ലോകായുക്ത: ജലീലിനെ തള്ളി കോടിയേരി; അഭിപ്രായം വ്യക്തിപരം
text_fieldsതിരുവനന്തപുരം: ലോകായുക്ത വിവാദത്തിൽ കെ.ടി. ജലീലിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീലിന്റെ അഭിപ്രായം വ്യക്തിപരമാണ്. അഭിപ്രായം പറയാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ജലീൽ പറയുന്നത് സി.പി.എമ്മിന്റെ അഭിപ്രായമല്ല.
ലോകായുക്തക്കെതിരെ സി.പി.എം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോകായുക്ത ഓർഡിനൻസ് മന്ത്രിസഭയിൽ ചർച്ച ചെയ്തപ്പോൾ സി.പി.ഐക്ക് എതിർപ്പ് രേഖപ്പെടുത്താമായിരുന്നു. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല. സി.പി.ഐയുമായി ചർച്ച ചെയ്യും. ഇത് കാരണം ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
ലോകായുക്ത നിയമാനുസൃതമായി പ്രവർത്തിക്കുന്ന സംവിധാനമാണ്. ഓർഡിനൻസ് ഗവർണറുടെ പരിഗണനയിലാണ്. ബിന്ദുവിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് മനസിലായി. മന്ത്രി തെറ്റ് ചെയ്തില്ലെന്ന് കോടതി തന്നെ പറഞ്ഞെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഗവർണറും സർക്കാറുമായി ഒരു തർക്കവുമില്ല. നിയമസഭ സമ്മേളനം നിശ്ചയിക്കാത്തത് ഗവർണറുടെ തീരുമാനം വൈകുന്നതു കൊണ്ടല്ല. കോവിഡ് വ്യാപിക്കുന്നതു കൊണ്ടാണെന്നും കോടിയേരി പറഞ്ഞു.
കെ റെയിൽ വിഷയത്തിൽ അനുമതി നിഷേധിച്ചു എന്നത് തെറ്റാണ്. വിഷയം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഇപ്പോഴുള്ളത് രാഷ്ട്രീയ എതിർപ്പ് മാത്രമാണെന്നും കോടിയേരി പറഞ്ഞു.
പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ സി.പി.ഐയുമായി ഇല്ലെന്ന്
തിരുവനന്തപുരം: സി.പി.എമ്മും സി.പി.ഐയും കാര്യങ്ങൾ യോജിച്ച് ആലോചിച്ച് ചെയ്യുന്ന പാർട്ടികളാണെന്നും സി.പി.ഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തങ്ങൾ തന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത് മുന്നണിയിൽ എല്ലാം ആലോചിച്ചാണ് ചെയ്യുന്നത്. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും തങ്ങൾക്കിടയിലില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട സി.പി.ഐ നിലപാടിനെ കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് മുന്നണിയിൽ ചർച്ച ചെയ്യുമ്പോൾ സി.പി.ഐയുടെ നിലപാട് പരിശോധിക്കും. മന്ത്രിസഭയിൽ പ്രശ്നം അവതരിപ്പിക്കുമ്പോൾ ഏതെങ്കിലും പാർട്ടിക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അത് മാറ്റിവെക്കാനും പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും പറയാൻ അവകാശമുണ്ട്. അങ്ങനെ സ്ഥിതി ഇതിലുണ്ടായിട്ടില്ല.
കഴിഞ്ഞ ഇടത് സർക്കാറിന്റെ കാലത്തുതന്നെ ലോകായുക്ത വിഷയം ചർച്ച ചെയ്തതാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയിരുന്നു. വി.എസിന്റെ കാലത്ത് താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ലോകായുക്ത നിയമം മാറ്റണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അവസാനകാലമായതിനാൽ അന്ന് തീരുമാനിച്ചില്ല. പല നിയമജ്ഞരും ഈ വിഷയത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഓർഡിനൻസായും ബില്ലായും ഇത് കൊണ്ടുവരാം. നിയമസഭ ചേരാൻ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. അത് തീരുമാനിക്കുംവരെ ഓർഡിനൻസിറക്കാൻ അവകാശമുണ്ട്.
ഗവർണറും സർക്കാറുമായി തർക്കമില്ല. നിയമസഭ വിളിക്കുന്നത് കോവിഡ് സാഹചര്യം കൂടി നോക്കി വേണം. മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ ലോകായുക്ത വിധി സ്വാഗതാർഹമാണ്. ആരോപണങ്ങളെല്ലാം ലോകായുക്ത തള്ളി. അധികാര ദുർവിനിയോഗമോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ല, മന്ത്രി തെറ്റ് ചെയ്തിട്ടില്ല. മന്ത്രിയുടെ കത്ത് നിർദേശം മാത്രമാണ്. ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന് ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്തയുടെ മുന്നിൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പൊതുപ്രവർത്തകർക്കോ എതിരായ പരാതി തടയുന്ന ഒരു വകുപ്പും നിയമഭേദഗതിയിലില്ല. ആർക്കെങ്കിലുമെതിരെ പരാതി വന്നതിന്റെ പേരിലുള്ള നിയമഭേദഗതിയല്ല ഇതെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.