ഇടതമര്‍ന്ന്, വലതുതിരിഞ്ഞ്
text_fieldsതെക്കുകിഴക്ക് ശെന്തുരുണി കാട് മുതൽ വടക്ക് വേമ്പനാട് കായല്‍വരെ നീണ്ടുനിവര്‍ന്ന് കിടക്കുന്നതാണ് മാവേലിക്കര ലോക്സഭ മണ്ഡലം. പമ്പയെയും അച്ചന്‍കോവിലിനെയും ഹൃദയത്തിലേറ്റുന്ന മണ്ഡലം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പാടങ്ങള്‍ മുതല്‍ റബര്‍തോട്ടങ്ങള്‍വരെ ഉള്‍പ്പെടുന്ന കാര്‍ഷികവൈവിധ്യം പോലെത്തന്നെയാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ വൈവിധ്യവും. മത-സാമുദായിക സംഘടനകളും കര്‍ഷകരും മുതല്‍ പത്തനാപുരം നിയമസഭ മണ്ഡലത്തിലെ കോന്നിക്കടുത്ത വനമേഖലയിലുള്ള ആദിവാസിസമൂഹം വരെ നിര്‍ണായകമാകുന്ന അങ്കത്തട്ടാണ് മാവേലിക്കരയിലേത്. അതുകൊണ്ടുതന്നെ ഈ സംവരണ മണ്ഡലത്തിലെ പോരാട്ടം തീപാറുമെന്നുറപ്പ്.
പുനർനിർണയത്തിലൂടെ പലതവണ രൂപംമാറിയിട്ടും വലതുപക്ഷത്തെ വാരിപ്പുണരുന്നതാണ് ശീലം. മാവേലിക്കരയിൽ ‘ഹാട്രിക്’ തികച്ച കൊടിക്കുന്നിലിന് ഇത് പത്താംഅങ്കമാണ്. കോൺഗ്രസിലെ മുതിർന്ന നേതാവും സിറ്റിങ് എം.പിയുമായ കൊടിക്കുന്നിൽ സുരേഷിന്‍റെ ജൈത്രയാത്രക്ക് വിരാമമിടാൻ യുവത്വത്തിന് കഴിയുമോയെന്നതാണ് പ്രധാന ചോദ്യം. ഇതിന് ഉത്തരംതേടി എൽ.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത് പുതുമുഖത്തെയാണ്. മന്ത്രി പി. പ്രസാദിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് യുവനേതാവും അഭിഭാഷകനുമായ സി.എ. അരുൺകുമാർ. 2016ൽ മാവേലിക്കര നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ബൈജു കലാശാലയാണ് ബി.ഡി.ജെ.എസിനായി പോരിനിറങ്ങുന്നത്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നിയമസഭ മണ്ഡലവും ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ നിയമസഭ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം നിയമസഭ മണ്ഡലങ്ങളും ചേർന്നതാണ് മാവേലിക്കര ലോക്സഭ മണ്ഡലം. മണ്ഡലത്തിൽ ഹിന്ദു വോട്ടർമാരാണ് കൂടുതലും. ചില മണ്ഡലങ്ങളിൽ പട്ടികജാതി-ഈഴവ-ക്രിസ്ത്യൻ വിഭാഗങ്ങൾ നിർണായകമാണ്. പത്തനാപുരം, ചങ്ങനാശ്ശേരി ഒഴികെയുള്ള മണ്ഡലങ്ങളിൽ മുസ്ലിം വിഭാഗത്തിന് വലിയ സ്വാധീനമില്ല. ഏഴ് നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് ജനപ്രതിനിധികളാണ്.
മാവേലിക്കരക്കുമുമ്പ് സംവരണ മണ്ഡലമായിരുന്ന അടൂരിൽ കൊടിക്കുന്നിൽ സുരേഷ് നാലുതവണ വിജയിയായിരുന്നു. അടൂർ മണ്ഡലം മാവേലിക്കരയിൽ ലയിച്ചപ്പോൾ യു.ഡി.എഫിന് മറ്റൊരു സ്ഥാനാർഥിയെ ആലോചിക്കേണ്ടിവന്നില്ല. 2019ൽ ചിറ്റയം ഗോപകുമാറിനെ 61,138 വോട്ടിന് തോൽപിച്ചായിരുന്നു മാവേലിക്കരയിൽ കൊടിക്കുന്നിലിന്‍റെ ഹാട്രിക് വിജയം. 2009 മുതൽ മാവേലിക്കര എം.പിയാണ് കൊടിക്കുന്നിൽ. 1989ൽ അടൂരിൽനിന്നാണ് ആദ്യം ലോക്‌സഭയിലെത്തിയത്.
സാമുദായിക ഘടകങ്ങൾ ‘പ്രബലം’
മണ്ഡലത്തിൽ സാമുദായിക ഘടകങ്ങളും പ്രബലമാണ്. നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) ആസ്ഥാനം, കത്തോലിക്ക സഭയുടെ രൂപതകൾ, വിവിധ ക്രൈസ്തവ സഭകളുടെ ഭദ്രാസനങ്ങൾ, വിശ്വകർമസഭയുടെ ആസ്ഥാനം, എസ്.എൻ.ഡി.പി, കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) തുടങ്ങിയ സാമുദായിക സമവാക്യം മണ്ഡലത്തിൽ ദൃശ്യമാണ്. എൻ.എസ്.എസ് അടക്കമുള്ള സമുദായ സംഘടനകളുമായുള്ള അടുപ്പവും മണ്ഡലക്കാർക്ക് മുഴുവൻ അറിയാമെന്നതുമാണ് കൊടിക്കുന്നിൽ സുരേഷിന്‍റെ മെച്ചം.
നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും നേടിയ വിജയത്തിളക്കം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കോൺഗ്രസിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ചരിത്രമാണ് മാവേലിക്കരക്കുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതാണ് ചരിത്രം. കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനുശേഷമുള്ള ആദ്യ ലോക്സഭ തെരഞ്ഞെടുപ്പാണിത്. അതിനാൽ കേരള കോൺഗ്രസിന് സ്വാധീനമുള്ള ചങ്ങനാശ്ശേരി, കുട്ടനാട്, ചെങ്ങന്നൂർ, പത്തനാപുരം അടക്കമുള്ള മേഖലയിൽ വോട്ടുനിലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർഥി തഴവ സഹദേവൻ 1.33 ലക്ഷം വോട്ട് സ്വന്തമാക്കിയതും ശ്രദ്ധിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.