ലോകായുക്ത ഭേദഗതി 1999ൽ നിയമസഭ തള്ളിയത്
text_fieldsതിരുവനന്തപുരം: ഓർഡിനൻസിലൂടെ സർക്കാർ കൊണ്ടുവരുന്ന ലോകായുക്ത നിയമഭേദഗതി 1999 ഫെബ്രുവരി 22 ന് നിയമസഭ ചർച്ച ചെയ്ത് തള്ളിയതെന്ന് രേഖകൾ. 1999 ഫെബ്രുവരി നിയമസഭയിൽ അവതരിപ്പിച്ച ലോകായുക്ത ബില്ലിന്റെ പതിമൂന്നാം വകുപ്പിൽ ലോകായുക്തയുടെ നിർദേശം തള്ളുന്നതിന് കോംപീറ്റന്റ് അതോറിറ്റിക്ക് അധികാരം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.
പ്രതിപക്ഷാംഗങ്ങളായ ജി. കാർത്തികേയൻ, ടി.എം. ജേക്കബ്, ഭരണപക്ഷാംഗം പി. രാഘവൻ തുടങ്ങിയവർ ഇതിനെ എതിർത്ത് ശക്തമായ വാദമുഖങ്ങളാണ് നിരത്തിയത്. ഇടതുപക്ഷ അംഗം പി. രാഘവന്റെ നിരീക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധേയമായിരുന്നു.
തുടർന്ന് ബിൽ സബ്ജക്ട് കമ്മിറ്റി പരിഗണിച്ചപ്പോഴും വ്യവസ്ഥയിലെ പോരായ്മകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൂടുതൽ ചർച്ചയില്ലാതെ ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് ബിൽ പൈലറ്റ് ചെയ്ത മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ കമ്മിറ്റിയിൽ അറിയിച്ചത്.
തുടർന്ന് 1999 ഫെബ്രുവരി 22ന് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ലോകായുക്ത ബില്ലിന്റെ വകുപ്പ് തിരിച്ച പരിഗണനയിൽ, കോംപീറ്റന്റ് അതോറിറ്റിക്ക് ലോകായുക്ത നിർദേശം തള്ളാനുള്ള അധികാരം ഒഴിവാക്കണമെന്ന ഭേദഗതി കെ.എം. മാണി, ടി.എം. ജേക്കബ്, കെ.സി. ജോസഫ്, ആനത്തലവട്ടം ആനന്ദൻ, ജി. സുധാകരൻ, ഇ.എം. അഗസ്തി എന്നിവർ അവതരിപ്പിച്ചു.
അന്നത്തെ ഭരണകക്ഷി എം.എൽ.എമാരും സി.പി.എം നേതാക്കളുമായ ആനത്തലവട്ടം ആനന്ദൻ, ജി. സുധാകരൻ എന്നിവർ ഭേദഗതി അവതരിപ്പിച്ച് സഭയിൽ പറഞ്ഞ കാര്യങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുടർന്ന്, ഭേദഗതി സ്വീകരിക്കുന്നത് ആലോചിക്കാൻ മന്ത്രി കൂടുതൽ സമയം ആവശ്യപ്പെടുകയും ആ വകുപ്പിന്റെ പരിഗണന മാറ്റിവെക്കുകയും ചെയ്തു. മറ്റു വകുപ്പുകൾ പാസാക്കിയശേഷം 13ാം വകുപ്പ് വീണ്ടും പരിഗണിച്ച് സാമാജികർ അവതരിപ്പിച്ച ഭേദഗതികളുടെ അന്തസ്സത്ത ഉൾക്കൊണ്ട് വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു.
പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.രേഖാമൂലം മാത്രമായിരിക്കും മറുപടിയെന്നും ഗവർണർ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.