ദുരിതാശ്വാസനിധി ദുരുപയോഗക്കേസ്; ഭിന്നാഭിപ്രായം സർക്കാറിന് ഭീഷണി
text_fieldsതിരുവനന്തപുരം: ദുരിതാശ്വാസനിധി ദുരുപയോഗക്കേസിലെ ലോകായുക്ത വിധിയിൽ താൽക്കാലികാശ്വാസമുണ്ടെങ്കിലും ഡിവിഷൻ ബെഞ്ചിലെ ന്യായാധിപന്റെ ഭിന്നാഭിപ്രായവും കേസ് അവസാനിക്കാത്തതും സർക്കാറിനും മുഖ്യമന്ത്രിക്കും ഭീഷണിയായി തുടരും. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന പ്രതിപക്ഷ ആക്ഷേപത്തെയും പ്രതിരോധിക്കേണ്ടിവരും. വിശദവാദം കേട്ട് വിധി പറയാൻ ഫുൾബെഞ്ചിന് കൈമാറിയെങ്കിലും എത്രകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാനാകുമെന്നതും സർക്കാറിന് വെല്ലുവിളിയാണ്. അതിനുമുമ്പ് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലിൽ തീരുമാനമാക്കുകയാണ് പ്രധാന പോംവഴി.
ബിൽ നിയമമായാൽ ലോകായുക്ത വിധി എന്തായാലും സർക്കാർതലത്തിൽ അന്തിമതീരുമാനം കൈക്കൊള്ളാം. അതിന് പ്രതിബന്ധം ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. നിയമസഭ പാസാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാത്തതിനാലാണ് ബിൽ നിയമമാകാത്തത്. ഗവർണറെ അനുനയിപ്പിച്ച് ബിൽ ഒപ്പിടുവിക്കാനാകും ഇനി സർക്കാർ ശ്രമം.
മന്ത്രിസഭയുടെ നയപരമായ തീരുമാനങ്ങൾ ലോകായുക്തക്ക് പരിഗണിക്കാനാകില്ലെന്ന വാദം സർക്കാർ നേരത്തേ ഉന്നയിച്ചതാണ്. ലോകായുക്തയിലെ ഭിന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും പിടിവള്ളി. വിധി എതിരായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയേനെ.
വിശാലബെഞ്ചിനു മുന്നിൽ വീണ്ടും വാദമുഖങ്ങൾ അവതരിപ്പിക്കാനാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. സ്വജനപക്ഷപാതമെന്നതാണ് പ്രധാന ആരോപണം. അത് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെന്ന നിലയിലുള്ള വിലയിരുത്തൽ മുമ്പ് ലോകായുക്ത നടത്തിയതിനാൽ കേസ് ഹൈകോടതിയിലെത്തിയാൽ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാറിൽ കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നത്.
കേസിന്റെ നാൾവഴി
- 2017 ജൂലൈ 27: എൻ.സി.പി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാൻ മന്ത്രിസഭ തീരുമാനം.
- ഒക്ടോബർ നാല്: സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ടതിനെ തുടർന്ന് മരിച്ച പൊലീസുകാരൻ പ്രവീണിന്റെ കുടുംബത്തിന് നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപ കൊടുക്കാൻ മന്ത്രിസഭ തീരുമാനം.
- 2018 ജനുവരി 24: മരിച്ച മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8.66 ലക്ഷം രൂപ സഹായവും എൻജിനീയറിങ് ബിരുദധാരിയായ മകന് യോഗ്യതക്കനുസരിച്ചുള്ള ജോലിയും നൽകാൻ മന്ത്രിസഭ തീരുമാനം.
- സെപ്റ്റംബർ 27: മേൽപറഞ്ഞ മൂന്ന് തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ നടപടി ആവശ്യപ്പെട്ട് ആർ.എസ്. ശശികുമാർ ലോകായുക്തയെ സമീപിച്ചു.
- 2019 ജനുവരി 14: വാദപ്രതിവാദങ്ങൾക്ക് ശേഷം പരാതി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചു. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഫുൾ ബെഞ്ച് വിധിന്യായം.
- 2022 ഫെബ്രുവരി അഞ്ച്: ലോകായുക്തയിൽ വാദം ആരംഭിച്ചു.
- ഫെബ്രുവരി: ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി ഓർഡിനൻസ് ഗവർണർക്ക് സമർപ്പിച്ച് അംഗീകാരം നേടി
- മാർച്ച് 18: വാദം അവസാനിച്ചു. കേസ് വിധി പറയാനായി മാറ്റി.
- ആഗസ്റ്റ് 30: ഓർഡിനൻസ് ഗവർണർ പുതുക്കാത്തതിനെ തുടർന്ന് ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി.
- 2023 മാർച്ച് 20: വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടർന്ന് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി ആദ്യഘട്ടം എന്ന നിലയിൽ വാദിയോട് ലോകായുക്തക്ക് തന്നെ പരാതി നൽകാൻ നിർദേശിച്ചു. കേസ് ഏപ്രിൽ മൂന്നിലേക്ക് പോസ്റ്റ് ചെയ്തു.
- മാർച്ച് 23: വേനൽക്കാല അവധി ആരംഭിക്കുന്നതിനുമുമ്പ് വിധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരൻ വീണ്ടും ലോകായുക്തക്ക് പരാതി നൽകി.
- മാർച്ച് 31: ഭിന്നവിധിക്ക് പിന്നാലെ, ഫുൾ ബെഞ്ച് കേസ് കേൾക്കാൻ തീരുമാനം.
സി.പി.എമ്മിന് പ്രത്യേകിച്ചൊന്നും ഇല്ലെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ കേസ് ലോകായുക്ത പുതിയ ബെഞ്ചിന് വിട്ടതിൽ സി.പി.എമ്മിന് പ്രത്യേകിച്ചൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജഡ്ജിയെ ഭീഷണിപ്പെടുത്തിയുള്ള വിധിയെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കില്ല. ഭീഷണിക്ക് വിധേയപ്പെടുന്നവരാണ് ജഡ്ജിമാരെങ്കിൽ അവരെ ജഡ്ജിയെന്ന് പറയാൻ പറ്റുമോ? ഡീൽ നടന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് പറയുന്നത് അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം തുടർന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിൽ കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണ്. ബി.ആർ.എസ് നേതാവ് കവിത, ആംആദ്മി പാർട്ടിയുടെ ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ തുടങ്ങിയവർക്കെതിരായ നടപടിയിൽ കോൺഗ്രസ് കാര്യമായി പ്രതികരിച്ചിട്ടില്ല. അവരുടെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ വരുമ്പോൾ മാത്രമാണ് പ്രതിഷേധം. ജനകീയ പ്രതിരോധജാഥ വേണ്ടത്ര വിജയിച്ചില്ലെന്നതരത്തിൽ സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുയർന്നെന്ന വാർത്ത ശരിയല്ല. പാർട്ടി ജാഥയെ ഗോവിന്ദന്റെ ജാഥ എന്നൊക്കെ വിശേഷിപ്പിക്കുന്നത് തെറ്റായ പ്രയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സംശയ നിഴലിൽ -വി. മുരളീധരൻ
കോട്ടയം: ലോകായുക്ത വിധിയോടെ സംശയ നിഴലിലായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി അധികാരത്തിൽ തുടരാനുള്ള ശ്രമം ഉപേക്ഷിക്കണം. മുഖ്യമന്ത്രി അധികാരത്തിൽ തുടരുന്നത് ആ കസേരയുടെ മഹത്വം കെടുത്തും. രണ്ട് ജഡ്ജിമാരിൽ ഒരാൾ സ്വജനപക്ഷപാതം നടന്നെന്ന് കണ്ടെത്തി. ഇത് ഗുരുതരമാണ്. സ്വജനപക്ഷപാതമെന്ന കേസ് തള്ളിയിട്ടില്ല. നീതി വൈക്കുന്നത് നീതി നിഷേധമാണ്. ന്യൂനപക്ഷ പാർട്ടിക്ക് രൂപംനൽകാൻ ബി.ജെ.പിക്ക് കഴിയില്ല. ആരെങ്കിലും പാർട്ടി രൂപവത്കരിക്കുന്നുണ്ടെങ്കിൽ അക്കാര്യം അവരാണ് പറയേണ്ടത്. ബി.ജെ.പിക്ക് ഇക്കാര്യത്തിൽ അറിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.