Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവികസനം vs രാഷ്ട്രീയം

വികസനം vs രാഷ്ട്രീയം

text_fields
bookmark_border
M.K. Raghavan, Elamaram Kareem, M.T. Ramesh
cancel
camera_alt

എം.കെ. രാഘവൻ, എളമരം കരീം, എം.ടി. രമേശ്

മലബാറിന്‍റെ വാണിജ്യ തലസ്ഥാനത്തിന്​ ഇരുമുന്നണികളെയും മാറിമാറി വരിച്ച അനുഭവമുണ്ടെങ്കിലും കൂടുതൽ തവണ യു.ഡി.എഫിനെ പുണർന്നതാണ്​ ചരിത്രം. ബാലു​ശ്ശേരി, എലത്തൂർ, കുന്ദമംഗലം, ബേപ്പൂർ, കോഴിക്കോട്​ സൗത്ത്​, കോഴിക്കോട്​ നോർത്ത്​, കൊടുവള്ളി നിയമസഭ മണ്ഡലങ്ങളിൽ കൊടുവള്ളി ഒഴിച്ചുള്ള മുഴുവൻ മണ്ഡലങ്ങളും എൽ.ഡി.എഫിന്‍റെ കൈവശമാണെങ്കിലും കഴിഞ്ഞ മൂന്നു തവണയും ലോക്സഭയിലേക്ക്​ പറഞ്ഞയച്ചത്​ യു.ഡി.എഫ്​ സ്ഥാനാർഥി എം.കെ. രാഘവനെ.

2009ൽ യുവനേതാവും ഇപ്പോൾ മന്ത്രിയുമായ അഡ്വ. പി.എ. മുഹമ്മദ്​ റിയാസിനെ വെറും 838 വോട്ടിന്​ പരാജയപ്പെടുത്തി തുടങ്ങിയ പടയോട്ടം, പിന്നീട്​ വൻ ഭൂരിപക്ഷവർധനയിലൂടെ മണ്ഡലം രാഘവൻ സ്വന്തമാക്കി വെച്ചിരിക്കയാണ്​. ആറു​ നിയമസഭ മണ്ഡലങ്ങൾ കൈവശമില്ലാഞ്ഞിട്ടും കോൺഗ്രസിന്‍റെ സംഘടന സംവിധാനം സി.പി.എമ്മുമായി തട്ടിക്കുമ്പോൾ അത്ര ശക്തമല്ലെങ്കിലും വ്യക്തിപരമായ തന്ത്രങ്ങൾ പയറ്റി ജനമനസ്സിൽ ഇടംനേടാനായതാണ്​ രാഘവ മാഹാത്മ്യത്തിനു​ പിന്നിലെന്നത്​ പരസ്യമായ രഹസ്യം.

ഇത്​ തിരിച്ചറിഞ്ഞാണ്​ ഇത്തവണ എളമരം കരീമി​നെ തന്നെ സി.പി.എം രംഗത്തിറക്കിയത്. എം.എൽ.എ, മന്ത്രി, രാജ്യസഭ അംഗം എന്നതിലുപരി ട്രേഡ്​ യൂനിയൻ രംഗത്ത്​ പതിറ്റാണ്ടുകളുടെ അനുഭവപരിജ്ഞാനത്തിലൂടെ കരീം മണ്ഡലത്തിൽ സുപരിചിതനാണ്​. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത്​, വർഗീയ​ധ്രുവീകരണത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ എം.പി എന്ന നിലയിൽ രാജ്യസഭയിൽ നടത്തിയ പോരാട്ടമടക്കം ഉയർത്തിയാണ്​ കരീമിന്‍റെ അരങ്ങേറ്റം. അതുകൊണ്ടുതന്നെ മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്​ ഇത്തവണ പോരാട്ടത്തിന്​ കടുപ്പം കൂടുമെന്ന്​ ഉറപ്പ്​. വികസനം മുൻനിർത്തിയുള്ള രാഘവന്‍റെ മനഃശാസ്ത്ര നീക്കവും കരീമിന്‍റെ രാഷ്ട്രീയപോരാട്ടവുമാണ്​ ഇത്തവണ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്​.

രാഷ്ട്രീയവും വികസനവും

കരീം രാഷ്ട്രീയം പറഞ്ഞും രാഘവൻ വികസനം പറഞ്ഞുമാണ്​ പ്രചാരണത്തിന്​ തുടക്കംകുറിച്ചത്​. സാമുദായിക താൽപര്യങ്ങൾക്കപ്പുറമുള്ള ഘടകങ്ങളാണ്​ മണ്ഡലത്തിന്‍റെ ഗതി നിർണയിക്കുന്നത്​. വികസനം പറഞ്ഞും സൗഹൃദബന്ധങ്ങൾ കാത്തുസൂക്ഷിച്ചും​ എല്ലാ വിഭാഗങ്ങളുടെയും വോട്ട്​ നേടാനായതാണ്​ കഴിഞ്ഞ മൂന്നു തവണയും രാഘവ​ന്​ രക്ഷയായത്​. ഇത്തവണയും ഫാഷിസ്റ്റ്​ വിരുദ്ധ രാഷ്​​ട്രീയ​ത്തെക്കാൾ വികസനം പറയാനാണ്​ തനിക്ക്​ താൽപര്യമെന്ന്​ വെട്ടിത്തുറന്ന്​ പറഞ്ഞതിലൂടെ പല പക്ഷികളാണ്​ രാഘവന്‍റെ ലക്ഷ്യം. എം.കെ. രാഘവൻ കോഴിക്കോട്ടേക്കു​ വരുന്നതിനു​ മുമ്പുതന്നെ മണ്ഡലത്തിന്​ സുപരിചിതനാണ്​ എളമരം കരീം എന്നതിനാൽ ബന്ധങ്ങളുടെ കെട്ടഴിക്കാൻ കരീമിനും സാധിക്കും.

കേന്ദ്ര ഫണ്ട്​ ഉപയോഗിച്ചുണ്ടായ വികസനം ഏത്​ എം.പിക്കും സാധ്യമാകുന്നതാണെന്നും വർഗീയത നിറഞ്ഞാടുകയും കേന്ദ്രഭരണം ഫാഷിസ്റ്റ്​ കേന്ദ്രീകൃതമാവുകയും ചെയ്യുമ്പോൾ അതിനെതിരായ പോരാട്ടമാണ്​ തന്‍റെ പ്രധാന ദൗത്യമെന്നും പറയുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളാണ്​ കരീം ലക്ഷ്യമിടുന്നതെന്ന്​ വ്യക്തം. മുമ്പ്​ സി. എച്ച്​. മുഹമ്മദ്​ കോയയെയും ഇബ്രാഹിം സുലൈമാൻ സേട്ടിനെയും തെരഞ്ഞെടുത്തയച്ച ചരിത്രം മണ്ഡലത്തിനുണ്ട്​. ന്യൂനപക്ഷ സംഘടനകളുമായുള്ള ബന്ധത്തിൽ രാഘവനും നല്ല പിടിപാടുണ്ട്​. പക്ഷേ, ഫാഷിസ്റ്റ്​ വിരുദ്ധ രാഷ്ട്രീയം അധികം ചർച്ചയാക്കാതെയുള്ള രാഘവന്‍റെ ‘കരുതൽ’ എൽ.ഡി.എഫും തിരിച്ചറിയുന്നുണ്ട്​. ഇതിനെ എങ്ങനെ മറികടക്കുമെന്നതനുസരിച്ചാകും തെരഞ്ഞെടുപ്പ്​ ഫലം. മുമ്പ്​ പി.എ. മുഹമ്മദ്​ റിയാസ്​ ചുരുങ്ങിയ വോട്ടുകൾക്ക്​ രാഘവനോട്​ പരാജയപ്പെട്ടപ്പോൾ പാർട്ടിയിൽ കാലുവാരൽ നടന്നതായ ശക്തമായ ആക്ഷേപമുണ്ടായിരുന്നു. ഇത്തവണ അത്​ എത്രത്തോളം കരീമിനെ ബാധിക്കുമെന്നതും കണ്ടറിയണം.

ചരിത്രം

കിസാൻ മസ്​ദൂർ പ്രജ പാർട്ടിയിലെ അച്യുതൻ ദാമോദരൻ മേനോൻ, കോൺഗ്രസിലെ കെ.പി. കുട്ടികൃഷ്ണൻ നായർ, മുസ്​ലിം ലീഗിന്‍റെ സി.എച്ച്​. മുഹമ്മദ്​ കോയ, ലീഗിന്‍റെതന്നെ ഇബ്രാഹിം സുലൈമാൻ സേട്ട്, കോൺഗ്രസിലെ വി.എ. സെയ്ത്​ മുഹമ്മദ്​, സി.പി.എമ്മിലെ ഇ​.കെ. ഇമ്പിച്ചിബാവ, തുടർന്ന്​ തുടർച്ചയായ മൂന്നു വട്ടം കോൺഗ്രസിലെ കെ.ജി. അടിയോടി, പിന്നീട്​ രണ്ടുതവണ കോൺഗ്രസിലെ കെ. മുരളീധരൻ, ജനതാദളിലെ എം.പി. വീരേന്ദ്രകുമാർ, കോൺഗ്രസിലെ പി. ശങ്കരൻ എന്നിവരാണ്​ മണ്ഡലത്തിന്‍റെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്​. 2009 മുതൽ കോൺഗ്രസിലെ എം.കെ. രാഘവന്‍റെ കൈയിലാണ്​ മണ്ഡലം. കഴിഞ്ഞതവണ സി.പി.എമ്മിലെ എ. പ്രദീപ്​കുമാറിനെതിരെ നേടിയ ഭൂരിപക്ഷം​ 85,225. നാലാംവട്ടവും കോൺഗ്രസ്​ സ്ഥാനാർഥി രാഘവൻ തന്നെ. തുടർച്ചയായി മൂന്നുവട്ടം മണ്ഡലം പിടിച്ച കെ.ജി. അടിയോടിയുടെ റെക്കോഡ്​ തകർക്കുകയാണ്​ രാഘവന്‍റെ ലക്ഷ്യം.

ഒ​ന്നൊഴികെ നിയമസഭ മണ്ഡലങ്ങളെല്ലാം കൈയിലൊതുക്കിയിട്ടും ലോക്സഭ മുഖംതിരിക്കുന്നതിനു​ പിന്നിലെ കാരണങ്ങൾ ഇപ്പോഴും സി.പി.എമ്മിന്​ അജ്ഞാതമാണ്​. കഴിഞ്ഞതവണ പ്രദീപ്​കുമാറിൽ വിശ്വാസമർപ്പിച്ചെങ്കിലും രാഘവന്‍റെ ജനകീയതക്കു മുന്നിൽ അടിപതറി. ഓരോ തവണയും ഭൂരിപക്ഷം വർധിച്ചുവരുന്നതാണ്​ കണ്ടത്​. 2014ൽ എ. വിജയരാഘവനെതിരെ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 16,883. കഴിഞ്ഞതവണ പ്രദീപ്​കുമാറിനെതിരെ ഭൂരിപക്ഷം 85,225 ആയി ഉയർന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേശാണ്​ എൻ.ഡി.എ സ്ഥാനാർഥി. അതുകൊണ്ടുതന്നെ വോട്ട്​ ചോർച്ച തടയുക എന്നതിനപ്പുറം കഴിഞ്ഞതവണത്തെ വോട്ട്​ ഉയർത്തുകയെന്ന ലക്ഷ്യവുമായാണ്​ ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elamaram kareemmk ragavanLok Sabha Elections 2024Kozhikode
News Summary - lok sabha elections - kozhikode
Next Story