ലോകായുക്ത നിയമഭേദഗതി; ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം
text_fieldsകൊച്ചി/ തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം. അഴിമതിക്കേസുകളിൽനിന്ന് രക്ഷപ്പെടാനാണ് നീക്കമെന്ന് നേതാക്കൾ ആരോപിച്ചു. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. ഭേദഗതി നിലവിൽ വരുന്നത് അഴിമതി നിരോധന സംവിധാനത്തെ തകർക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥർക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഭേദഗതി വന്നതോടെ അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഏക ആശ്രയമായിരുന്ന ലോകായുക്തയെ നിര്‍ജീവമാക്കാനാണ് ശ്രമം.
ലോകായുക്ത നിർദേശം അനുസരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. എന്നാല്‍, നിയമ ഭേദഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ഹിയറിങ് നടത്തി ലോകായുക്ത നിർദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയത്. ഇത് നിലവില്‍വന്നാല്‍ ലോകായുക്തയുടെ പ്രസക്തി നഷ്ടമാകും. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ഹൈകോടതി ചീഫ് ജസ്റ്റിസോ സുപ്രീംകോടതി ജഡ്ജിയോ ആകണമെന്നത് മാറ്റി ജഡ്ജി ആയാല്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിലൂടെ ഇഷ്ടക്കാരെ ലോകായുക്തയില്‍ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരെ ആര്.എസ്. ശശികുമാറും നല്കിയ കേസുകളില്‍ ലോകായുക്ത വിധി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് രഹസ്യമായി നിയമ ഭേദഗതി നടത്തിയത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ഒരു അഴിമതി കേസും വരരുതെന്ന ലക്ഷ്യവും ഭേദഗതിക്ക് പിന്നിലുണ്ട്. ഇനി സര്‍ക്കാറിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം -അദ്ദേഹം പറഞ്ഞു.
ലോകായുക്തയുടെ ചിറകരിഞ്ഞ് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ കാട്ടുന്ന വ്യഗ്രത ഞെട്ടിപ്പിക്കുന്നതാണ്. ലോകായുക്തയുടെ പിടിവീഴുമെന്നുറപ്പായപ്പോഴാണ് അതിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം. അഴിമതിക്കെതിരായ സി.പി.എമ്മിന്റെ ഗീര്‍വാണം അധരവ്യായാമം മാത്രമാണ്. തട്ടിപ്പിന് ഗവര്‍ണര്‍ കൂട്ടുനില്‍ക്കരുത്. -കെ. സുധാകരന്
ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. ലോകായുക്തയെ സര്‍ക്കാർ വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടി ജനങ്ങള്‍ അംഗീകരിക്കില്ല. കെ-റെയില്‍ അടക്കം, സര്‍ക്കാറിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്ത പരിഗണനയിലാണ്. ഇതില്‍ തിരിച്ചടിയുണ്ടാകുമോയെന്ന ഭയമാണ് നിയമ ഭേദഗതിക്ക് പ്രേരിപ്പിച്ചത്. -ഉമ്മൻ ചാണ്ടി
അടുത്തമാസം നിയമസഭ ചേരാനിരിക്കെ, ഓർഡിനൻസിലൂടെ നിയമഭേദഗതി കൊണ്ടുവരാനുണ്ടായ അടിയന്തര സാഹചര്യം വ്യക്തമാക്കണം. പൊതുപ്രവർത്തകർക്കെതിരായ അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാതക്കേസുകളിലും ഉത്തരവിറക്കുന്ന ലോകായുക്തയുടെ അധികാരം കവരുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ഇതിലും ഭേദം ലോകായുക്ത പിരിച്ചുവിടുന്നതാണ്. -രമേശ് ചെന്നിത്തല
സർക്കാറിനെതിരെ അന്വേഷണവും വിധിപ്രഖ്യാപനവും വന്നാലും അധികാരത്തിൽ അള്ളിപ്പിടിച്ച് അഴിമതി തുടരാനാണ് ലോകായുക്തയെ നിഷ്ക്രിയമാക്കുന്നത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രക്ഷിക്കാനുള്ള അടവ് മാത്രമാണിത്. ജനാധിപത്യ കേരളം ഇതിനെതിരെ പ്രതിഷേധിക്കണം. സിൽവർ ലൈൻ ഉൾപ്പെടെ വൻകിട പദ്ധതികളോട് അമിത താൽപര്യം അഴിമതിക്ക് വേണ്ടിയാണ്. ആരോപണങ്ങൾ വരുംമുമ്പേ ലോകായുക്തയെ മരവിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് സർക്കാർ കരുതുന്നത്. -പി.എം.എ സലാം
അധികാരമില്ലെങ്കിൽ ലോകായുക്ത പിരിച്ചുവിടുകയാണുവേണ്ടത്. കോടികൾ ചെലവിട്ട് എന്തിനാണ് ഈ സംവിധാനം? ലോകായുക്തയുടെ വിധി സൗകര്യമുണ്ടെങ്കിൽ സ്വീകരിക്കും, ഇല്ലെങ്കിൽ തള്ളും എന്നതാണ് സർക്കാർ നിലപാട്. വിജിലൻസും ലോകായുക്തയും ശക്തിപ്പെടുത്താൻ താൻ അധ്യക്ഷനായ സമിതിയെ മുൻ സർക്കാർ നിയോഗിച്ചിരുന്നു. ഒന്നോ രണ്ടോ തവണ നിയമസഭയിൽ റിപ്പോർട്ട് വന്നെന്ന് പറയുന്നു. അതിൽ ഒന്നും ചെയ്തിട്ടില്ല. ഓർഡിനൻസ് വന്നാൽ ലോകായുക്തക്കുള്ള അധികാരം നഷ്ടമാകും. ഇത് വ്യവസ്ഥകളെ തന്നെ ദുർബലമാക്കും. ലക്ഷക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. ഉള്ളതുപോലും ഇല്ലാതാക്കാനാണ് നീക്കം. ഈ വ്യവസ്ഥയുണ്ടായിരുന്നെങ്കിൽ കെ.ടി. ജലീലിന് രാജിവെക്കേണ്ടിവരുമായിരുന്നില്ല. -ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ (മുൻ ഉപലോകായുക്ത)
ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനാണ്. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അത് തടയാനാണ് സർക്കാർ ശ്രമം. ചില അഴിമതികൾ ലോകായുക്തയുടെ പരിഗണനയിലുള്ളതാണ് തിരക്കിട്ട ഈ നീക്കത്തിന് കാരണം. -കെ. സുരേന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.