"കക്ഷികളുടെ ആഗ്രഹമനുസരിച്ച് ഉത്തരവിടാനാകില്ല"; അസാധാരണ വാർത്താക്കുറിപ്പിൽ ലോകായുക്ത വിശദീകരണം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റൽ കേസിന്റെ വിധിയിൽ ന്യായീകരണവുമായി ലോകായുക്ത. ഭിന്നവിധി ആക്ഷേപത്തിൽ കഴമ്പില്ലെന്ന് അസാധാരണ വാർത്താക്കുറിപ്പിറക്കിയാണ് ലോകായുക്ത വിശദീകരിച്ചത്. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിർബന്ധമില്ല. പരാതിക്കാരും കൂട്ടാളികളും സമൂഹമാധ്യമത്തിലടക്കം ജഡ്ജിമാരെ അവഹേളിച്ചു. കക്ഷികളുടെ ആഗ്രഹവും താൽപര്യവും അനുസരിച്ച് ഉത്തരവിടാൻ തങ്ങളെ കിട്ടില്ലെന്നും ലോകായുക്ത പി.ആർ.ഒയുടെ പേരിലുള്ള നാലു പേജ് വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ലോകായുക്ത ഇത്തരത്തിൽ വിധിയെ വിശദീകരിക്കുന്ന നടപടി ആദ്യമായാണെന്നും അസാധാരണ നടപടിയാണിതെന്നും നിയമവിദഗ്ധർ വിശദീകരിക്കുന്നു. ജഡ്ജിമാരെക്കുറിച്ച് വാസ്തവമല്ലാത്ത വാർത്തകൾ ചിലർ ആവർത്തിച്ച് പ്രസിദ്ധീകരിക്കുകയാണെന്ന തുടക്കത്തോടെയാണ് വിശദീകരണം.
വിവാദമായ കേസിലെ ആരോപണം മന്ത്രിസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അർഹതയില്ലാത്തവർക്ക് ക്രമരഹിതമായി ധനസഹായം അനുവദിച്ചുവെന്നാണ്. മുഖ്യമന്ത്രിയോ സഹമന്ത്രിമാരോ ദുരിതാശ്വാസനിധിയിൽനിന്ന് പണം അപഹരിച്ചെന്നല്ല. ശശികുമാർ ഫയൽ ചെയ്ത പരാതി ആദ്യം പരിഗണിച്ച മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും ഉപലോകായുക്തയായിരുന്ന ജസ്റ്റിസ് ബഷീറും തമ്മിൽ പരാതി സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായി. തുടർന്ന് പരാതി സ്വീകരിക്കണമോയെന്ന് മൂന്നംഗ ബെഞ്ച് പരിശോധിച്ചു. ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രനും പരാതി സ്വീകരിച്ച് അന്വേഷണം നടത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, ഉപലോകായുക്ത ജസ്റ്റിസ് ബഷീർ പരാതി തള്ളണമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പരാതി സ്വീകരിച്ച് എതിർകക്ഷികളായ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസ് അയച്ചു.
പയസ് കുര്യാക്കോസും ബഷീറും വിരമിച്ചതിനെതുടർന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും അടങ്ങുന്ന രണ്ടംഗ ബെഞ്ച് പരാതിയിൽ അന്വേഷണം തുടർന്നു. മന്ത്രിസഭ തീരുമാനങ്ങളാകയാൽ ലോകായുക്ത നിയമമനുസരിച്ചുള്ള അന്വേഷണത്തിന് അവ വിധേയമല്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എതിർകക്ഷികൾ വാദിച്ചു. ഈ രണ്ട് കാര്യങ്ങളിലും ലോകായുക്തക്കും ഉപലോകായുക്തക്കും ഭിന്നാഭിപ്രായം ഉണ്ടായതിനാൽ മൂന്നംഗ ബെഞ്ചിന്റെ അന്വേഷണത്തിന് വിട്ടു. ബെഞ്ചിലെ ജഡ്ജിമാർ പ്രത്യേകം വിധിന്യായങ്ങൾ എഴുതിയില്ലെന്ന ആക്ഷേപത്തിൽ കഴമ്പില്ല. അടിസ്ഥാനമില്ലാത്ത വിഷയങ്ങൾ ഉയർത്തി പുകമറ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പരാതിക്കാരൻ നടത്തുന്നത്. ജഡ്ജിമാരെ അധിക്ഷേപിക്കുന്ന പരാതിക്കാരന്റെയും ചില രാഷ്ട്രീയനേതാക്കളുടെയും അതിന് പ്രചാരണം നൽകുന്ന ചില മാധ്യമങ്ങളുടെയും നടപടി പ്രതിഷേധാർഹമാണെന്നും ലോകായുക്ത വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.