ചെങ്കടലായി ജനം; ചെമ്പൊട്ടായി വൃന്ദ
text_fieldsകണ്ണൂർ: സമരമുഖങ്ങളിലെ പോരാട്ടവീര്യം നെറ്റിയിലെ ചെമ്പൊട്ടുപോലെ തിളങ്ങിനിന്നു. ഫാഷിസത്തിനെതിരായ ചെറുത്തുനിൽപുകളിൽ ചങ്ങല തീർത്ത കരുത്തുറ്റ കൈകളാൽ മുഷ്ടി ചുരുട്ടി സദസ്സിനെ അഭിവാദ്യം ചെയ്ത് വൃന്ദ കാരാട്ട് ജനങ്ങൾക്കിടയിലൂടെ നടന്നുനീങ്ങി.
ഡൽഹി ജഹാംഗീർപുരിയിൽ ഹിന്ദുത്വ ഭരണകൂടത്തിന്റെ ബുൾഡോസർ രാജിനിടയിലേക്ക് സുപ്രീംകോടതിയുടെ സ്റ്റേ ഓർഡറും ഉയർത്തിപ്പിടിച്ച് നടന്നുനീങ്ങിയ അതേ വിപ്ലവ തീക്ഷ്ണത മുഖത്തും വാക്കുകളിലും. കണ്ണൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി എം.വി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായി എൽ.ഡി.എഫ് ചിറക്കൽ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യാൻ രാവിലെ പത്തരയോടെ പുതിയതെരു ഹൈവേ ജങ്ഷനിൽ എത്തിയ അവരെ നൂറുകണക്കിന് അണികളാണ് വരവേറ്റത്.
വനിതകളുടെ ചെണ്ടമേളത്തോടെ വേദിയിലേക്ക് സ്വീകരിച്ചു. തീക്കാറ്റായി ആഞ്ഞടിക്കുന്ന പ്രസംഗത്തിന് പകരം കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെയും വർഗീയതക്കെതിരെയും പരിഹാസവർഷം. മോദി സർക്കാർ കള്ളന്മാരെയും തട്ടിപ്പുകാരെയും വെളുപ്പിക്കുന്ന വാഷിങ് മെഷീനാണെന്ന് പറഞ്ഞതോടെ നിറഞ്ഞ കരഘോഷം.
ഇ.ഡി, സി.ബി.ഐ എന്നീ വാഷിങ് പൗഡറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഷിങ് മെഷീനിൻ കയറി പുറത്തിറങ്ങുന്നവർ പരിശുദ്ധരാകും. മെഷീനിൽ കയറാനുള്ളവരുടെ നീണ്ട ക്യൂവിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസാണ്. എനിക്ക് തോന്നിയാൽ ഞാൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ കണ്ണൂരിന്റെ എം.പി മോദിയുടെ വാഷിങ്മെഷീനിന്റെ ക്യൂവിൽ നിൽക്കുന്നയാളാണെന്നും അവർ പരിഹസിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലം ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധിയിലൂടെ കടന്നുപോയ ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഇടതുപക്ഷം പാർലമെന്റിലുണ്ടാകേണ്ടതിന്റെ പ്രസക്തിയും എണ്ണിപ്പറഞ്ഞ വാക്കുകൾ അങ്ങനെ നീണ്ടു. മന്ത്രി എ.കെ. ശശീന്ദ്രൻ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി തുടങ്ങിയവർ സംബന്ധിച്ചു.
ഒരു മണിക്കൂർ വൈകി വൈകീട്ട് നാലോടെ ഇരിക്കൂറിൽ രണ്ടാമത്തെ പരിപാടി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയിൽ ഒരു മണിക്കൂർ പ്രസംഗം. വൈകീട്ട് ആറിന് ഇരിട്ടി പാലത്തിന് സമീപത്തെ വേദിയിൽ സെലിബ്രേഷൻ ഓഫ് ഡെമോക്രസി വിത്ത് എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്ത ശേഷവും ഉറച്ച ശബ്ദത്തിൽ ഉള്ളതുപറഞ്ഞ് വൃന്ദ കാരാട്ട് സദസ്സിനെ കൈയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.