മട്ടന്നൂരിലെ ഉരുക്കുകോട്ട
text_fieldsമട്ടന്നൂര്‍: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.കെ. ശൈലജക്ക് അറുപതിനായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷവും 61.97 ശതമാനം വോട്ടുവിഹിതവും സമ്മാനിച്ച മണ്ഡലമാണ് മട്ടന്നൂർ. ഇടതുകോട്ടയെന്ന് മട്ടന്നൂരിനെ വിശേഷിപ്പിച്ചാൽ മതിയാവില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽ.ഡി.എഫിനൊപ്പം നിന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്നാണിത്. അന്ന് എൽ.ഡി.എഫിന്റെ പി.കെ. ശ്രീമതിക്കാണ് ഭൂരിപക്ഷമെങ്കിലും ഏഴായിരത്തിൽപരം വോട്ടേ ലഭിച്ചുള്ളൂവെന്നത് മറ്റൊരു കാര്യം.
മണ്ഡലപ്പിറവി മുതൽ ഇടതുകോട്ടയെന്നാണ് മട്ടന്നൂർ അറിയപ്പെടുന്നത്. നിയോജക മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് എൽ.ഡി.എഫ്. ചിറ്റാരിപ്പറമ്പ്, കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി, പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്തുകളും മട്ടന്നൂര്‍ നഗരസഭയും ഉള്‍ക്കൊള്ളുന്നതാണ് മട്ടന്നൂര്‍ നിയമസഭ മണ്ഡലം.
2021ല്‍ ആര്.എസ്.പിയിലെ ഇല്ലിക്കല്‍ അഗസ്തിയെ പരാജയപ്പെടുത്തിയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ. ശൈലജ 60,963 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം നേടിയത്. യു.ഡി.എഫിൽ ഘടകകക്ഷിയാണ് മട്ടന്നൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കാറുള്ളത്.
പാർട്ടി ഗ്രാമങ്ങളിലെ ഭൂരിപക്ഷം വർധിപ്പിക്കാനാണ് എൽ.ഡി.എഫ് ഇത്തവണ പ്രധാനമായും ശ്രമിക്കുന്നത്. മട്ടന്നൂർ പോലുള്ള മണ്ഡലത്തിൽനിന്ന് പരമാവധി വോട്ട് ഉറപ്പിച്ച് പേരാവൂരിലും ഇരിക്കൂറിലുമുള്ള യു.ഡി.എഫ് ലീഡ് മറികടക്കുകയെന്ന ലക്ഷ്യമാണ് മുന്നണിയുടേത്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിലേതുപോലെ വൻ ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
മുൻകാല ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുകളുമായാണ് യു.ഡി.എഫിന്റെ പ്രവർത്തനവും. കേന്ദ്രത്തിൽ ഇൻഡ്യ മുന്നണിയുടെ കരുത്താവാൻ കോൺഗ്രസിനെ തന്നെ ജയിപ്പിക്കണമെന്നുമാണ് ഇവർ വോട്ടർമാരോട് പറയുന്നത്. ബി.ജെ.പിക്ക് കാര്യമായ വോട്ടില്ലാത്ത മണ്ഡലം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.