തൃശൂരിലേക്ക് സുധീരൻ?
text_fieldsതൃശൂർ: കേരളത്തിൽ ബി.ജെ.പി വിജയപ്രതീക്ഷ പങ്കുവെക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നേരിട്ട് നിയന്ത്രിക്കുകയും ചെയ്യുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിലടക്കം ‘അഭ്യൂഹം’. സിറ്റിങ് എം.പിമാർ മത്സരിക്കുമെന്ന ആദ്യ നിർദേശത്തിൽ ടി.എൻ. പ്രതാപൻതന്നെ മത്സരിക്കുമെന്ന് തീർച്ചയാക്കി ചുവരെഴുത്ത് തുടങ്ങിയ തൃശൂരിലാണ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കാനിരിക്കെ അപ്രതീക്ഷിതമായി ‘ചർച്ച’ സജീവമായത്. മുതിർന്ന നേതാവ് വി.എം. സുധീരന്റെ പേരാണ് കോൺഗ്രസ് ക്യാമ്പിൽനിന്ന് തന്നെ പുറത്ത് വിട്ടിരിക്കുന്നത്. നടൻ എന്നതിലുപരിയായി സുരേഷ്ഗോപി സ്വീകാര്യനായിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ നിരന്തര തൃശൂർ സന്ദർശനവും ദേശീയ നേതാക്കളുടെ തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും ഇടതുപക്ഷം ജനപ്രീതിയുള്ള മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ സ്ഥാനാർഥിയാക്കിയേക്കുമെന്ന വിവരവും ശക്തമാകുന്നതിനിടെയാണ് തൃശൂരിൽ ‘പ്രതാപനെ മാറ്റി’ പുതിയ ചർച്ച വരുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യം മൂന്ന് മുന്നണിയും പ്രതീക്ഷയോടെയാണ് കാണുന്നത്. 2019ൽ അതിഥിയായെത്തി നടന്റെ മാത്രം ബാനറിൽ മത്സരത്തിനിറങ്ങിയ സുരേഷ്ഗോപി 10ൽ നിന്ന് 28 ശതമാനത്തിലേക്ക് വോട്ട് വിഹിതം കൂട്ടിയാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. തൃശൂരിൽ സജീവമായി പ്രവർത്തിച്ചുവരുന്നതുകൊണ്ട് തന്നെ സുരേഷ്ഗോപി വിജയിക്കുമെന്ന ‘ബംബർ’ പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.
പാർലമെന്റിലേക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച പ്രതാപൻ മത്സരിക്കുന്നത് വിപരീതഫലം ഉണ്ടാക്കിയേക്കുമെന്ന പാർട്ടിയിലെ ‘വർത്തമാന’മാണ് പകരം ഒരു പൊതുസ്വീകാര്യൻ എന്ന നിലയിലേക്ക് ചർച്ച എത്തിച്ചിരിക്കുന്നത്. തൃശൂർ ജില്ലക്കാരനും നിരവധി തവണ മണലൂരിന്റെ എം.എൽ.എയും ആയിരുന്ന സുധീരൻ ജില്ലക്ക് സുപരിചിതനും സ്വീകാര്യനും ആണെന്നത് മാത്രമല്ല, കുറച്ച് കാലമായി തൃശൂർ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനമെന്നതും ചർച്ചക്കുള്ള ‘മരുന്നാണ്’. തെരഞ്ഞെടുപ്പ് ഗോദയിൽ സുനിൽകുമാർ ഇറങ്ങുകയാണെങ്കിൽ എതിരാളി കുറെക്കൂടി ശക്തനാവണമെന്ന ചിന്തയാണ് പ്രതാപന് മുകളിലേക്ക് സുധീരന്റെ സാധ്യത ചർച്ചയാക്കുന്നതിന് പിന്നിലെന്ന് പറയുന്നു. സമൂഹ മാധ്യമങ്ങളിലും ഈ ചർച്ച സജീവമായിട്ടുണ്ട്.
അതേസമയം, തൃശൂർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിക്കുന്ന ആര് മത്സരിച്ചാലും വിജയശിൽപി താനായിരിക്കുമെന്ന് ടി.എൻ. പ്രതാപൻ എം.പി മാധ്യമങ്ങളോട് പ്രതികരിച്ചു. വി.എം. സുധീരൻ തന്റെ രാഷ്ട്രീയ ഗുരുവാണ്. പരസ്യമായി ആരുടെയും പേര് കോൺഗ്രസ് ചർച്ച ചെയ്യില്ല. ഹൈക്കമാൻഡ് നിശ്ചയിക്കുന്ന സ്ഥാനാർഥിയെ അംഗീകരിക്കുമെന്നും ആ സ്ഥാനാർഥിയുടെ വിജയശിൽപികളിൽ ഒന്നാമൻ താനായിരിക്കുമെന്നും പ്രതാപൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.