ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ എസ്.ഡി.പി.ഐക്ക് വോട്ട് കുറഞ്ഞു
text_fieldsമലപ്പുറം: എസ്.ഡി.പി.ഐ പിന്തുണ സജീവചർച്ചയായിരിക്കെ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകളിൽ കുറവ് വന്നതായി കണക്കുകൾ. 2014ലെയും 2019ലെയും വോട്ടുകൾ താരതമ്യം ചെയ്യുമ്പോഴാണ് എസ്.ഡി.പി.ഐ സ്ഥാനാർഥികൾ നേടിയ വോട്ടിലെ കുറവ് വ്യക്തമാവുന്നത്. 2014ൽ 20 ലോക്സഭ സീറ്റുകളിലും എസ്.ഡി.പി.ഐ മത്സരിച്ചപ്പോൾ, 2019ൽ പത്ത് മണ്ഡലങ്ങളിൽ മാത്രമേ പാർട്ടി സ്ഥാനാർഥികളെ നിർത്തിയിരുന്നുള്ളൂ.
സംസ്ഥാനത്ത് എസ്.ഡി.പി.ഐ ഏറ്റവും കൂടുതൽ വോട്ട് നേടുന്നത് മലപ്പുറം ലോക്സഭ മണ്ഡലത്തിലാണ്. 2014ൽ 47,853 വോട്ടാണ് പാർട്ടി സ്ഥാനാർഥി മലപ്പുറത്ത് നേടിയത്. എന്നാൽ, 2019ൽ മലപ്പുറത്ത് 19,106 വോട്ടേ എസ്.ഡി.പി.ഐ സ്ഥാനാർഥിക്ക് ലഭിച്ചുള്ളൂ. 2021ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 46,758 വോട്ടും നേടി. അതേസമയം, 2015ല്‍ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ 45 ജനപ്രതിനിധികളുണ്ടായിരുന്നത് 2020ല്‍ 103 ആയി വര്‍ധിച്ചു.
കേന്ദ്രത്തിൽ ഫാഷിസ്റ്റ് വിരുദ്ധ സർക്കാറിനെതിരായ വികാരത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ വോട്ടുകൾ യു.ഡി.എഫിനനുകൂലമായി വീണെന്നാണ് 2014ലെയും 19ലെയും വോട്ടുവ്യത്യാസം കാണിക്കുന്നത്. ഇത്തവണ വോട്ട് യു.ഡി.എഫിന് നിരുപാധികം നൽകാൻ തീരുമാനിച്ചെങ്കിലും സി.പി.എമ്മും ബി.ജെ.പിയും അത് വിവാദമാക്കിയതോടെ പിന്തുണ നിരസിച്ചിരിക്കുകയാണ് യു.ഡി.എഫ്. പോപുലർ ഫ്രണ്ട് നിരോധനശേഷമുള്ള ആദ്യ ലോക്സഭ തെരഞ്ഞെടുപ്പാണ് ഇത്തവണ. അതിനാൽ, എസ്.ഡി.പി.ഐ വോട്ടുകൾ ആർക്ക് ലഭിക്കുമെന്നത് പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.