ലോകായുക്ത ബിൽ: ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയം -പി.രാജീവ്
text_fieldsകൊച്ചി: ലോകായുക്ത ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് സംസ്ഥാന നിയമന്ത്രി പി.രാജീവ്. ബിൽ നിയമസഭ പാസാക്കിയപ്പോൾ തന്നെ ഗവർണർ ഒപ്പിടണമായിരുന്നു. ബില്ലുകളിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും രാജീവ് പറഞ്ഞു.
ഗവർണറുടെ നിലപാട് തെറ്റാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ലോക്പാൽ നിയമത്തിന് സമാനമാണെന്ന് കേരള നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ അയച്ച ലോകായുക്ത നിയമഭേദഗതി ബിൽ രാഷ്ട്രപതി അംഗീകരിച്ചിരുന്നു. സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ കേരളം നൽകിയ കേസ് പരിഗണിക്കുന്നതിന്റെ തലേ ദിവസമാണ് ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ചത്.
ലോകായുക്ത നിയമഭേദഗതി ബിൽ ഉൾപ്പടെ ഏഴ് സുപ്രധാന ബില്ലുകളിന്മേൽ തീരുമാനം ഗവർണർ രാഷ്ട്രപതിക്ക് വിട്ടിരുന്നു. സര്‍വകലാശാല ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയെല്ലാം ഗവർണർ രാഷ്ട്രപതിക്ക് വിട്ടിരുന്നു.
2022 ആഗസ്തിലാണ് ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചിരുന്നത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.