ഉറച്ചകോട്ടയുടെ ഉറപ്പറിയാൻ
text_fieldsതെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ച ഒരു മാസം കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഒരു സ്ഥാനാർഥി മാത്രമേയുണ്ടായിരുന്നുള്ളൂ. എൽ.ഡി.എഫിന്റെ എം.വി. ബാലകൃഷ്ണൻ. കോളജ് കാമ്പസുകളിലായിരുന്നു ബാലകൃഷ്ണന്റെ ശ്രദ്ധ ഏറെ കേന്ദ്രീകരിച്ചത്. എല്ലാ കോളജുകളിലും ബാലകൃഷ്ണൻ എത്തി. എൽ.ഡി.എഫ് രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർഥിയായി രാജ്മോഹൻ ഉണ്ണിത്താൻ എത്തുന്നത്. സിറ്റിങ് എം.പിയെന്ന നിലയിൽ ഉണ്ണിത്താന് ഘട്ടങ്ങൾ വിഷയമായിരുന്നില്ല. അപ്രഖ്യാപിത സ്ഥാനാർഥിയായി അദ്ദേഹം മണ്ഡലങ്ങളിൽ നിറഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ബി.ജെ.പിയുടെ അപ്രതീക്ഷിത സ്ഥാനാർഥി കടന്നുവന്നു, എം.എൽ. അശ്വിനി. ജന്മനാട് മഞ്ചേശ്വരം, പ്രവർത്തന മേഖല കർണാടകയുൾപ്പടെ എട്ട് സംസ്ഥാനങ്ങൾ എന്ന് ബി.ജെ.പി പറയുന്നു.
എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് കാസർകോട് മത്സരം. എൻ.ഡി.എ സ്ഥാനാർഥിയായി അശ്വിനിയെ നിർത്തുന്നത് കഴിഞ്ഞ തവണത്തെ സ്വന്തം വോട്ടിനെതിരെ മത്സരിക്കാനാണ്. കേരള രാഷ്ട്രീയത്തിൽനിന്നും ഗ്രാഫ് കുത്തനെ താഴുകയായിരുന്ന രാജ്മോഹൻ ഉണ്ണിത്താനെ ഉയർത്തികൊണ്ടുവന്നത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വിജയമാണ്. അത് നിലനിർത്തണമെങ്കിൽ ഈ തെരഞ്ഞെടുപ്പ് ഉണ്ണിത്താന് വിജയിച്ചേ പറ്റൂ. ഇടതുപക്ഷത്തിനാണെങ്കിൽ അവരുടെ ശക്തിദുർഗം തിരിച്ചുപിടിക്കേണ്ടതുണ്ട്. അത് നടന്നില്ലെങ്കിൽ പിന്നെ കാസർകോട് തിരിഞ്ഞുനോക്കേണ്ടതില്ല എന്ന സ്ഥിതിവരും. കഴിഞ്ഞ തവണത്തെ യു.ഡി.എഫ് ഭൂരിപക്ഷം അത്ര വലുതാണ് എന്ന് എൽ.ഡി.എഫ് കാണുന്നില്ല. എന്നാൽ രണ്ടുലക്ഷത്തോളം പുതിയ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. അതുകൊണ്ടാണ് ഇടതുസ്ഥാനാർഥി ആദ്യം കോളജുകൾ ലക്ഷ്യംവെച്ച് നീങ്ങിയത്.
കാസർകോട് ഇടതുകോട്ടയാണ് എന്നാണ് ഇതുവരെയുള്ള ഫലങ്ങളുടെ മുൻതൂക്കം സൂചിപ്പിക്കുന്നത്. മണ്ഡലം കണ്ട 16 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ നാലുതവണ കോൺഗ്രസിനെ ജയിപ്പിച്ചിട്ടുണ്ട്. ഇടതുമുന്നണി രൂപംകൊണ്ട 80നു മുമ്പ് രണ്ടുതവണയും ശേഷം രണ്ടുതവണയും. മണ്ഡലത്തിൽ ഇടതുമുന്നണിയുടെ ഇളകാത്ത മേൽകൈ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് കഴിഞ്ഞ മൂന്നു ലോക് സഭാ തെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന. 1,08,000 വോട്ടിന്റെ ഭൂരിപക്ഷംവരെ ലഭിച്ചത് 2019ൽ 40000ലധികം വോട്ടിന്റെ ന്യൂനപക്ഷമായി മാറിയതിന്റെ ക്ഷീണം തീർക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കേന്ദ്രത്തിൽനിന്നും ഒന്നും പ്രത്യേകമായി നേടിയെടുക്കാൻ എം.പിയെന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താന് കഴിഞ്ഞ അഞ്ചുവർഷകാലം കഴിഞ്ഞിട്ടില്ലെങ്കിലും മണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്നു. ഇടത് എം.പിമാരുടെ ഇടത്തോട്ടുമാത്രം കേന്ദ്രീകരിച്ച പ്രവർത്തനമല്ല, മറിച്ച് എല്ലായിടത്തും പാഞ്ഞെത്തിയെന്നത് അദ്ദേഹം മണ്ഡലത്തിൽ സൃഷ്ടിച്ച പ്രതീതിയായിരുന്നു. ഇത് മറികടക്കാനുള്ള ശ്രമം വിജയിപ്പിക്കുകയെന്നതാണ് ഇടതുപ്രചാരണ തന്ത്രത്തിന്റെ കേന്ദ്ര ബിന്ദു.
ഉറച്ചകോട്ടയുടെ ഉറപ്പറിയാൻ
ഏറെ പിന്നാക്കമായിരുന്നുവെങ്കിലും ദേശീയ ശ്രദ്ധ ലഭിച്ച മണ്ഡലമാണ് കാസർകോട്. 1957 മുതൽ എ.കെ. ഗോപാലൻ ഹാട്രിക് വിജയം നേടി. 1957ൽ 5,145 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എ.കെ.ജി(സി.പി.ഐ).ക്ക് ലഭിച്ചത്. 1962ൽ(സി.പി.ഐ) 83,363 വോട്ടിന്റെ ഭൂരിപക്ഷവും 1967ൽ(സി.പി.എം.) ഇത് 1,18,510 വോട്ടിന്റെ ഭൂരിപക്ഷമായും വർധിച്ചു. പിന്നിട് മുന്നണിയുടെ രസതന്ത്രം മാറി. 71ലെയും 77ലെയും തെരഞ്ഞെടുപ്പുകളിൽ സി.പി.ഐ കോൺഗ്രസിന്റെ മുന്നണിയിലെത്തി. 71ൽ ഇ.കെ. നായനാർ കോൺഗ്രസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിയോട് തോറ്റു. കന്നട ഭാഷ ന്യൂനപക്ഷത്തെ ഉപയോഗിച്ച് ഇടതുമുന്നണി പരീക്ഷണം നടത്തിയത് 1977ലെ തെരഞ്ഞെടുപ്പിലാണ്. എം. രാമണ്ണറൈ സ്ഥാനാർഥിയായ ആ തെരഞ്ഞെടുപ്പിലും കടന്നപ്പള്ളിതന്നെ വിജയിച്ചു. 80ൽ ഇടതുമുന്നണി രൂപവത്കൃതമായതോടെ സി.പി.ഐ, ആർ.എസ്.പി പാർട്ടികളും ജനാധിപത്യ പാർട്ടികളും എൽ.ഡി.എഫിന്റെ ഭാഗമായി. ഇത് കാസർകോട് മണ്ഡലം ഇടതിന്റെ ബലമുള്ള കോട്ടയാക്കി.
80ലെ തെരഞ്ഞെടുപ്പിൽ എം. രാമണ്ണറൈ ഭൂരിപക്ഷം 73,587 ആയി ഉയർത്തി. എതിർ സ്ഥാനാർഥി ജനത പാർട്ടിയുടെ ഒ. രാജഗോപാലായിരുന്നു. ഭൂരിപക്ഷം വർധിച്ചതോടെ മണ്ഡലത്തിൽ ഇടതിന് ആത്മവിശ്വാസം വളർന്നു. ഉറച്ച കോട്ടയിൽ പാർട്ടിയുടെ ദേശീയ നേതാക്കളെ മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 1984ൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു അഖിലേന്ത്യ നേതാവുകൂടിയായ ഇ. ബാലാനന്ദനെ മത്സരിപ്പിച്ചു. ഇന്ദിര സഹതാപ തരംഗത്തിൽ ബാലാനന്ദൻ തോറ്റു. ഐ. രാമറൈക്ക് 11369 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. കന്നട ന്യൂനപക്ഷത്തിന്റെ വോട്ടിൽ കണ്ണുവെച്ചായി 1989ലെ സ്ഥാനാർഥി നിർണയം. രാമറൈയും രാമണ്ണറൈയും മത്സരിച്ചു. 1546 വോട്ടിന് രാമണ്ണറൈ വിജയിച്ചു. തിരിച്ചുപിടിച്ച ഈ ചരിത്രാനുഭവത്തിലാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. തുടർന്ന് കെ.സി. വേണുഗോപാലിനോടും രാമണ്ണറൈ ജയിച്ചു. ഒമ്പതിനായിരത്തിൽപരം വോട്ടുകൾക്ക്. 1996ലെ തെരഞ്ഞെടുപ്പിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന ടി. ഗോവിന്ദൻ മത്സരിച്ചപ്പോൾ എൽ.ഡി.എഫ് വ്യക്തമായ ആധിപത്യം നേടി. 74,730 വോട്ടിന്റെ ഭൂരിപക്ഷമാണ് ഐ. രാമറൈക്കെതിരെ നേടിയത്. അതിനുശേഷം 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് മത്സരിച്ചതിന്റെ പ്രതിഫലനമെന്നോണം ഇടതു മുന്നണി ഏറ്റുവാങ്ങിയ തോൽവിയായിരുന്നു അത്. നെഹ്റു കുടുംബത്തോടുള്ള കൂറിൽ ഇടതു സ്ഥാനാർഥികൾ തോറ്റ മണ്ഡലം കൂടിയാണ്. 1998ൽ 347670 വോട്ടിനും 1999ൽ 31578 വോട്ടിനും ഖാദർ മാങ്ങാടിനെ ടി. ഗോവിന്ദൻ തോൽപിച്ചു. തുടർന്ന് നടന്ന മൂന്ന് തെരഞ്ഞെടുപ്പ് സി.പി.എമ്മിന്റെ പി. കരുണാകരൻ വിജയിച്ചു. 108000 വോട്ടിന്റെ ഭൂരിപക്ഷത്തിൽനിന്നും അത് ഇറങ്ങി 2014ലെ തെരഞ്ഞെടുപ്പിൽ 6921വരെ എത്തി. ഇടതുമുന്നണിക്ക് മണ്ഡലത്തിന്റെ ആധിപത്യം നഷ്ടമാകുന്നതിലേക്ക് നയിച്ച സ്വാഭാവിക പരിണതിയാണോ 2019ൽ രാജ്മോഹൻ ഉണ്ണിത്താന്റെ വിജയം എന്നാണ് 2024ൽ അറിയേണ്ടത്. അവരുടെ ഉറച്ച കോട്ടക്ക് എത്രത്തോളം ഉറപ്പുണ്ട് എന്ന അറിയാനുള്ള അവസാന പരിശോധനയാണ് എൽ.ഡി.എഫിന് ഈ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.