കട്ടായം: സുൽത്താൻ ബത്തേരി തന്നെ
text_fieldsസുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിന് യു.ഡി.എഫ് ചായ്വാണ്. എന്നാൽ പ്രഗല്ഭരായ എൽ.ഡി.എഫ് നേതാക്കളെ എം.എൽ.എമാരാക്കിയ ചരിത്രവും മണ്ഡലത്തിനുണ്ട്. പക്ഷേ, ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ല. ഇത്തവണ ലോക്സഭ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന പ്രസ്താവന നടത്തിയിട്ടും ആരും ഗൗനിക്കാത്തത് അതുകൊണ്ടാണ്.
ആകെ 2,25,635 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. പുരുഷന്മാര് 1,10,039, സ്ത്രീകള്‍ 1,15,596. പൊതുവെ യു.ഡി.എഫിന് മുൻതൂക്കമുള്ള നിയോജക മണ്ഡലമാണ്. ചരിത്രം പരിശോധിക്കുമ്പോൾ യു.ഡി.എഫ് എം.എൽ.എമാരാണ് ഇവിടെ കൂടുതലുണ്ടായത്. തുടർച്ചയായി കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്റെ ഐ.സി. ബാലകൃഷ്ണനാണ് വിജയം. എന്നാൽ പി.വി. വർഗീസ് വൈദ്യർ, പി. കൃഷ്ണപ്രസാദ് തുടങ്ങിയ പൊതുരംഗത്തെ പ്രഗത്ഭരായ ഇടത് എം.എൽ.എമാരും മണ്ഡലത്തെ പ്രതിനിധികരിച്ചിട്ടുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഐ.സി നേരിട്ടത് കടുത്ത മത്സരമാണ്. അന്ന് എതിരാളി ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാവായിരുന്ന എം.എസ്. വിശ്വനാഥനായിരുന്നു. സി.പി.എമ്മിൽ ചേക്കേറിയ വിശ്വനാഥൻ ഐ.സിക്കെതിരെ മത്സരിച്ചപ്പോൾ മത്സരം തീപാറുകയായിരുന്നു.
എന്നാൽ, 81077 വോട്ടുകൾ നേടി 11822 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഐ.സി. വിജയിച്ചു. എം.എസ്. വിശ്വനാഥന് 69255 വോട്ടുകൾ കിട്ടി. മൂന്നാം സ്ഥാനത്തെത്തിയ എൻ.ഡി.എയുടെ സി.കെ. ജാനുവിന്റെ പ്രകടനം ഏറെ ദയനീയമായിരുന്നു. 9.08ശതമാനമാണ് ജാനുവിന്റെ വോട്ട് നില. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 27,920 വോട്ട് നേടിയ എന്‍.ഡി.എ.ക്ക് 2021ൽ 15,198 വോട്ടാണ് ലഭിച്ചത്.
വലിയൊരു മാറ്റം ഈ ലോക്സഭ തെരഞ്ഞെടുപ്പിലും സുൽത്താൻ ബത്തേരിയിൽ കാണാൻ സാധ്യതയില്ല. പൂതാടി, മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, പുൽപള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ എന്നിങ്ങനെ ഏഴു പഞ്ചായത്തുകളും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുമാണ് നിയോജക മണ്ഡലത്തിലുള്ളത്.
ഇതിൽ പൂതാടി, മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, മുള്ളൻകൊല്ലി, പുൽപള്ളി എന്നിവിടങ്ങളിൽ നിലവിൽ യു.ഡി.എഫാണ് ഭരിക്കുന്നത്. അമ്പലവയലിൽ മാത്രമാണ് ഇടത് ഭരണം. എന്നാൽ ഇപ്പോൾ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലൊക്കെ ഇടതുപക്ഷത്തിന് വലിയ സ്വാധീനമുണ്ടെന്നതാണ് വസ്തുത.
മുനിസിപ്പാലിറ്റി ആകുന്നതിനുമുമ്പ് സുൽത്താൻ ബത്തേരി യു.ഡി.എഫിന്റെ കോട്ടയായിരുന്നു. ഇപ്പോൾ ഇടതുപക്ഷമാണ് മുനിസിപ്പാലിറ്റി ഭരിക്കുന്നത്. എന്നാൽ വോട്ട് നിലയിൽ രാഹുൽ ഗാന്ധിക്ക് വലിയ പിന്തുണ ഇവിടെ നിന്ന് ലഭിക്കുമെന്നുറപ്പാണ്.
രാത്രിയാത്ര നിരോധനം, വന്യമൃഗ ശല്യം, ബഫര്‍സോൺ...
രാത്രിയാത്ര നിരോധനം, വന്യമൃഗ ശല്യം, സർക്കാർ കോളജ്, നല്ല ആശുപത്രിയുടെ അഭാവം എന്നിവയൊക്കെയാണ് സുൽത്താൻ ബത്തേരി നേരിടുന്ന വലിയ പ്രശ്നങ്ങൾ. കർണാടക ഭരിക്കുന്നത് കോൺഗ്രസ് സർക്കാറായതിനാൽ രാത്രിയാത്ര നിരോധന കാര്യത്തിൽ രാഹുൽ ഗാന്ധി എം.പിക്ക് കാര്യമായി ഇടപെടാൻ കഴിയുമെന്നും, എന്നാൽ എം.പി അക്കാര്യത്തിൽ പിറകോട്ട് പോയെന്നുമുള്ള ആരോപണം ശക്തമായിരുന്നു.
ബഫര്‍സോൺ വിഷയവും സുൽത്താൻ ബത്തേരിയെ കാര്യമായി ബാധിക്കുന്നുണ്ട്. നല്ല ആശുപത്രിയുടെ അഭാവം വലിയ പ്രശ്നമാണ്. താലൂക്ക് ഹെഡ്ക്വോർട്ടേഴ്സ് ആശുപത്രിയിൽ കെട്ടിടങ്ങൾ നിരവധി ഉണ്ടെങ്കിലും അതിനനുസരിച്ചുള്ള സേവനം രോഗികൾക്ക് ലഭ്യമാകുന്നില്ല. കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിൽ ലഭിക്കുന്ന സേവനം പോലും ഇപ്പോൾ ഇവിടെ ലഭ്യമല്ല. ബത്തേരി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാനന്തവാടി മെഡിക്കൽ കോളജിലേക്ക് എത്താൻ ഒന്നരമണിക്കൂറോളം വേണം.
ഈ അവസ്ഥയിൽ താലൂക്ക് ആശുപത്രിയെ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
ഗവൺമെന്റ് കോളജ് ഇല്ലാത്ത കേരളത്തിലെ അപൂർവം താലൂക്കുകളിൽ ഒന്നാണ് ബത്തേരി. സംസ്ഥാന സർക്കാറിന്റെ താൽപര്യമില്ലായ്മയാണ് കോളജ് യാഥാർഥ്യമാകാത്തതിന്റെ കാരണമെന്ന ആക്ഷേപം ശക്തമാണ്.
എന്നാൽ എം.എൽ.എയുടെ കഴിവുകേടാണെന്നാണ് എതിർ വിഭാഗത്തിന്റെ വാദം. ബത്തേരി നഗരത്തിലെ ഒരിക്കലും തീരാത്ത ഗതാഗതക്കുരുക്ക് ഈ തെരഞ്ഞെടുപ്പിലും ചർച്ചയാകുന്നുണ്ട്.
സുൽത്താൻ ബത്തേരി മണ്ഡലം ഒറ്റനോട്ടത്തിൽ
നിലവിലെ വോട്ടർമാർ:
ആകെ വോട്ടർ -2,25,635
പുരുഷന്മാർ - 1,100,39
സ്ത്രീകൾ - 1,15,596
2021 നിയമസഭ തെരഞ്ഞെടുപ്പ്
ഐ.സി ബാലകൃഷ്ണൻ: 81,077
എം.എസ്. വിശ്വനാഥൻ: 69,255
സി.കെ. ജാനു: 15,198
ഐ.സി ബാലകൃഷ്ണൻ ഭൂരിപക്ഷം: 11,822
സ്വാധീനമില്ലാതെ ബി.ജെ.പി
2019 ലോക്സഭ തെരഞ്ഞെടുപ്പിലെ രാഹുൽ ഗാന്ധി തരംഗം ഇത്തവണ ബത്തേരിയിലും പ്രതിഫലിക്കുമോയെന്ന് കണ്ടറിയണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ തന്നെ ആനി രാജ മണ്ഡലത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രചാരണം നടത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വരവ് കാര്യമായി സ്വാധീനിക്കാൻ ഇടയില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായ സി.കെ. ജാനുവുമായി ബന്ധപ്പെട്ട കോഴ വിവാദം ബത്തേരിയിലെ ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു.
അന്നുണ്ടായിരുന്ന ആഭ്യന്തര പ്രശ്നം ഏറക്കുറെ പരിഹരിക്കപ്പെട്ടുവെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഇപ്പോഴും അണികൾക്കിടയിൽ ചില നേതാക്കന്മാരോട് ചൊരുക്കുണ്ടെന്നതാണ് ലഭിക്കുന്ന സൂചനകൾ. സുരേന്ദ്രന്റെ ഗണപതിവട്ട പ്രസ്താവന യു.ഡി.എഫിനെ കൂടുതൽ ഒത്തൊരുമയിലാക്കി. ജനഹൃദയങ്ങളിൽ പതിഞ്ഞ സുൽത്താൻ ബത്തേരിയെന്ന പേര് മാറ്റണമെന്നുള്ള ചർച്ച പോലും വേണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.