ലോകായുക്തയുടെ ചിറകരിയുന്ന നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ
text_fieldsതിരുവനന്തപുരം: ലോകായുക്ത അധികാരങ്ങളുടെ ചിറകരിയുന്ന നിയമഭേദഗതി ബിൽ ചൊവ്വാഴ്ച നിയമസഭയിൽ. ബുധനാഴ്ച അവതരിപ്പിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും കാര്യോപദേശക സമിതി തീരുമാനപ്രകാരം മാറ്റുകയായിരുന്നു. ചർച്ച ചെയ്തശേഷം ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടും. ഫെബ്രുവരിയിൽ കൊണ്ടുവന്ന ഓർഡിനൻസ് പുതുക്കാൻ ഗവർണർ ഒപ്പിടാത്തതിനെതുടർന്ന് ഈമാസം എട്ടിന് അസാധുവായിരുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സ്വജനപക്ഷപാതം, ദുരിതാശ്വാസനിധി ദുരുപയോഗം എന്നിവ ആരോപിച്ചുള്ള ഹരജി വിധി പറയാൻ ലോകായുക്ത പരിഗണനയിലിരിക്കെയാണ് ബിൽ വരുന്നത്.ബിൽ നിയമമാകുന്നതോടെ ലോകായുക്ത ഉത്തരവുകൾ അംഗീകരിക്കണമോയെന്ന കാര്യത്തിൽ സർക്കാറിന് തീരുമാനമെടുക്കാം. ലോകായുക്ത ഉത്തരവിനെ തുടർന്നാണ് കെ.ടി. ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. പുതിയ നിയമം വരുന്നതോടെ ആ അവസ്ഥ ഒഴിവായിക്കിട്ടും.
ലോകായുക്ത ഉത്തരവ് സ്വീകരിക്കണമോ തള്ളണോയെന്ന് തീരുമാനിക്കാൻ കോംപീറ്റന്‍റ് അതോറിറ്റി വരുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.ആരൊക്കെയാകും ഈ അതോറിറ്റിയിലെന്ന് സഭ ചർച്ച ചെയ്ത് വ്യക്തത വരുത്തും. ഗവർണറോ മുഖ്യമന്ത്രിയോ സംസ്ഥാന സർക്കാറോ ഉൾപ്പെട്ടതാകും അതോറിറ്റിയെന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്. ലോകായുക്ത ആക്ടിലെ 14, 15 വകുപ്പുകൾക്ക് ഭേദഗതി വരുത്തിയാണ് പ്രഖ്യാപനം നിരാകരിക്കുന്നതിന് കോംപീറ്റന്‍റ് അതോറിറ്റിയെ അധികാരപ്പെടുത്തുന്നത്.
ലഭിച്ച തീയതിമുതൽ മൂന്നു മാസത്തിനുള്ളിൽ ലോകായുക്ത റിപ്പോർട്ട് നിരാകരിക്കപ്പെടുന്നില്ലെങ്കിൽ സ്വീകരിക്കപ്പെട്ടതായി കരുതും. ഹൈകോടതി സിറ്റിങ് ജഡ്ജിയെ ഉപലോകായുക്തയായി നിയമിക്കുന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കും. ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ ഔദ്യോഗിക കാലാവധി ചുമതലയേൽക്കുന്ന തീയതിമുതൽ അഞ്ച് വർഷമായിരിക്കും. പ്രായപരിധി 75 വയസ്സായും നിജപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.