ലോകായുക്ത: പോരാട്ടത്തിന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനൻസിന് ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ രാഷ്ട്രീയ-നിയമ പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷം. ഭരണപക്ഷത്തെ അസ്വാരസ്യങ്ങളും പ്രമുഖ ആർ.എസ്.എസ് നേതാവിനെ ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ സർക്കാറിന്റെ അംഗീകാരം തേടി രാജ്ഭവനിൽനിന്ന് ഫയൽ വന്നതും പ്രതിപക്ഷ നീക്കങ്ങൾക്ക് ശക്തി പകരുന്നു.
ഓര്‍ഡിനന്‍സിനെ നിയമപരമായി നേരിടുന്നതിനൊപ്പം രാഷ്ട്രീയ ആയുധവുമാക്കാനാണ് യു.ഡി.എഫ് നീക്കം. കൊടുക്കൽ വാങ്ങൽ ബന്ധമാണ് സർക്കാറും ഗവർണറും തമ്മിലെന്ന ആക്ഷേപം ശക്തമാക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇരുവർക്കുമിടയിൽ ചില ഇടനിലക്കാരുണ്ടെന്നാണ് ആക്ഷേപം. ഓർഡിനൻസിന് അംഗീകാരം നൽകി സംസ്ഥാനത്തെ അഴിമതിവിരുദ്ധസംവിധാനം തകർക്കാൻ കൂട്ടുനിൽക്കുന്നതിനു പകരമായി കടുത്ത ആർ.എസ്.എസുകാരനെ രാജ്ഭവനിൽ കുടിയിരുത്താൻ ഗവർണർ അവസരമാക്കുന്നതായി അവർ പറയുന്നു. സി.പി.എം-ബി.ജെ.പി ബാന്ധവത്തിന് മറ്റൊരു തെളിവായും ഇത് യു.ഡി.എഫ് ഉപയോഗിക്കും. മുഖ്യമന്ത്രിക്കെതിരെ കേസ് വന്നപ്പോൾ മാത്രമാണ് 22 വർഷമായ നിയമം ഭരണഘടനവിരുദ്ധമെന്ന് പറയുന്നതെന്ന വാദം തുടക്കത്തിലേ ഉന്നയിക്കുന്ന പ്രതിപക്ഷം, ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ പ്രചാരണങ്ങളിലെ കഴമ്പില്ലായ്മയും ഉയർത്തിക്കാട്ടുന്നു. ഭേദഗതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന സി.പി.ഐ വിമർശനം പ്രതിപക്ഷ പ്രചാരണത്തിന് ശക്തി നൽകും. നിയമസഭ സമ്മേളനത്തിൽ ഉൾപ്പെടെ ലോകായുക്ത വിഷയം ശക്തമായ ആയുധമാക്കി മാറ്റാനാണ് പ്രതിപക്ഷ നീക്കം. സഭ ചേരുംമുമ്പ് സി.പി.ഐ നേതൃത്വത്തെ തണുപ്പിക്കാൻ സി.പി.എമ്മിന് കഴിയുന്നില്ലെങ്കിൽ ഭരണപക്ഷത്തെ ഭിന്നത മുതലെടുക്കാനുള്ള അവസരം പ്രതിപക്ഷം പാഴാക്കില്ല. അതിനാലാണ് സി.പി.ഐയുടെ എതിർപ്പിന് പരമാവധി പിന്തുണ നല്കാൻ യു.ഡി.എഫ് ശ്രദ്ധിക്കുന്നത്.
ആ തന്ത്രത്തിൽ അവർ എത്രത്തോളം വീഴുമെന്ന് വ്യക്തമല്ലെങ്കിലും നിയമഭേദഗതിയിലെ എതിർപ്പ് തുടരുന്നെന്ന് പരസ്യമായി വ്യക്തമാക്കുന്നതാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. കൂടിയാലോചനയില്ലാതെ വരുത്തിയ ഭേദഗതി മുന്നണിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് സി.പി.ഐ നിലപാട്. ഒരേസമയം മുന്നണിക്കുള്ളിലും പുറത്തും മറുപടി പറയേണ്ട സാഹചര്യത്തിലാണ് സി.പി.എം. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനൊപ്പം ഓർഡിനൻസിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള നിയമപോരാട്ടവും യു.ഡി.എഫ് കടുപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.