ലോകായുക്ത വിധി: സർക്കാറിന് നിയമബലവും രാഷ്ട്രീയ വിജയവും
text_fieldsകെ.ടി. ജലീലിനെതിരെയുണ്ടായ വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഗൗരവത്തോടെയും കരുതലോടെയുമാണ് ലോകായുക്ത നടപടിക്രമങ്ങളെ പരിഗണിച്ചത്.
തിരുവനന്തപുരം: ദുരിതാശ്വാസ നിധി ചെലവഴിക്കലിൽ അധികാര ദുർവിനിയോഗം മുതൽ സ്വജനപക്ഷപാതം വരെ നിരത്തി പ്രതിപക്ഷം കടന്നാക്രമിക്കുന്നതിനിടെ സർക്കാറിന് നിയമബലവും രാഷ്ട്രീയ വിജയവുമാവുകയാണ് ലോകായുക്ത വിധി. ഒന്നാം പിണറായി സർക്കാറിലെ കെ.ടി. ജലീലിന്റെ മന്ത്രിക്കസേര തെറിച്ചത് ലോകായുക്ത വിധിയെത്തുടർന്നാണെന്നതിനാൽ സമാനവിധിയും രാഷ്ട്രീയസാഹചര്യവും പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷത്തിനാകട്ടെ തിരിച്ചടിയും.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കുമെതിരെയുള്ള കേസുകളിൽനിന്ന് തലയൂരാനുള്ള കുറുക്കുവഴിയാണ് ലോകായുക്ത നിയമഭേദഗതിയെന്നതടക്കം ആരോപണങ്ങളുന്നയിച്ചായിരുന്നു നിയമസഭയിലും പുറത്തും പ്രതിപക്ഷം സർക്കാറിനെ ആക്രമിച്ചിരുന്നത്. നിയമസഭ ലോകായുക്ത ബിൽ പാസാക്കി അയച്ചെങ്കിലും ഒരു വർഷവും രണ്ടു മാസവും പിന്നിട്ടിട്ടും ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ഇനിയും നിയമമായിട്ടില്ല. എന്നാൽ, ദേഭഗതി വരുത്തി ചിറകരിഞ്ഞ അത്തരമൊരു നിയമത്തിന്റെ ആനുകൂല്യമില്ലാതെതന്നെ അഗ്നിശുദ്ധി വരുത്തി ജനങ്ങളെ നേരിടാമെന്നതാണ് സർക്കാറിന് ആത്മവിശ്വാസമേകുന്നത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കേരള പര്യടനവും പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പുമെല്ലാം എത്തുന്നുണ്ടെന്നതിനാൽ വിശേഷിച്ചും. ഹരജിക്കാരൻ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാദം കേൾക്കലടക്കം നടപടികൾ പൂർത്തിയായി വിധി വരാൻ ഏറെ സമയമെടുക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം സർക്കാറിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണായുധങ്ങളിലൊന്ന് ലോകായുക്തയിലെ മുഖ്യമന്ത്രിക്കെതിരെയുള്ള കേസായിരുന്നു.
കെ.ടി. ജലീലിനെതിരെയുണ്ടായ വിധിയുടെ പശ്ചാത്തലത്തിൽ സർക്കാറും ഗൗരവത്തോടെയും കരുതലോടെയുമാണ് ലോകായുക്ത നടപടിക്രമങ്ങളെ പരിഗണിച്ചത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷാക്രമണങ്ങളുടെ മുനയൊടിക്കും വിധമുള്ള വിധിയെത്തിയത്. എന്നാൽ, ലോകായുക്തയുടെ ഉദ്ദേശ്യ ശുദ്ധിതന്നെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്ത വിധിയില്‍ അത്ഭുതമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അപ്പീല്‍ നല്‍കുമെന്ന പരാതിക്കാരന്റെ നിലപാടിനെ പിന്തുണച്ച് എല്ലാ പിന്തുണയും യു.ഡി.എഫ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.