‘നാലാം ക്ലാസും ഗുസ്തിയും’ അല്ല മിടുമിടുക്കരാണിവർ
text_fieldsകോഴിക്കോട്: നാലാം ക്ലാസും ഗുസ്തിയുമല്ല യോഗ്യത, വിദ്യാസമ്പരാണ് ഇക്കുറി സ്ഥാനാർഥികളെല്ലാം. കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ ആകെ 60 സ്ഥാനാർഥികളിൽ പിഎച്ച്.ഡി, എൽഎൽ.എം, എൽഎൽ.ബി, ബിരുദാനന്തര ബിരുദം, എം.ഫിൽ, ചാർട്ടേഡ് അക്കൗണ്ടന്റ്, എൻജിനീയറിങ്, എം.ബി.എ, ബി.എഡ്, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവരെല്ലാമുണ്ട്.
മൂന്നു വിഷയത്തിൽ വരെ മാസ്റ്റർ ഡിഗ്രിയുള്ളവരും പട്ടികയിലുണ്ട്. കേവലം അഞ്ചുപേർ മാത്രമാണ് (പത്തു ശതമാനത്തിൽ താഴെ) സ്കൂൾ തലത്തിൽ പഠനം നിർത്തിയവർ.
തിരുവനന്തപുരം, പൊന്നാനി എന്നിവിടങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികളായ ശശി തരൂർ, എം.പി. അബ്ദുസമദ് സമദാനി, പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.എം. തോമസ് ഐസക്, എറണാകുളം, ആലത്തൂർ, മലപ്പുറം എന്നിവിടങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളായ കെ.എസ്. രാധാകൃഷ്ണൻ, ടി.എസ്. സരസു, എം. അബ്ദുസലാം എന്നിവരാണ് ഡോക്ടറേറ്റുള്ളവർ.
ശശി തരൂരിന് യു.എസ്.എയിലെ യൂനിവേഴ്സിറ്റി ഓഫ് പുഗറ്റ് സൗണ്ടിൽ നിന്നും രാജീവ് ചന്ദ്രശേഖറിന് കർണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജി യൂനിവേഴ്സിറ്റിയിൽ നിന്നും (ഓണററി)ടി.എം. തോമസ് ഐസക്കിന് ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ നിന്നും കെ.എസ്. രാധാകൃഷ്ണനും എം.പി. അബ്ദുസമദ് സമദാനിക്കും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും ടി.എസ്. സരസുവിന് കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്നും അബ്ദുസലാമിന് തമിഴ്നാട് കാർഷിക യൂനിവേഴ്സിറ്റിയിൽ നിന്നുമാണ് ഡോക്ടറേറ്റ് ലഭിച്ചത്.
യു.ഡി.എഫ് സ്ഥാനാർഥികളായ അടൂർ പ്രകാശ് (ആറ്റിങ്ങൽ), എൻ.കെ. പ്രേമചന്ദ്രൻ (കൊല്ലം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), കെ. ഫ്രാൻസിസ് ജോർജ് (കോട്ടയം), എം.പി. അബ്ദുസമദ് സമദാനി (മലപ്പുറം) എന്നിവരും എൽ.ഡി.എഫ് സ്ഥാനാർഥികളായ വി. ജോയ് (ആറ്റിങ്ങൽ), സി.എ. അരുൺ (മാവേലിക്കര), എ.എം. ആരിഫ് (ആലപ്പുഴ), വി.എസ്. സുനിൽ കുമാർ (തൃശൂർ), എ. വിജയരാഘവൻ (പാലക്കാട്), എൻ.ഡി.എ സ്ഥാനാർഥികളായ സംഗീത വിശ്വനാഥൻ (ഇടുക്കി), നിവേദിത സുബ്രഹ്മണ്യൻ (പൊന്നാനി) എന്നിവരാണ് എൽഎൽ.ബി യോഗ്യതയുള്ളവർ. ഇതിൽ ചിലർക്ക് നിയമത്തിൽ മാസ്റ്റർ ബിരുദവുമുണ്ട്.
ഡോക്ടറേറ്റ് നേടിയവർക്കുപുറമെ അരുൺകുമാർ, അനിൽ ആന്റണി, കെ.സി. വേണുഗോപാൽ, ഡീൻ കുര്യാക്കോസ്, ജോയ്സ് ജോർജ്, സംഗീത വിശ്വനാഥൻ, കെ.ജെ. ഷൈൻ, സി. രവീന്ദ്രനാഥ്, സുരേഷ് ഗോപി, നിവേദിത സുബ്രഹ്മണ്യം, ഷാഫി പറമ്പിൽ, രാഹുൽ ഗാന്ധി, കെ. സുധാകരൻ, സി. രഘുനാഥൻ എന്നിവരാണ് ബിരുദാനന്തര ബിരുദമുള്ളവർ.
കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ ചാർട്ടേഡ് അക്കൗണ്ടൻറാണ്. ബൈജു കലാശാല, തുഷാർ വെള്ളാപ്പള്ളി, ഇ.ടി. മുഹമ്മദ് ബഷീർ, പന്ന്യൻ രവീന്ദ്രൻ, കെ.എ. ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് സ്കൂൾ തലത്തിൽ പഠനംനിർത്തിയവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.