പോളിങ് ശതമാനത്തിലെ കുറവ് നെഞ്ചിടിപ്പ് കൂട്ടി; മുന്നണികളുടെ സൂക്ഷ്മ വിലയിരുത്തൽ ഇന്ന് നടക്കും
text_fieldsപ്രചാരണകാലത്തിന്റെ ചൂടുംചൂരും ആറാതെ രാജ്യത്തിന്റെ വിധിയും ഭാവിയും നിർണയിക്കുന്ന സുപ്രധാന ജനവിധിയിൽ ആവേശത്തോടെ പങ്കാളിയായി കേരളവും. അതേസമയം പ്രാഥമിക പോളിങ് ശതമാനക്കണക്കുകളിൽ 2019നേക്കാൾ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2019ൽ 77.84 ശതമാനമായിരുന്നെങ്കിൽ ഇത്തവണ രാത്രി എട്ടുവരെയുള്ള കണക്കനുസരിച്ച് 70.35 ശതമാനമാണ് വോട്ടിങ്. കഴിഞ്ഞവട്ടം പ്രാഥമിക പോളിങ് തന്നെ 77 ശതമാനമായിരുന്നു. മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് നിലയായിരുന്നു ഇത്.
20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. ഇക്കുറി അന്തിമ കണക്കുകൾ എത്തുന്നതോടെ വോട്ടിങ് നില 75 ശതമാനത്തിലേക്കെത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിലയിരുത്തൽ. വെള്ളിയാഴ്ച രാത്രി 12 വരെ പോളിങ് ഉദ്യോഗസ്ഥർക്ക് കണക്കുകൾ അപ്ഡേറ്റ് ചെയ്യാനുള്ള സാവകാശം നൽകിയിട്ടുണ്ട്. മാത്രമല്ല, 80 വയസ്സിന് മുകളിലുള്ളവരുടെ തപാൽ വോട്ടിന്റെ കണക്കുകൂടി ലഭിക്കാനുണ്ട്. എങ്കിലും 2019ലേതിലേക്കെത്തുമോ എന്നത് സംശയം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ഇങ്ങോട്ടേക്ക് ക്രമാനുഗതികമായി വോട്ടിങ് നില കുറയുന്നതാണ് പ്രവണത. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 76.04ഉം നിയമസഭ തെരഞ്ഞെടുപ്പിൽ 74.04ഉം ശതമാനമായിരുന്നു വോട്ടിങ് നില.
പോളിങ് ശതമാനത്തിലെ കുറവ് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. എന്നാൽ, പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് അവകാശവാദം. ഈ സാഹചര്യത്തിൽ, മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാർട്ടികൾ ഇന്ന് കടക്കും. രാവിലെയുണ്ടായ പോളിങ് ആവേശം കണ്ടപ്പോൾ 2019നെക്കാൾ ഉയർന്ന പോളിങ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഉച്ചയോടെ കുറഞ്ഞു. പിന്നീട് കാരണമെന്തെന്നായി ചർച്ചകൾ. ദേശീയനേതാക്കൾ വരെ ഇളക്കിമറിച്ചുള്ള പ്രചാരണവും, പലയിടത്തുമുള്ള ഇഞ്ചോടിഞ്ച് പോരും ഇത്തവണ ശ്രദ്ധ നേടിയിരുന്നു. പൊതുവിൽ റെക്കോർഡ് പോളിങാണ് പ്രതീക്ഷിച്ചത്. പോളിങ് ശതമാനത്തിലെ കുറവിൽ ആശങ്ക കൂടുതൽ യു.ഡി.എഫിനുണ്ടെന്നാണ് പറയുന്നത്.
ഇതിനിടെ, ഭരണവിരുദ്ധവികാരം നന്നായി ഇത്തവണ പ്രതിഫലിച്ചെന്ന് യു.ഡി.എഫ് പറയുന്നത്. ഒപ്പം ന്യൂനപക്ഷവോട്ടുകളുടെ ശക്തമായ ഏകീകരണം ഉണ്ടായെന്നും അവകാശപ്പെടുന്നു. എന്നാൽ, ഭരണവിരുദ്ധവികാരം ഇല്ലാത്തതിൻറെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതിന് പിന്നിലെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകളെല്ലാം എല്ലായിടത്തും കൃത്യമായി രേഖപ്പെടുത്തി. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനെന്നാണ് കണക്ക് കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.