അനന്തപുരിയിൽ പോരാട്ടത്തിന്റെ തീക്കാറ്റ്
text_fieldsതിരുവനന്തപുരം: അറബിക്കടൽ കടന്നുവരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന് കൃത്യമായ ദിശയും സഞ്ചാര വഴിയുമുണ്ട്. മുറതെറ്റാതെ കാലങ്ങളായി തിരുവനന്തപുരത്തിന്റെ തെക്കേ ചരിവിലേക്ക് ആദ്യം വീശിക്കയറുന്ന ഇടവപ്പാതി കാറ്റിന്റെ ഗതിയിലാണ് ഇന്ത്യയിലെ കാലാവസ്ഥയുടെ സൂചനയുണ്ടാകുക. പക്ഷേ, മണ്ണും വിണ്ണും തണുപ്പിക്കുന്ന ഇടവപ്പാതി കാറ്റിനെ അതിവിദൂര പ്രതീക്ഷ മാത്രമാക്കി, മണ്ഡലത്തെ ചുട്ടുപൊള്ളിക്കുന്ന തീക്കാറ്റാണ് ഇപ്പോൾ അനന്തപുരിയിൽ വീശുന്നത്. രാഷ്ട്രീയ പോരാട്ടത്തിന്റെ യഥാർഥ ഉഷ്ണം സ്ഥാനാർഥികളും മുന്നണികളും അനുഭവിക്കുന്ന മണ്ഡലങ്ങളിലൊന്നാകുകയാണ് തലസ്ഥാനം.
മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരും പന്ന്യൻ രവീന്ദ്രനിലൂടെ മണ്ഡലം തിരികെപ്പിടിക്കാൻ ഇടതുമുന്നണിയും അട്ടിമറിവിജയത്തിന് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും കടുത്ത പോരിലാണ്. മൂന്ന് കൂട്ടർക്കും നെഗറ്റീവും പോസിറ്റീവും കള്ളിയായി എഴുതി മാർക്ക് കൂടിയാൽ സമാസമം. മറ്റ് മണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമായി രാഷ്ട്രീയത്തിനപ്പുറം സ്വത്തുവിവരവും വക്കീൽ നോട്ടീസും മുതൽ മത്സരം ആരൊക്കെത്തമ്മിലെന്നത് സംബന്ധിച്ച സ്ഥാനാർഥികളുടെ പരാമർശങ്ങൾ വരെ വിവാദങ്ങൾക്ക് വഴിമാറിയതാണ് മണ്ഡലത്തിലെ പോർചിത്രം. വ്യക്തിപ്രഭാവ കാര്യത്തിൽ ആരുടെ തട്ടിന് കനംതൂങ്ങുമെന്നത് കണ്ണുംപൂട്ടി പറയുക അസാധ്യമാണിവിടെ. കോൺഗ്രസിന്റെ അന്തർദേശീയ മുഖമാണ് ശശി തരൂർ. മൂന്ന് വട്ടം എം.പിയായി തന്റെ ഇടം കൃത്യമായി നിർണയിച്ചയാൾ. മുമ്പ് തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച പന്ന്യനാകട്ടെ തെളിമയും ലാളിത്യവുമുള്ള വ്യക്തിത്വമാണ്. നിലപാടുകളിൽ കാർക്കശ്യവും കൃത്യതയും. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയപ്പെടുന്ന ഐ.ടി വിദഗ്ദ്ധനും വ്യാവസായിക പശ്ചാത്തലമുള്ളയാളും.
ഇഴകീറിയും മാറ്റുരച്ചും
രാഷ്ട്രീയമായ മാറ്റുരക്കലിൽ ദേശീയ രാഷ്ട്രീയവും സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും മുതൽ എം.പി എന്ന നിലയിലെ തരൂരിന്റെ വികസനസാന്നിധ്യവുമെല്ലാം ഇഴകീറിയ ചർച്ചയാണിവിടെ. ജനകീയ വിഷയങ്ങളെടുത്താൽ വിഴിഞ്ഞം തുറമുഖ സമരത്തിെൻറ കനലുകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. കോൺഗ്രസ് ഒന്നടക്കം തീരദേശവാസികളുടെ സമരത്തിനൊപ്പമായിരുന്നെങ്കിലും ശശി തരൂർ മറിച്ചൊരു നിലപാടാണ് സ്വീകരിച്ചത്. സമരം സർക്കാറിനെതിരെയായിരുന്നതിനാൽ ഇടതുപക്ഷമായിരുന്നു മറുഭാഗത്ത്. വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ചും തീരദേശവാസികളുടെ പ്രക്ഷോഭത്തെ എതിർത്തും നടന്ന ബദൽ സമരത്തിെൻറ മുൻനിരയിലായിരുന്നു ബി.ജെ.പി. ഇത്തരത്തിൽ എല്ലാവശവും മൂർച്ചയുള്ള വാള് പോലെയാണ് വിഴിഞ്ഞം. തീരജീവിതങ്ങൾ വിഷയത്തെ എങ്ങനെ സമീപിക്കുന്നുമെന്നത് അക്ഷരാർഥത്തിൽ നിർണായകം.
സർക്കാർ ജീവനക്കാരുടെ വലിയൊരു സാന്നിധ്യം മണ്ഡലത്തിലുണ്ട്. ശമ്പള പരിഷ്കരണ കുടിശ്ശിക മുതൽ ഡി.എ വരെയുള്ള സർവിസ് കാര്യങ്ങളും ഇവിടെ േവാട്ടിനെ സ്വാധീനിക്കാൻ പോന്നതാണ്. ദേശീയ രാഷ്ട്രീയത്തിലെ ബി.ജെ.പിയുടെ സമീപനങ്ങളാണ് സി.പി.എമ്മും യു.ഡി.എഫും ചർച്ചയാക്കുന്നത്. വികസന വാഗ്ദാനങ്ങൾ നൽകിയും ജയിച്ചാൽ മോദി കാബിനറ്റിലെ മന്ത്രിയുമെന്നത് ചൂണ്ടിയുമാണ് ബി.ജെ.പിയുടെ പ്രതിരോധവും പ്രചാരണവും. ന്യൂനപക്ഷ േവാട്ടുകൾ നിർണായകമാണിവിടെ. മുന്നണികൾക്കുള്ള അടിയുറച്ച വോട്ടിന് പുറമേ 18-20 ശതമാനത്തോളം ഫ്ലോട്ടിങ് വോട്ട് മണ്ഡലത്തിലുണ്ട്. ഇതിൽ ഭൂരിഭാഗവും മതേതര വോട്ടുകളുമാണ്. ജനജീവിതം ദുസ്സഹമായ കർഷകരുടെയും അടിസ്ഥാന ജനവിഭാഗക്കളുടെയും തൊഴിലാളികളുടെയും രോഷവും ഇക്കുറി ജനവിധിയിൽ പ്രതിഫലിക്കും.
കണക്കിലെ കളികളിൽ ആർക്കൊപ്പം
1952 മുതലുള്ള തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ കണക്കിലെ കളി കോൺഗ്രസിന് അനുകൂലമാണ്. ഒമ്പത് ജയം. നാലുതവണ ഇടതുപക്ഷത്തിനും. നാടാർ, നായർ സമുദായങ്ങളും മുസ്ലിം, ക്രൈസ്തവ, ഈഴവ വിഭാഗങ്ങളും നിർണായക സാന്നിധ്യമാണിവിടെ. മുമ്പ് ബി.ജെ.പി ജയിച്ച നേമത്തും തിരുവനന്തപുരം നിയമസഭ മണ്ഡലത്തിന്റെ ചില ഭാഗങ്ങളിലും നിർണായക സ്വാധീനം ചെലുത്തുന്ന മുസ്ലിം സമുദായം ഓരോ തെരഞ്ഞെടുപ്പ് കാലത്തും പൊതു രാഷ്ട്രീയസ്ഥിതി കൂടി പരിഗണിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കോളജ്, സ്കൂൾ അധ്യാപകർ, സർവകലാശാല ജീവനക്കാർ, വിവിധ അക്കാദമിക് സ്ഥാപനങ്ങളിലെ വിദഗ്ധർ അടക്കം ഉദ്യോഗസ്ഥ വിഭാഗം വോട്ട് ബാങ്കിൽ ചെറുതല്ലാത്ത വിഭാഗമാണ്.
വോട്ടൊഴുക്കിലെ വട്ടംകറക്കൽ
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽനിന്ന് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോഴേക്കും തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടുവിഹിതവും ഭൂരിപക്ഷവുമെല്ലാം മാറിമറിഞ്ഞിട്ടുണ്ട്. കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിൻകര, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കോവളം, നേമം എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലുള്ളത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമം ഒഴികെയുള്ള നിയമസഭ മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫിനായിരുന്നു നേട്ടവും ഭൂരിപക്ഷവും. നേമത്ത് ബി.ജെ.പിക്കും. എൽ.ഡി.എഫിന് ഒരിടത്തും ഭൂരിപക്ഷമില്ലായിരുന്നു. എന്നാൽ 2021ലേക്കെത്തുമ്പോഴേക്കും ഏഴിൽ ആറും എൽ.ഡി.എഫിനൊപ്പം. ഒരിടത്ത് യു.ഡി.എഫും. ബി.ജെ.പിക്ക് പൂജ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.