ലോകായുക്ത ഓർഡിനൻസ്: ഗവർണറുടെ തീരുമാനം വൈകും
text_fieldsതിരുവനന്തപുരം: ലോകയുക്തക്ക് പൂട്ടിടാൻ സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകും.പ്രതിപക്ഷ പാർട്ടികളിൽനിന്നും ഭരണപക്ഷത്തുനിന്നുപോലും എതിർപ്പുണ്ടായ സാഹചര്യത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുകയെന്നറിയുന്നു. കേന്ദ്രസർക്കാറിന്റെ അധികാര പ്രയോഗത്തിന് തടയിടാനാണ് നിയമഭേദഗതി എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിലെ പരാമർശവും ഗവർണർ ഗൗരവമായാകും കാണുക. ഗവർണർ ഓർഡിനൻസിന് അംഗീകാരം നൽകിയാൽ ലോകായുക്തയുടെ നിലവിലെ അധികാരങ്ങൾ പലതും നഷ്ടമാകും. വിഷയത്തിൽ ഗവർണർ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാറുമായി ഇടഞ്ഞ ഗവർണർ ഇപ്പോൾ ആ വിഷയത്തിൽ അനുരഞ്ജനത്തിലെത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോൾ ലോകായുക്ത നിയമ ഭേദഗതി വിവാദം.
കഴിഞ്ഞദിവസം ഗവർണറെ സന്ദർശിച്ച പ്രതിപക്ഷ നേതാക്കൾ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിൽ ഗവർണർ ഓർഡിനൻസിൽ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്. കൂടുതൽ വിശദീകരണം തേടി ഓർഡിനൻസ് തിരിച്ചയക്കാനുള്ള സാധ്യതയും തള്ളാനാകില്ല. മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനുമെതിരായ കേസുകൾ ലോകായുക്ത മുമ്പാകെയുള്ളതിനാലാണ് സർക്കാറിന്റെ ഓർഡിനൻസ് നീക്കമെന്ന ആക്ഷേപവും ഗവർണർ പരിശോധിക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.