ലോകായുക്ത: പ്രതിപക്ഷ പരാതിയിൽ ഗവർണർ സർക്കാറിനോട് വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ പ്രതിപക്ഷം ഉന്നയിച്ച പരാതികളിൽ സർക്കാറിനോട് ഗവർണർ വിശദീകരണം തേടി. സർക്കാർ മറുപടികൂടി ലഭിച്ചശേഷമായിരിക്കും നിയമഭേദഗതി ഓർഡിനൻസിന്‍റെ കാര്യത്തിൽ ഗവർണർ തുടർനടപടി സ്വീകരിക്കുക. പരാതി ലഭിച്ചു കഴിഞ്ഞാൽ സാധാരണ നടപടിക്രമം എന്ന നിലയിലാണ് ഗവർണർ വിശദീകരണം തേടിയത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പ്രതിപക്ഷം ഗവര്‍ണറെ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു. നിവേദനത്തിന്‍റെ പകർപ്പ് രാജ്ഭവൻ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ലോകായുക്ത നിയമത്തിന്‍റെ 14ാം വകുപ്പിൽ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി നിയമത്തിന്‍റെ പല്ലും നഖവും തകർക്കുന്നതാണെന്ന് നിവേദനത്തിൽ പ്രതിപക്ഷം പറഞ്ഞിരുന്നു.
പാര്‍ലമെന്‍റോ നിയമസഭയോ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ കോടതിക്ക് മാത്രമേ സാധിക്കൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ലോകായുക്ത ബില്‍ അവതരിപ്പിച്ചപ്പോൾ രാഷ്ട്രപതിയുടെ അനുമതി തേടിയ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സും രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അനുമതിക്ക് സമർപ്പിച്ച ഭേദഗതി നിർദേശം പാര്‍ലമെന്‍റ് പാസാക്കിയ ലോക്പാല്‍ നിയമത്തിന് എതിരാണോയെന്ന് പരിശോധിക്കേണ്ടത് രാഷ്ട്രപതിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളിലാണ് അടിയന്തരമായി വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.