി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ അങ്കമാലി പൊതുവെ യു.ഡി.എഫ് നിയമസഭ മണ്ഡലമായാണ് വിലയിരുത്തുന്നതെങ്കിലും ഇരുമുന്നണികളും കരുത്ത് തെളിയിച്ചതാണ് ചരിത്രം. എ.പി. കുര്യനെ എം.വി. മാണിയും മാണിയെ പി.ജെ. ജോയിയും ജോയിയെ ജോസ് തെറ്റയിലും തെറ്റയിലിനെ റോജി ജോണും തോൽപിച്ച ചരിത്രമുള്ള അങ്കമാലിക്ക് കുത്തക അവകാശപ്പെടാനാവില്ല.
അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ പഞ്ചായത്തുകളും മണ്ഡലത്തിൽ ഉൾപ്പെടുന്നു. അയ്യമ്പുഴയും മഞ്ഞപ്രയും എൽ.ഡി.എഫും ബാക്കി ഏഴ് തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് യു.ഡി.എഫുമാണ്.
2016ൽ കന്നിയങ്കം കുറിച്ച കോൺഗ്രസിലെ യുവനേതാവ് റോജി എം. ജോൺ 66,666 വോട്ട് നേടിയാണ് വിജയിച്ചത്. ജനതാദൾ-എസ് നേതാവ് ബെന്നി മൂഞ്ഞേലിയെയാണ് പരാജയപ്പെടുത്തിയത്. 9,186 വോട്ടായിരുന്നു ഭൂരിപക്ഷം. ബെന്നി മൂഞ്ഞേലിക്ക് 57,480 വോട്ട് ലഭിച്ചു.
2021ൽ റോജി നേരിട്ടത് ജനതാദൾ-എസിലെ ജോസ് തെറ്റയിലിനെയാണ്. റോജിക്ക് 71,562 വോട്ട് ലഭിച്ചപ്പോൾ തെറ്റയിലിന് ലഭിച്ചത് 55,633 വോട്ട് മാത്രം.
1967 മുതൽ 1982 വരെ നാലുതവണ തുടർച്ചയായി മുൻ നിയമസഭ സ്പീക്കറും സി.പി.എം നേതാവുമായ എ.പി. കുര്യനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1982ലും 1987ലും യു.ഡി.എഫിന്റെ എം.വി. മാണി വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് എൽ.ഡി.എഫിൽ ചേർന്നതോടെ 1991ൽ ഇടതുസ്ഥാനാർഥിയായാണ് എം.വി. മാണി മത്സരിച്ചത്. ഈ സമയം കന്നിയങ്കം കുറിക്കാനെത്തിയ കോൺഗ്രസിലെ പി.ജെ. ജോയി തുടർച്ചയായി മൂന്നുതവണ വിജയിച്ചു.
ഒടുവിൽ ഒന്നര പതിറ്റാണ്ട് കാലത്തെ ജോയിയുടെ തേരോട്ടം അവസാനിപ്പിച്ചത് 2006ൽ ജോസ് തെറ്റയിലാണ്. 2011ലും തെറ്റയിൽ വിജയിച്ചു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.സി. ചാക്കോ ഇടതുസ്ഥാനാർഥി ഇന്നസെന്റിന് മുന്നിൽ അടിപതറിയപ്പോഴും അങ്കമാലിയിൽ യു.ഡി.എഫ് വ്യക്തമായ ലീഡ് നേടിയിരുന്നു. എന്നാൽ, 2019ൽ ഇന്നസെന്റ് ബെന്നി ബഹനാനോട് പരാജയപ്പെട്ടു. ഇത്തവണയും ബെന്നി ബഹനാൻ മണ്ഡലം നിലനിർത്തുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, ചാലക്കുടി ഇരുവശത്തേക്കും ചാഞ്ഞ ചരിത്രമുള്ളതിനാൽ പ്രഫ. സി. രവീന്ദ്രനാഥിന്റെ വരവോടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
കെ.എ. ഉണ്ണികൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി. ട്വന്റി20 സ്ഥാനാർഥിയായി ചാർളി പോൾ മത്സരിക്കുന്നത് യു.ഡി.എഫിനാകും കൂടുതൽ ഭീഷണിയാവുക. ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന അങ്കമാലിയിലെ ഗതാഗതക്കുരുക്ക് തന്നെയാണ് മണ്ഡലത്തിലെ പ്രധാന പ്രശ്നം. ബാംബൂ കോർപറേഷൻ, ടെൽക്ക് എന്നിവയുടെ പ്രതിസന്ധി, വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങളും ചർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.