ദുരിതാശ്വാസനിധി വകമാറ്റൽ: പുനഃപരിശോധന ഹരജി തള്ളി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗ കേസ് ഫുൾ ബെഞ്ചിന് വിട്ട നടപടി പുനഃപരിശോധിക്കണമെന്ന റിവ്യുഹരജി ലോകായുക്ത ഡിവിഷൻബഞ്ച് തള്ളി. ഫുൾബഞ്ചിന്റെ പരിഗണനയിലുള്ള കേസ് ജൂൺ അഞ്ചിലേക്ക് മാറ്റുകയും ചെയ്തു.
ഹരജിക്കാരൻ ആർ.എസ്. ശശികുമാർ ഡിവിഷൻ ബഞ്ചിന് സമർപ്പിച്ച റിവ്യുഹരജിയാണ് തള്ളിയത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ച ഡിവിഷൻ െബഞ്ച് പരാതിക്കാരനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ബുധനാഴ്ച റിവ്യു ഹരജി പരിഗണിച്ചപ്പോൾ തീരുമാനത്തിൽ മാറ്റം പ്രതീക്ഷിക്കേണ്ടെന്നായിരുന്നു ലോകായുക്ത നിലപാട്. വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണ് കേസ് ഫുൾബഞ്ചിന് വിട്ടത്. ഉത്തരവ് നിയമാനുസൃതമാണ്. ഹരജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി. ആരാണ് ഭിന്നവിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നൽകാനും ലോകായുക്ത തയ്യാറായില്ല.
ജഡ്ജിമാരുടെ നിഗമനങ്ങൾ ഉത്തരവായി എഴുതി കഴിഞ്ഞാൽ പിന്നെ റിവ്യൂ കേൾക്കാൻ കഴിയുമോയെന്നും ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറുൺ അൽ റഷീദും ചോദിച്ചു. വിശദമായ ഉത്തരവ് പിന്നീട് ഇറക്കും. നിഗമനങ്ങളിൽ മാറ്റമുണ്ടാകാം, ഉണ്ടാകാതിരിക്കാം. മുൻ ലോകായുക്തമാരായ പയസ് കുര്യാക്കോസും എ.കെ. ബഷീറും കാരണം വ്യക്തമാക്കാതെ മുമ്പ് വ്യത്യസ്ത വിധി പറഞ്ഞപ്പോൾ എന്തു കൊണ്ട് എതിർത്തില്ലെന്ന് ഹരജിക്കാരനോട് ലോകായുക്ത ചോദിച്ചു. കേസ് ഫുൾബഞ്ചിലെത്തുമ്പോൾ മൂന്നാമത്തെ ജഡ്ജി കൂടി കേസ് കേൾക്കുകയും ചർച്ച നടക്കുമ്പോൾ അഭിപ്രായത്തിന് മാറ്റം വരാമെന്നും സിറിയക് ജോസഫ് പറഞ്ഞു.
ഒരു ഹരജിയിൽ അന്തിമ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായാൽ മൂന്നംഗ ബഞ്ചിന് കൈമാറാമെന്ന് ലോകായുക്ത നിയമത്തിൽ വ്യക്തമാണ്. ഇതു സംബന്ധിച്ച് കോടതി ഉത്തരവുമുണ്ട്. പിന്നെയെന്തിനാണ് ഹരജിക്കാരന് സംശയമെന്ന് ഉപലോകായുക്ത ഹാറുൺ അൽ റഷീദും ചോദിച്ചു. ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്യാൻ അധികാരമുണ്ടെന്ന് ഹരജിക്കാരന് വേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു. ഹരജി പരിഗണിക്കണോ വേണ്ടയോ എന്ന് മാത്രമാണ് മുമ്പ് ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ചത്. ഇപ്പോൾ ഹരജിയിൽ വാദം കേട്ടശേഷമാണ് ഡിവിഷൻ ബഞ്ചിന്റെ വിധിയെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
വിശദമായ വാദം കേട്ടശേഷമാണ് റിവ്യുഹരജി ഡിവിഷൻ ബഞ്ച് തള്ളിയത്. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും ലോകായുക്ത വ്യക്തമാക്കി.
തുടർന്നാണ് ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹരജി ഫുൾബഞ്ച് പരിഗണിച്ചത്. ഹരജിക്കാരന്റെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഹരജി മാറ്റണമെന്ന് പരാതിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിക്കുകയും ചെയ്തു. വാദിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരെ. നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കും തിരക്കില്ലെന്ന് ഹരജിക്കാരനോട് പറഞ്ഞ ശേഷമാണ് ഹരജി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.