കാസർകോട് ന്യൂനപക്ഷ മേഖലകളിൽ കനത്ത പോളിങ്
text_fieldsകാസർകോട്: ന്യൂനപക്ഷ മേഖലകളിൽ പോളിങ്ങിൽ കനത്ത തുടക്കം. വെള്ളിയാഴ്ചയെത്തിയ തെരഞ്ഞെടുപ്പിനെ ജുമുഅ നമസ്കാരം ക്രമപ്പെടുത്തികൊണ്ട് വിശ്വാസികൾ സമ്മതിദാനവകാശം വിനിയോഗിക്കാൻ സക്രിയമായി ഇറങ്ങി.
രാവിലെ തന്നെ സ്ത്രീകളും പുരുഷൻമാരും ഒപ്പത്തിനൊപ്പം വോട്ട്ചെയ്യാനെത്തി. മൊഗ്രാൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നാല് ബൂത്തുകളാണുള്ളത്. നാലിലും രാവിലെ മുതൽ തിരക്കായിരുന്നു. ഉച്ചയോടെ ചൂട് കനക്കുമെന്നറിഞ്ഞുകൊണ്ട് തന്നെ സ്ത്രീകൾ കൂട്ടത്തോടെ എത്തി. ഒമ്പത് മണിയോടെ ശരാശരി എട്ട് ശതമാനം ആയപ്പോൾ മൊരഗാലിൽ 12ശതമാനമായിരുന്നു. 12മണിയോടെ 40 ശതമാനം ആക്കാനുള്ള ശ്രമമാണ് എന്ന് പൊതു പ്രവർത്തകൻ മൂസ മൊഗ്രാൽ പറഞ്ഞു.
മൊഗ്രാൽ 163-ബൂത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം. അബ്ദുറഹ്മാൻ മൗലവിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ചിത്താരി ഹിമായത്തുൽ ഇസ്‍ലാം എ.യു.പി. സ്കുളിൽ രാവിലെ 8.15ന് എട്ടര ശതമാനം പിന്നിട്ടിരുന്നു. ഈ സമയം ശരാശരി അഞ്ച് ശതമാനത്തിലെത്തിയതേയുള്ളൂ. ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂളിൽ ഏഴരശതമാനമായിരുന്നു രാവിലെ എട്ടരക്ക് പോളിങ്. ഇവയെല്ലാം യു.ഡി.എഫ് ശക്തികേന്ദ്രങ്ങൾ കൂടിയായിരുന്നു.
എൽ.ഡി.എഫ് ശക്തി കേന്ദ്രമായ അജാനൂർ പഞ്ചായത്ത് രാവണീശ്വരാ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നാല് ശതമാനം മാത്രമാണ് പോളിങ്. ഈ ബൂത്ത് ഉൾപ്പെടുന്ന കാഞ്ഞങ്ങാട് മണ്ഡലവും പോളിങ്ങിൽ പിന്നിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.