ലോക്സഭ സീറ്റ്: ഇടഞ്ഞ ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ ഉഭയകക്ഷി ചർച്ചയുമായി സി.പി.എം
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതോടെ എൽ.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്ന ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ ഉഭയകക്ഷി ചർച്ചയുമായി സി.പി.എം. ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലാണ് ചർച്ച. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ ആർ.ജെ.ഡിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ, സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് എന്നിവരാകും പങ്കെടുക്കുക.
യോഗത്തിൽ ഉന്നയിക്കേണ്ട ആവശ്യങ്ങളിൽ ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി ചേർന്ന് തീരുമാനമുണ്ടാക്കി. സി.പി.എം ചർച്ച നടത്താമെന്നറിയിച്ചതോടെ തന്നെ ആർ.ജെ.ഡി പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ബോർഡ്, കോർപറേഷൻ സ്ഥാനമാനങ്ങൾ രാജിവെക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിൻമാറി. ഉഭയകക്ഷി ചർച്ചക്കുശേഷം മറ്റു നടപടികൾ ആലോചിച്ചാൽ മതിയെന്നാണ് പാർട്ടിയിലെ ധാരണ.
സംസ്ഥാന കമ്മിറ്റി യോഗം എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിന് രംഗത്തിറങ്ങാനും ജാതി സെൻസസ് പ്രധാന പ്രശ്നമായി ഉയർത്തി തിരുവനന്തപുരത്ത് സാമൂഹിക നീതി പ്രസ്ഥാനങ്ങളുടെ മഹാസംഗമം വിളിച്ചുചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.