കൊടുങ്കാറ്റിലും ഇളകാത്ത ഇടതുകോട്ട
text_fieldsപയ്യന്നൂർ: ഇടതുപക്ഷത്തിന്റെ വിജയഗാഥ മാത്രം കേട്ടുശീലിച്ച മണ്ഡലമാണ് പയ്യന്നൂർ. കാസർകോട് ലോക്സഭ മണ്ഡലത്തിൽനിന്ന് ഇടതു സ്ഥാനാർഥികൾ പാർലമെന്റിലെത്തിയപ്പോഴെല്ലാം നിർണായകമായത് പയ്യന്നൂരിന്റെ ഭൂരിപക്ഷമാണ്. അതുകൊണ്ടുതന്നെ, എൽ.ഡി.എഫ് ഏറെ പ്രാധാന്യം നൽകുന്ന മണ്ഡലം കൂടിയാണ് പയ്യന്നൂർ.
2019ൽ കാസർകോട് മണ്ഡലത്തിൽനിന്ന് കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചപ്പോഴും പയ്യന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. സതീഷ്ചന്ദ്രന് 26,131 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫ് തരംഗത്തിലും ഇളകാത്ത കോട്ടയെന്നർഥം.
പയ്യന്നൂർ നഗരസഭയും ചെറുപുഴ, എരമം കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി പഞ്ചായത്തുകളും ചേർന്നതാണ് പയ്യന്നൂർ മണ്ഡലം. എല്ലായിടത്തും എൽ.ഡി.എഫാണ് അധികാരത്തിൽ. ചെറുപുഴ പഞ്ചായത്ത് പുതുതായി പിടിച്ചെടുക്കുകയായിരുന്നു. കേരള കോൺഗ്രസിന്റെ വരവാണ് ചെറുപുഴയെ ഇടതിനൊപ്പം ചേർത്തുനിർത്താൻ കാരണമായത്. രാമന്തളി ഏറെക്കാലം യു.ഡി.എഫ് ഭരിച്ച പഞ്ചായത്താണെങ്കിലും അടുത്ത കാലങ്ങളിൽ ഇടതുഭരണമാണ്.
എങ്കിലും പയ്യന്നൂർ മണ്ഡലത്തിന്റെ കണക്കെടുക്കുമ്പോൾ യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്ന പഞ്ചായത്തുകൾ രാമന്തളിയും ചെറുപുഴയുമാണ്. കരിവെള്ളൂർ പെരളം, കാങ്കോൽ-ആലപ്പടമ്പ്, പെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്തുളിലെയും പയ്യന്നൂരിലെയും വിള്ളൽ വീഴാത്ത പാർട്ടി ഗ്രാമങ്ങളാണ് ഇടതു പ്രതീക്ഷ. എന്നാൽ, പലയിടത്തും ഇടതുകോട്ട അത്ര ഭദ്രമല്ലെന്നും ചരിത്രം തിരുത്തപ്പെടുമെന്നും യു.ഡി.എഫ് കരുതുന്നു. താമര അധികം തളിരിടാത്ത മണ്ഡലമാണ് പയ്യന്നൂർ.
മൂന്ന് സ്ഥാനാർഥികളും നിരവധി തവണ പയ്യന്നൂർ സന്ദർശിച്ചു കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടം പറഞ്ഞാണ് രാജ്മോഹൻ ഉണ്ണിത്താൻ വോട്ടു തേടുന്നത്. പിണറായി സർക്കാറിന്റെ വികസന നേട്ടം പറഞ്ഞാണ് എം.വി. ബാലകൃഷ്ണൻ വോട്ടർമാരെ സമീപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.