ഉറച്ച കോട്ടയിൽ ദേശീയ പോരാട്ടം
text_fieldsഇൻഡ്യ മുന്നണിയിലെ രണ്ട് ദേശീയ നേതാക്കൾ തമ്മിലുള്ള പോരിനാണ് വയനാട് മണ്ഡലം സാക്ഷിയാകുന്നത്. യു.ഡി.
എഫിനായി സിറ്റിങ് സീറ്റിൽ രാഹുൽ ഗാന്ധിയും എൽ.ഡി.എഫിനായി സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനിരാജയും കളത്തിലിറങ്ങുന്നതോടെ, വയനാടിനെ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.
മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും വോട്ടർമാരും മണ്ഡലപരിധിയിലെ നിയമസഭാമണ്ഡലങ്ങളും കൂടുതലുള്ളത് വയനാട്ടിന് പുറത്താണ്. മണ്ഡലത്തിലെ 14.29 ലക്ഷം സമ്മതിദായകരിൽ വയനാട് ജില്ലയിൽ ആകെ 6,24,225 പേരാണുള്ളത്. എന്നാൽ, മലപ്പുറം ജില്ലയുടെ ഭാഗവും വയനാട് പാർലമന്റെ് മണ്ഡല പരിധിയിൽ വരുന്നതുമായ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ മാത്രം 6,26,139 വോട്ടർമാരുണ്ട്. കോഴിക്കോട് ജില്ലയുടെ ഭാഗമായ തിരുവമ്പാടിയിലെ 1,79,415 വോട്ടര്മാരെ കൂടി ചേർത്താൽ അത് 8,05,554 ആകും. അതായത്, വയനാടിനെക്കാൾ 1,81,329 കൂടുതൽ വോട്ടർമാർ ജില്ലക്ക് പുറത്തെ നാല് നിയമസഭാ മണ്ഡലങ്ങളിൽ.
കേരളത്തിൽ യു.ഡി.എഫ് ഏറ്റവും സുരക്ഷിത മണ്ഡലമായാണ് വയനാടിനെ കാണുന്നതെങ്കിലും രാഹുലിനൻറെ രംഗ പ്രവേശനത്തിന് മുമ്പ് യു.ഡി.എഫിനെ വിറപ്പിച്ച ചരിത്രവുണ്ട്. വയനാട് പാർലമന്റെിനൻറെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,53,439 ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ എം.ഐ. ഷാനവാസ് വിജയിച്ചതെങ്കിൽ തൊട്ടടുത്ത തവണ ഷാനവാസിന്റെ ഭൂരിപക്ഷം 20870 ആയി ഒറ്റയടിക്ക് കുറഞ്ഞു. ആഞ്ഞുപിടിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ കൈപിടിയിലൊതുക്കാമെന്ന് എൽ.ഡി.എഫിനു തോന്നിത്തുടങ്ങിയത് ആ തിരഞ്ഞെടുപ്പു മുതലാണ്. 2019ൽ വയനാട് പിടിക്കാമെന്ന പ്രതീക്ഷയോടെ നേരത്തേ തന്നെ സ്ഥാനാർഥിയെ നിശ്ചയിച്ച് പ്രചാരണം തുടങ്ങിയപ്പോഴാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി. സിദ്ധീഖിനെ മാറ്റി രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി. അതേടെ നിയമസഭയിൽ എൽ.ഡി.എഫിനൊപ്പം നിന്ന മണ്ഡലങ്ങൾ പോലും രാഹുൽ ഗാന്ധിക്കു വോട്ട് ചെയ്യാൻ മത്സരിക്കുകയായിരുന്നു. 80.27% പോളിങ്ങാണ് മണ്ഡലത്തിൽ അന്ന് രേഖപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 10,89,999 വോട്ടുകളിൽ 7,06367 വോട്ടുകളും രാഹുലിന്റെ പെട്ടിയിൽ. നാല് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് എം.എൽ.എമാരായിരുന്നിട്ടു പോലും 4,31,770 വോട്ടിന്റെ കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷം. ഇത്തവണ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലെത്തിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുമ്പോൾ രണ്ടുലക്ഷം കടത്തില്ലെന്നാണ് എൽ.ഡി.എഫ് അടക്കം പറച്ചിൽ.
സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടു പോകുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ യും. കഴിഞ്ഞ തവണ ബി.ജെ.ഡി.എസിന് നൽകിയ സീറ്റിൽ തുഷർ വെള്ളാപ്പള്ളിയാണ് മൽസരിച്ചത്. ഇത്തവണ അവർ സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുത്തിട്ടുണ്ട്. പക്ഷെ, ബി.ജെ.പിയുടെ നാലാംഘട്ട പട്ടികയിലും വയനാട് സ്ഥാനാർഥിയുടെ പേരില്ല.
ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപം നേരത്തേ നടന്നതിനാൽ മിക്ക മണ്ഡലങ്ങളിലും ആനി രാജ ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ എൻട്രി താമസിച്ചാണെങ്കിലും സ്ഥാനാർത്ഥിയില്ലാതെ അവരു പ്രചാരണങ്ങൾക്കും ദേശീയ സംസ്ഥാന നേതാക്കളെ കളത്തിലിറക്കി തുടക്കം കുറിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിനു ശേഷം വൈകാതെ വയനാട്ടിലെത്തുമെന്നാണു വിവരം. ഇന്ത്യയൊട്ടാകെ പ്രചാരണത്തിനു പോകേണ്ടിവരുമെന്നതിനാൽ രാഹുൽ എത്രനാൾ വയനാട്ടിലുണ്ടാവുമെന്നറിയില്ല. അതേസമയം, രാഹുലിന്റെ അഭാവം പരിഹരിക്കാൻ ഓരോ പ്രവർത്തകനും സ്ഥാനാർത്ഥിയായി രംഗത്തിറങ്ങണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആഹ്വാനം. നാമനിർദേശ പത്രിക സമർപ്പിച്ചശേഷം കഴിഞ്ഞ തവണയും അധികദിവസം രാഹുൽ വയനാട്ടിൽ പ്രചാരണത്തിനില്ലായിരുന്നു.
വയനാട്ടിൽ വന്യജീവ ശല്യവും ചുരം, രാത്രിയാത്രാ ഗതാഗത പ്രശ്നങ്ങളും വയനാട് മെഡിക്കൽ കോളജും ന്യൂന പക്ഷ വിഷയവുമൊക്കെയാണ് ചർച്ചയെങ്കിലും ചുരമിറങ്ങിയാൽ പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ. നിലമ്പൂർ, തിരുവമ്പാടി മണ്ഡലങ്ങളിൽ വന്യമൃഗ ഭീഷണിയും പ്രാചാരണ വിഷയങ്ങളിലുണ്ട്. രാഹുൽ ഇഫക്ട് തന്നെയാണ് യു.ഡി.എഫിനൻറെ തുറുപ്പ് ചീട്ട്. അതേസമയം, എം.പി എന്ന നിലയിൽ രാഹുൽ പരാജയമാണെന്ന പ്രാചാരണത്തിനാണ് എൽ.ഡി.എഫ് മുൻതൂക്കം നൽകുന്നത്. ഒപ്പം, രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വവും അവർ ആവർത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.