ഡീലുകൾക്കപ്പുറം തൃശൂരിൽ സംഭവിച്ചത്...
text_fieldsതൃശൂർ: വോട്ടെടുപ്പിന് മുമ്പും വോട്ടെണ്ണൽ കഴിഞ്ഞും കോൺഗ്രസ് ഉന്നയിച്ച സി.പി.എം -ബി.ജെ.പി ഡീലും വോട്ടെണ്ണലിന് ശേഷം സി.പി.ഐ ഉയർത്തിയ കോൺഗ്രസ് -ബി.ജെ.പി ഡീലും രാഷ്ട്രീയ ആരോപണ -പ്രത്യാരോപണമായി നിലനിൽക്കുമ്പോഴും തൃശൂർ ലോക്സഭ മണ്ഡലം എൻ.ഡി.എയുടെ കൈകളിൽ എത്തിയതിനു പിന്നിൽ ഇതിനപ്പുറമുള്ള ‘അടിയൊഴുക്ക്’. പരമ്പരാഗതമായി യു.ഡി.എഫിനെയോ എൽ.ഡി.എഫിനെയോ പിന്തുണച്ചിരുന്ന ചില വിഭാഗങ്ങളുടെ വോട്ടുകൾ കൂട്ടത്തോടെ ഇത്തവണ മൂന്നാം മുന്നണിയായ എൻ.ഡി.എക്ക് ലഭിച്ചെന്ന് മേഖല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുന്നു. ഇത് എൻ.ഡി.എക്കും ബി.ജെ.പിക്കുമുപരി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടാണെന്ന് സമ്മതിക്കേണ്ടിവരും.
തൃശൂർ ലോക്സഭ മണ്ഡല പരിധിയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും 2021ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഇടതുമുന്നണിയാണ്. ഇതിൽ ക്രൈസ്തവ ആധിപത്യമുള്ള ഒല്ലൂർ, മണലൂർ തുടങ്ങിയ പ്രദേശങ്ങളുമുണ്ട്. ഇവിടെയെല്ലാം സുരേഷ് ഗോപി വൻ മുന്നേറ്റം നടത്തിയത് തൃശൂരിലെ ക്രൈസ്തവ വോട്ടർമാർക്ക് രണ്ട് പരമ്പരാഗത മുന്നണിക്കപ്പുറം ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണിയോടുള്ള ‘അയിത്തം’ മാറിയതിന്റെ തെളിവാണ്. ഇത്തവണ തോറ്റത് കോൺഗ്രസിലെ കെ. മുരളീധരനാണെങ്കിലും പ്രബല വിഭാഗത്തിന്റെ ഈ വ്യതിയാനത്തിന്റെ ആഘാതം ഏറെ ബാധിക്കുന്നത് എൽ.ഡി.എഫിനെയാണ്.
സി.പി.ഐ പ്രതിനിധിയായ സംസ്ഥാന റവന്യൂ മന്ത്രി കെ. രാജൻ പ്രതിനിധാനം ചെയ്യുന്ന ഒല്ലൂരിൽ വൻ കുതിപ്പാണ് ബി.ജെ.പി സ്ഥാനാർഥി നടത്തിയത്. ക്രൈസ്തവ വോട്ടിന് മുൻതൂക്കമുള്ള മണ്ഡലമാണിത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ. രാജൻ 21,506 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഇത്രയും വോട്ട് മറികടന്ന് 10,363 വോട്ടുകളുടെ ഭൂരിപക്ഷം സുരേഷ് ഗോപി നേടി. മണലൂരിൽ സി.പി.എമ്മിലെ മുരളി പെരുനെല്ലി 29,876 വോട്ടാണ് ഭൂരിപക്ഷം നേടിയത്. ഇവിടെ സുരേഷ് ഗോപി 8013 വോട്ട് അധികം നേടിയതും സൂചകമാണ്.
മന്ത്രി ആർ. ബിന്ദുവിന്റെ മണ്ഡലമാണ് ഇരിങ്ങാലക്കുട. 2021ൽ 5949 വോട്ടായിരുന്നു ബിന്ദുവിന്റെ ഭൂരിപക്ഷം. പൊതുവെ യു.ഡി.എഫിന് മേൽക്കൈയുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയാണ് ജയിച്ചത്. ഇവിടെ 13,016 വോട്ടാണ് ഇത്തവണ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. ഇടതുമുന്നണി മൂന്നാം സ്ഥാനത്തായി.
എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ 2016ൽ പ്രതിനിധാനം ചെയ്യുകയും മന്ത്രിയാവുകയും ചെയ്ത തൃശൂർ നിയമസഭ മണ്ഡലത്തിൽ 2021ൽ സി.പി.ഐയുടെ പി. ബാലചന്ദ്രൻ 946 വോട്ടിനാണ് ജയിച്ചത്. തൃശൂർ നിയമസഭ മണ്ഡലം പൊതുവെ യു.ഡി.എഫിന് മുൻതൂക്കമുള്ളതാണ്. ഇവിടെ സുരേഷ് ഗോപി ഇത്തവണ 14,117 വോട്ടിന്റെ ഭൂരിപക്ഷം നേടിയത് എൽ.ഡി.എഫിനും യു.ഡി.എഫിനും പ്രഹരമാണ്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുന്നതിന്റെ സൂചന തൃശൂർ നിയമസഭ മണ്ഡലത്തിൽ പ്രകടമാണ്.
ഇടതുമുന്നണി ശക്തികേന്ദ്രങ്ങളായ നാട്ടികയിലും പുതുക്കാട്ടും ബി.ജെ.പി കുതിപ്പ് നടത്തി. നാട്ടികയിൽ 2021ൽ 28,431 വോട്ടാണ് സി.പി.ഐയുടെ ഭൂരിപക്ഷം. ഇവിടെ 13,945 വോട്ടാണ് ഇത്തവണ സുരേഷ് ഗോപി ലീഡ് നേടിയത്. മുൻ മന്ത്രി സി. രവീന്ദ്രനാഥ് പ്രതിനിധാനം ചെയ്തിരുന്നതും ഇപ്പോൾ സി.പി.എം പ്രതിനിധിയുള്ളതുമായ പുതുക്കാട് മണ്ഡലത്തിൽ 12,692 വോട്ട് സുരേഷ് ഗോപി ലീഡ് പിടിച്ചിട്ടുണ്ട്. 2021ൽ 27,353 വോട്ട് എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്.
2021 നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സ്ഥാനാർഥിയില്ലാതെപോയ, എൻ.ഡി.എ എന്ന പേരിൽ മറ്റൊരു പാർട്ടിയുടെ പ്രതിനിധിയെ പിന്തുണച്ച ഗുരുവായൂർ നിയമസഭ മണ്ഡലത്തിൽ ഇത്തവണ സുരേഷ് ഗോപി 45,049 വോട്ട് നേടിയിട്ടുണ്ട്. ഇവിടെ മാത്രമാണ് യു.ഡി.എഫ് മുന്നിലെത്തിയത്. തൃശൂർ ലോക്സഭ മണ്ഡലത്തിൽ മുസ്ലിം വോട്ടർമാർക്ക് സ്വാധീനമുള്ള മണ്ഡലമാണിത്.
ക്രൈസ്തവ വോട്ടിലെ വൻ വ്യതിയാനത്തിനൊപ്പം സ്ത്രീ വോട്ടർമാരുടെ ഏതാണ്ട് കൂട്ട കൂടുമാറ്റവും സുരേഷ് ഗോപിയെ തുണച്ചിട്ടുണ്ട്. മുമ്പ് യു.ഡി.എഫ്, എൽ.ഡി.എഫ് ആഭിമുഖ്യം പുലർത്തിയിരുന്ന സ്ത്രീവോട്ടർമാരിൽ വലിയൊരു വിഭാഗം ബി.ജെ.പിക്ക്, പ്രത്യേകിച്ച് സുരേഷ് ഗോപിക്ക് അനുകൂലമായി ചിന്തിച്ചെന്ന് വ്യക്തമാണ്. ഈ അടിസ്ഥാന ഘടകങ്ങൾക്കൊപ്പമാണ് സിറ്റിങ് എം.പി ടി.എൻ. പ്രതാപനും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വരുത്തിയ വീഴ്ചയും ഉദാസീനതയും വഴിയുണ്ടായ നഷ്ടമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.