ലീഗ് കോട്ടകൾ തൊടാനായില്ല; ‘സമസ്ത ഫാക്ടർ’ പ്രവർത്തിച്ചില്ല
text_fieldsമലപ്പുറം: ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ കഠിനശ്രമങ്ങളെ നിഷ്ഫലമാക്കി മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫിന്റെ ഉജ്ജ്വല പ്രകടനം. ഇ.ടി മുഹമ്മദ് ബഷീർ 2019 ൽ കുഞ്ഞാലിക്കുട്ടി നേടിയ 2,60,153 റെക്കോർഡ് ലീഡ് കടന്ന് 2,71,301 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരിക്കുകയാണ് വോട്ടെണ്ണൽ അവസാനറൗണ്ടിലെത്തുമ്പോൾ.
പൊന്നാനിയിൽ 2,13,123 വോട്ടിന്റെ ഭൂരിപക്ഷം ലീഡാണ് സമദാനി പിന്നിട്ടിരിക്കുന്നത്. 2019ൽ ഇ.ടി പൊന്നാനിയിൽ നേടിയ 1,93,273 വോട്ടിന്റെ ഭൂരിപക്ഷവും കടന്നാണ് സമദാനിയുടെ തേരോട്ടം. സമസ്തയിലെ ലീഗ് വിരുദ്ധർ ഭീഷണി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചയിടങ്ങളിലെല്ലാം ലീഗ് മികച്ച പ്രകടനം കാഴ്ച വെക്കുന്നതാണ് പ്രാഥമിക വിലയിരുത്തലിൽ മനസിലാവുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് തോറ്റിടത്തെല്ലാം ലോക്സഭയിൽ വമ്പിച്ച ലീഡാണ് ലീഗ് നേടുന്നത്. ഫിറോസിനെ തോൽപിച്ചത് സമസ്തയാണെന്ന് പ്രചാരണമുണ്ടായിരുന്നു.
സമസ്ത-ലീഗ് വിള്ളൽ മുതലെടുക്കാൻ മലപ്പുറത്ത് സി.പി.എമ്മിന് സാധിച്ചില്ല. മലപ്പുറത്തിന് പുറത്ത് ലീഗിന് സ്വധീനമുള്ള മണ്ഡലങ്ങളിലൊന്നും സമസ്തപ്രശ്നം പ്രതിഫലിച്ചില്ലെന്നാണ് ഫലസൂചനകൾ. സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ മലപ്പുറം ജില്ലയിൽ ഉരുണ്ടുകൂടിയ രോഷം ഈ ഘട്ടത്തിൽ എന്ത് പ്രതികരണമാണ് സൃഷ്ടിക്കുക എന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ആഹ്ലാദപ്രകടനങ്ങൾ സമാധാനപരമായിരിക്കണമെന്നും അതിരുവിടരുതെന്നും പാണക്കാട് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പ്രത്യേകം പ്രസ്താവന നടത്തിയിട്ടുണ്ട്.
മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും, പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കെ.എസ്. ഹംസയുമാണ് മത്സരിച്ചത്. ഹംസ സമസ്തയുടെ സ്ഥാനാർഥിയാണ് എന്ന നിലയിലായിരുന്നു അവതരിപ്പിക്കപ്പെട്ടത്. ഹംസക്ക് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ പിന്തുണ നൽകിയെന്ന പരാതിയും ലീഗ് കണ്ടെത്തി. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ട് താഴേത്തട്ടിലേക്കിറങ്ങി കാര്യങ്ങൾ നിയന്ത്രിച്ചു. സമദാനിക്കാകട്ടെ പൊന്നാനിയിലെ ബഹുസ്വരസമൂഹത്തിന്റെ വോട്ട് നേടാനുമായി. പൊന്നാനി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സമദാനിയുടെ ഫലം എത്തുന്നത്. മലപ്പുറത്തും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കുറിക്കുകയാണ് ലീഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.