അട്ടിമറിയില്ലെങ്കിൽ എന്നും വലതിന്റെ ഉരുക്കുകോട്ട
text_fieldsകൊടുവള്ളി: കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ നാലാമങ്കത്തിനിറങ്ങിയ യു.ഡി.എഫിലെ എം.കെ. രാഘവനും കന്നിയങ്കത്തിനിറങ്ങിയ എൽ.ഡി.എഫിലെ എളമരം കരീമും കൊടുവള്ളിയിലെ പ്രചാരണത്തിൽ വാശിയോടെ മുന്നേറുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലടക്കം എന്നും യു.ഡി.എഫിന് ഭൂരിപക്ഷം നൽകുന്ന മണ്ഡലമാണ് കൊടുവള്ളി.
മുസ്ലിം ലീഗിൽനിന്ന് ഇടതുചേരിയിലെത്തിയ അഡ്വ. പി.ടി.എ. റഹീമും കാരാട്ട് റസാഖും നിയമസഭയിലേക്ക് ഇവിടെനിന്ന് ഇടതു സ്വതന്ത്രരായി വിജയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ യു.ഡി.എഫിലെ ഡോ. എം.കെ. മുനീർ സീറ്റ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിനെ തുണച്ച ഏക നിയമസഭ മണ്ഡലവും കൊടുവള്ളിയാണ്.
മണ്ഡലത്തിലെ ഓമശ്ശേരി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകൾ മലയോര പ്രദേശങ്ങൾ ഉൾപ്പെട്ടതും കർഷക മേഖലയുമാണ്. ഈ മേഖലയിൽ ക്രിസ്ത്യൻ വിഭാഗത്തിന് സ്വാധീനമുണ്ടെങ്കിലും ഏതെങ്കിലുമൊരു മുന്നണിക്കൊപ്പംനിന്ന് വോട്ട് ചെയ്യുന്ന രീതിയാണ് സ്വീകരിച്ചുപോന്നത്.
കഴിഞ്ഞ മൂന്നുതവണയും കൊണ്ടുവന്ന വികസനങ്ങളും സാധാരണക്കാരുടെ നീറുന്ന ജീവിത പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടിയാണ് എം.കെ. രാഘവന്റെ പ്രചാരണം. മതന്യൂനപക്ഷങ്ങളുടെയും സമുദായങ്ങളുടെയും വോട്ടുകൾ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അനുകൂലമാണെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്.
പൗരത്വനിയമ ഭേദഗതിയടക്കം രാഷ്ട്രീയ വിഷയങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് എളമരം കരീം നടത്തുന്നത്. നാട്ടിൻപുറങ്ങളിൽ എം.പി ഫണ്ട് വിനിയോഗിച്ചുള്ള വികസനമില്ലായ്മയും കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും നയനിലപാടുകളുമാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണായുധം.
കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികളെ തടസ്സപ്പെടുത്തുന്ന കേന്ദ്ര സർക്കാറിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസെന്നും വർഗീയ ഫാസിസത്തിനെതിരായ പോരട്ടത്തിന് കരുത്ത് പകരാൻ തുണക്കണമെമെന്നുമാണ് പ്രചാരണത്തിൽ എൽ.ഡി.എഫ് പറയുന്നത്.
ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശ് മോദി സർക്കാറിന്റെ നേട്ടങ്ങൾ അവകാശപ്പെട്ടാണ് പ്രചാരണത്തിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുത്തത് കൊടുവള്ളി നിയോജക മണ്ഡലമാണ്. യു.ഡി.എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് 35,908 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഘവന് കൊടുവള്ളി സമ്മാനിച്ചത്. കൂടുതൽ വോട്ടുകൾ ലഭിച്ചത് കൊടുവള്ളി നഗരസഭയിൽനിന്നുമാണ്.
8,676 വോട്ടുകളാണ് അധികം ലഭിച്ചത്. മണ്ഡലത്തിൽ ഇടതിന് ഏറെ സ്വാധീനമുള്ള കട്ടിപ്പാറ, നരിക്കുനി പഞ്ചായത്തുകളിലും രാഘവനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. 2014ൽ രാഘവന് കൊടുവള്ളിയിൽ 16,680 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെപോലെ കൊടുവള്ളിയിൽ വൻ ഭൂരിപക്ഷം നേടാനായാൽ കോഴിക്കോട് മണ്ഡലത്തിൽ ജയം ഉറപ്പാണെന്ന നിലയിൽ യു.ഡി.എഫ് മുന്നേറുമ്പോൾ അവരുടെ വോട്ടിൽ വിള്ളലുണ്ടാക്കുകയാണ് എൽ.ഡി.എഫ് പ്രധാനമായും ലക്ഷ്യമിടുന്നത്.
കൊടുവള്ളി മണ്ഡലം ഒറ്റനോട്ടത്തിൽ
2021 നിയമസഭ തെരഞ്ഞെടുപ്പ്:
ജയിച്ചത്: യു.ഡി.എഫ്
എം.എൽ.എ:
ഡോ. എം.കെ. മുനീർ
ഭൂരിപക്ഷം: 6239
പഞ്ചായത്തുകളിലെ ഭരണം
കൊടുവള്ളി നഗരസഭ -യു.ഡി.എഫ്
മടവൂർ -യു.ഡി.എഫ്
കിഴക്കോത്ത് -യു.ഡി.എഫ്
നരിക്കുനി -യു.ഡി.എഫ്
ഓമശ്ശേരി -യു.ഡി.എഫ്
താമരശ്ശേരി -യു.ഡി.എഫ്
കട്ടിപ്പാറ -യു.ഡി.എഫ്
നിലവിലെ വോട്ടർമാർ
ആകെ വോട്ടർമാർ -2,14,660
ആകെ വോട്ടർ -1,89,603
പുരുഷന്മാർ -94,715
സ്ത്രീകൾ -94,888
ട്രാൻസ്ജൻഡർ -0
2019ലെ ലോക്സഭ വോട്ടുനില
എം.കെ. രാഘവൻ (യു.ഡി.എഫ്) -81,689
എ. പ്രദീപ് കുമാർ (എൽ.ഡി.എഫ്) -45,781
കെ.പി. പ്രകാശ് ബാബു (എൻ.ഡി.എ) -11,682
യു.ഡി.എഫ് ഭൂരിപക്ഷം -35,908
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.