ലോകായുക്ത ഓർഡിനൻസ് കാലാവധി 30 വരെ: സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചർച്ചയിലേക്ക്
text_fieldsതിരുവനന്തപുരം: വിവാദ ലോകായുക്ത ഓർഡിനൻസ് കാലാവധി മാർച്ച് 30ന് അവസാനിക്കും. ഒരാഴ്ച ബാക്കിനിൽക്കേ സി.പി.എമ്മും സി.പി.ഐയും ഉഭയകക്ഷി ചർച്ചയിലേക്ക് കടക്കുകയോ സ്വയം റദ്ദാവാൻ അനുവദിക്കുകയോ വേണം. മാർച്ച് അവസാനവാരത്തിന് മുമ്പ് ഇരുപാർട്ടികളുടെയും നേതൃത്വം ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെടുമെന്നാണ് സൂചന.
നിയമസഭ സമ്മേളനം ആരംഭിച്ചത് മുതൽ 42 ദിവസം വരെയാണ് ഓർഡിനൻസിന്‍റെ കാലാവധി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലും ഓർഡിനൻസ് പരിഗണനക്കെത്തിയില്ല. മാർച്ച് 30ന് വൈകീട്ട് 3.30ന് ഇടതുമുന്നണി സംസ്ഥാന നേതൃയോഗവും വിളിച്ചുചേർത്തിട്ടുണ്ട്. അന്ന് രാവിലെ മന്ത്രിസഭ യോഗവും ചേരുന്നുണ്ട്. ഈ സാഹചര്യത്തിൽ എൽ.ഡി.എഫ്, മന്ത്രിസഭ യോഗങ്ങൾക്ക് മുമ്പ് ഇരുപാർട്ടികളും തമ്മിൽ സമവായത്തിൽ എത്തിയേ തീരൂ. അല്ലെങ്കിൽ ഓർഡിനൻസ് സ്വയം റദ്ദാവാൻ തീരുമാനമെടുക്കണം.
ലോകായുക്ത ഓർഡിനൻസിലെ 14ാം വകുപ്പ് ഭേദഗതിയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. നിലവിലെ നിയമപ്രകാരം അഴിമതി നടത്തിയെന്ന് ലോകായുക്ത വിധിച്ചാൽ മന്ത്രിസഭാംഗം രാജിവെക്കണം.
ഭേദഗതി പ്രകാരം ഗവർണർക്കോ മുഖ്യമന്ത്രിക്കോ വാദം കേട്ടശേഷം തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഈ ഭേദഗതി ഓൺലൈനിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തിയെങ്കിലും അന്ന് പരിഗണിച്ചില്ല. തുടർന്ന് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകി.
ഭേദഗതി വ്യവസ്ഥ വിവാദമായതോടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എതിർപ്പുമായി രംഗത്തെത്തി. എന്നാൽ സി.പി.ഐ മന്ത്രിമാർ ഉൾപ്പെട്ട മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയതെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അവർക്ക് പഠിക്കാൻ സമയം കിട്ടിയില്ലെന്നായിരുന്നു കാനത്തിന്‍റെ ന്യായീകരണം.
പക്ഷേ, ഈ വാദത്തെ മുഖ്യമന്ത്രി പൊളിച്ചടുക്കി. അടുത്ത മന്ത്രിസഭ യോഗത്തിൽ ഓർഡിനൻസ് പുനഃപരിശോധിക്കണമെന്ന് സി.പി.ഐ മന്ത്രിമാർ ആവശ്യപ്പെട്ടപ്പോൾ മന്ത്രിസഭ യോഗത്തിൽ ഒരിക്കൽ അജണ്ടയായി ഉൾപ്പെടുത്തുകയും മാറ്റിവെച്ച് പിന്നീട് പരിഗണിക്കുകയും ചെയ്തതാണ് ഭേദഗതിയെന്നും ഈ സമയമൊന്നും പഠിക്കാൻ പോരായിരുന്നുവോയെന്നും തുറന്നടിച്ച് പിണറായി വിജയൻ അനിഷ്ടം പ്രകടമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.