ലോക കേരളസഭ; ചർച്ചയിൽ താരമായി നാരായണൻ
text_fieldsതിരുവനന്തപുരം: ലോക കേരളസഭയിൽ തൊഴിലാളി വിഭാഗത്തിൽ ഏറ്റവും മുതിർന്ന അംഗമായി എത്തിയ ബഹ്റൈനിൽനിന്നുള്ള സി.വി. നാരായണൻ ചർച്ചകളിൽ പങ്കെടുത്ത് താരമായി. പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും എണ്ണിപ്പറഞ്ഞും ലോക കേരളസഭ പ്രവാസികളുടെ അതിജീവന വേദിയാകുമെന്ന പ്രത്യാശ പങ്കുവെച്ചുമാണ് കണ്ണൂർ സ്വദേശിയായ ഈ 68കാരൻ വേദിയിൽ ശ്രദ്ധാകേന്ദ്രമായത്.
1983ൽ ബഹ്റൈനിൽ ഫ്രീ വിസയിൽ എത്തിയ നാരായണൻ പിന്നീട് സ്വകാര്യ കമ്പനിയിൽ തൊഴിലാളിയായി. അന്നും ഇന്നും അദ്ദേഹം തൊഴിലാളിയാണ്. ഓവർ ടൈമോ പാർട്ട് ടൈം ജോലികളോ ചെയ്യാതെ ഒഴിവ് സമയങ്ങളിൽ പൊതുപ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത നാരായണന് കാര്യമായ സമ്പാദ്യമില്ല. എണ്ണമറ്റ സൗഹൃദങ്ങളുണ്ടായതും നിരവധിപേരെ സഹായിക്കാനായതുമാണ് നാരായണന് സംതൃപ്തി നൽകുന്നത്. മുൻ വർഷങ്ങളിലെ രണ്ട് ലോക കേരളസഭകളിലും അംഗമായിരുന്നു.
ബഹ്റൈൻ പ്രതിഭ എന്ന പ്രവാസി സംഘടനയുടെ രൂപവത്കരണ കാലംമുതൽ അതിന്റെ പ്രവർത്തകനാണ്. 2018ൽ പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ, സുഹൃത്തുക്കൾ സമ്മതിച്ചില്ല. അവർ പുതിയ വിസ എടുത്തുനൽകി നിലനിർത്തുകയായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മകൾ നിവ്യ ബി.ടെക്ക് പൂർത്തിയാക്കി. മകൻ നിഥിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.