തമിഴ്നാടിന്റെ മകൻ, കേരളത്തിന്റെ മരുമകൻ...
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ നീരസമുണ്ട് ഡി. രാജക്ക്. എന്തുകൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തിയതെന്ന് ചോദിച്ചാൽ പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങൾക്കൊന്നും മുതിരാതെ ‘അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണ’മെന്ന നേർക്കുനേർ മറുപടി. ഇതിലാകട്ടെ എല്ലാമുണ്ട്. ചോദ്യം ആവർത്തിച്ചാൽ ചിലപ്പോൾ സ്വരം കടുക്കും. ചൊവ്വാഴ്ചയിലെ മീറ്റ് ദ പ്രസിലും അതാണ് കണ്ടത്.
തെരഞ്ഞെടുപ്പിൽ സി.പി.ഐ ലക്ഷ്യമിടുന്നത് എന്തെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്, ‘ബി.ജെ.പി രാജിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കണം, ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണം’. അക്കാര്യത്തിൽ വയനാട്ടിലെ മത്സരമൊന്നും വിഷയമേ അല്ല. ഇടത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഒരാഴ്ചയാണ് ഡി. രാജയുടെ കേരള പര്യടനം. തുടക്കം സി.പി.ഐ സ്ഥാനാർഥി മത്സരിക്കുന്ന തിരുവനനന്തപുരത്ത് നിന്ന്. ഒടുവിലത്തേതും സി.പി.ഐ പ്രതിനിധി ജനവിധി തേടുന്ന വയനാട്ടിൽ.
ഞായറാഴ്ച രാത്രിയാണ് ഡി. രാജ വിമാന മാർഗം തലസ്ഥാനത്തെത്തിയത്. തിങ്കളാഴ്ച വൈകീട്ട് പേരൂർക്കടയിലായിരുന്നു ആദ്യ പൊതുയോഗം. വൈകീട്ട് അഞ്ചോടെ തന്നെ ജങ്ഷൻ നിറഞ്ഞു കവിഞ്ഞിരുന്നു. ആറോടെയാണ് ഡി. രാജ എത്തിയത്. ബാന്റ്മേളത്തിന്റെയും നാസിക് ഡോളിന്റെയും അകമ്പടിയിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു ദേശീയ സെക്രട്ടറിക്കുള്ള വരവേൽപ്.
സ്വീകരണമെല്ലാം കഴിഞ്ഞ് പ്രസംഗപീഠത്തിലേക്ക്. ‘താൻ തമിഴ്നാടിന്റെ മകനാണ്. പക്ഷേ, കേരളത്തിന്റെ മരുമകനും...’ കേരളവുമായുള്ള ബന്ധം അടിവരയിട്ടായിരുന്നു തുടക്കം. സംസാരിക്കേണ്ടത് തമിഴിലോ മലയാളത്തിലോ ഇംഗ്ലീഷിലോ? ചോദ്യം സദസ്സിനോട്.
തമിഴിൽ മതിയെന്ന് മറുപടി. ഇതോടെ സംസാര ശൈലിയിൽ ഗിയർമാറ്റം. കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചായിരുന്നു പ്രസംഗം. പഞ്ച് പോയന്റുകൾക്ക് ഓരോന്നിനും സദസ്സിന്റെ നിറഞ്ഞ കൈയടി. ഇതോടെ രാജയും ആവേശത്തിൽ. 40 മിനിറ്റോളം പ്രസംഗം നീണ്ടു.
ചൊവ്വാഴ്ചയിലെ മീറ്റ് ദ പ്രസിനെത്തിയത് വാക്കുകൾക്ക് കൂടുതൽ മൂർച്ച കൂട്ടിയാണ്. മാധ്യമങ്ങളുമായി മുഖമുഖമായിരുന്നെങ്കിലും ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ചൂട് കൂടിയതോടെ മാധ്യമ സംവാദമായി. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് രാജ്യത്തിന് നൽകുന്നതെന്നായിരുന്നു രാജയുടെ ചോദ്യം. ‘കോൺഗ്രസിന്റെ ഹ്രസ്വദൃഷ്ടിയാണ് ഇത്തരമൊരു മത്സരത്തിന് വഴിയൊരുക്കിയത്.
രാഹുൽ ഗാന്ധി രണ്ട് യാത്രകൾ നടത്തി. രണ്ടും ബി.ജെ.പിക്കെതിരെ. പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എന്ത് കൊണ്ട് ബി.ജെ.പിക്കെതിരെ മത്സരിക്കുന്നില്ല. വയനാട്ടിൽ ഏതെങ്കിലും കോൺഗ്രസിന്റെ ലോക്കൽ നേതാവായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. ഇത് അങ്ങനെയാണോ. കോൺഗ്രസിന്റെ മുഖ്യമുഖമല്ലേ...’ ന്യായവാദങ്ങളുടെയും ചോദ്യങ്ങളുടെയും കുത്തൊഴുക്ക് തുടർന്നു.
ഇതിനിടെ വായനാട് രാഹുലിന്റെ സിറ്റിങ് സീറ്റല്ലേയെന്ന ചോദ്യമുയർന്നപ്പോൾ ‘സിറ്റിങ് സീറ്റോ സ്റ്റാൻഡിങ് സീറ്റോ എന്നതല്ല ഇഷ്യൂവെന്നും മണ്ഡലം രൂപവത്കരിച്ചത് മുതൽ സി.പി.ഐയാണ് മത്സരിക്കുന്നതെന്നുമായി മറുപടി. എന്നാൽ ഇതുവരെ വയനാട്ടിൽ ജയിച്ചില്ലെന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ‘ജയവും തോൽവിയുമല്ല പ്രശ്നമെന്നും കഴിഞ്ഞ തവണ രാഹുൽ മത്സരിക്കുമ്പോൾ ഇന്ത്യ മുന്നണി രൂപവത്കരിച്ചിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
രാഹുൽ ഗാന്ധി അടുത്ത സൃഹുത്താണല്ലോ, വിഷയം അദ്ദേഹത്തെ നേരിട്ട് ബോധ്യപ്പെടുത്താമായിരുന്നല്ലോ എന്ന പരാമർശത്തിന്, എന്നേക്കാളും നിങ്ങളുടെ സുഹൃത്തല്ലേ, രാഹുലിന്റെ നമ്പർ ഞാൻ നൽകാം, വേണമെങ്കിൽ മല്ലികാർജുന ഖാർഗെയുടെയും സോണിയാ ഗാന്ധിയുടെയും നമ്പർ താരം, വിളിച്ച് ചോദിക്കൂ’ എന്നായി.
ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് സി.പി.ഐയുടെ പോരാട്ടമെന്ന് പറയുന്ന സാഹചര്യത്തിൽ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാനത്ത് സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിനെ പിന്തുണക്കുമോ എന്ന ചോദ്യമുയർന്നതോടെ കോൺഗ്രസ് മത്സരത്തിൽ നിന്ന് പിൻമാറുമോ എന്നായി മറുചോദ്യം. മാത്രമല്ല, പി.കെ. വാസുദേവൻ നായർ ലോക്സഭയിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചിരുന്ന കാര്യവും ചൂണ്ടിക്കാട്ടി.
അതിന് മുമ്പുള്ള തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ചപ്പോൾ 1947ന് മുമ്പ് ബ്രിട്ടീഷുകാരാണ് രാജ്യം ഭരിച്ചിരുന്നതെന്നത് ഓർമിപ്പിച്ചായിരുന്നു തിരിച്ചടി. മീറ്റ് ദ പ്രസ് കഴിഞ്ഞതോടെ ഗൗരവഭാവമെല്ലാം വിട്ട് സൗഹൃദഭാവത്തിലേക്ക്. അൽപനേരം കുശലം പറഞ്ഞായിരുന്നു മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.