അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് നൽകുന്നു- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിജിലൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാർക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ക്യാമ്പ് സിറ്റിംഗുകൾ നടത്തിക്കൊണ്ട് കാര്യക്ഷമമായി തന്നെ ലോകായുക്ത ഇടപെടുന്നുണ്ട്.
25 വർഷംമുമ്പ് കേരളത്തിൽ ലോകായുക്ത യാഥാർഥ്യമാക്കിയത് അന്നത്തെ എൽ.ഡി.എഫ് സർക്കാരായിരുന്നു. കാൽനൂറ്റാണ്ടു കാലത്തെ പ്രവർത്തനഫലമായി പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കഴിയുന്ന ചർച്ചകളാൽ സമ്പന്നമാകണം ദിനാചരണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ലോകായുക്തയുടെ നിർദ്ദേശങ്ങൾ 90 ദിവസത്തിനുള്ളിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നു. ലോകായുക്തയെ ശക്തിപ്പെടുത്താനായി ഉപലോകായുക്തകളെ നിയമിക്കുന്ന കാര്യത്തിലടക്കം അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോകായുക്തയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് അവർ ലോകായുക്തയെ സമീപിക്കുന്നത്. ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന 97 ശതമാനം കേസുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സമർപ്പിക്കുന്നതാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറെ ആശ്വാസം പകരേണ്ട സംവിധാനമാണ് ലോകായുക്ത എന്നത് ഇതിൽ നിന്നും വ്യക്തമാണെന്നും അതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ലോകായുക്ത സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചു വരുമ്പോഴും അതിനെതിരെ ചില കാമ്പില്ലാത്ത വിമർശനങ്ങൾ ഉയർത്തപ്പെടുന്നത് കാണാം. രണ്ടു വർഷംമുമ്പ് ലോകായുക്ത നിയമ ഭേദഗതി ബിൽ സംസ്ഥാനം പാസാക്കിയപ്പോഴും അത്തരത്തിലുള്ള ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിനു വിപരീതമായ ചില വ്യവസ്ഥകൾ ലോകായുക്ത നിയമത്തിൽ ഉണ്ടായിരുന്നതു കൊണ്ടാണ് അന്ന് നാം ആ ഭേദഗതിക്ക് മുതിർന്നത്.
കേരളം അത്തരത്തിൽ ഭേദഗതി വരുത്തിയ ആദ്യത്തെ സംസ്ഥാനമായിരുന്നില്ല. എന്നാൽ ഇതിനെ ഉയർത്തിക്കാട്ടി ലോകായുക്തയെ തന്നെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളുണ്ടായി. എന്നാൽ അതൊന്നും പൊതുജനങ്ങളുടെ ഇടയിൽ വിലപ്പോയില്ല എന്നാണ് ലോകായുക്തയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർദ്ധനവ് കാണിക്കുന്നത്. ആ വിശ്വാസ്യത കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകാൻ ലോകായുക്തയ്ക്ക് കഴിയുമെന്ന പ്രതീക്ഷയോടെ ലോകായുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓൺലൈനായി പങ്കെടുത്തു. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, കേരള ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം അഡ്വ.എൻ.എസ്. ലാൽ, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.എസ്. ബാലു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.