ദേശീയപാതയിൽ ദീർഘദൂര ബസുകൾ കുതിക്കുന്നു; ഒരു മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവൻ
text_fieldsപനങ്ങാട്: ദേശീയപാതയിൽ ദീർഘദൂര ബസുകൾ കുതിച്ച് പായുന്നു. ഒരു മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. ഒരു മാസം മുമ്പ് പാലാരിവട്ടത്ത് വെണ്ണലയിൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് മറ്റൊരു കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചിരിന്നു.
ഞായറാഴ്ച മാടവനയിലുണ്ടായ അപകടത്തിൽ ഒരാളും മരിച്ചു. മൂന്നാഴ്ച മുമ്പാണ് കണ്ണാടിക്കാട് ദീർഘദൂര ബസ് ലോറിക്ക് പുറകിൽ ഇടിച്ച് കയറിയത്. അന്ന് ഭാഗ്യം കൊണ്ടാണ് പലരും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മൂന്ന് അപകടങ്ങളിലും വില്ലനായത് ദീർഘദൂര ബസുകളാണ്.
മരണ ഭയത്തിലാണ് ചെറുവാഹനങ്ങളിലെ യാത്രക്കാർ ദേശീയപാതയിലൂടെയും മറ്റും സഞ്ചരിക്കുന്നത്. ഇടപ്പള്ളി -അരൂർ ദേശീയപാതയിൽ ഇത്തരം വാഹനങ്ങൾ കുതിച്ച് പായുമ്പോഴും നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ല. മാടവന സിഗ്നൽ ജങ്ഷനിൽ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ ഉൾപ്പെടെ സിഗ്നലുകൾക്കായി കാത്തുനിൽക്കുന്നത് ജീവൻ പണയം വച്ചാണ്.
ദേശീയപാതയിലൂടെ കുതിച്ചെത്തുന്ന ഭാരവാഹനങ്ങൾ സിഗ്നലിൽ കാത്തുകിടക്കുന്ന ചെറുവാഹനങ്ങളെ ഭയപ്പെടുത്തും വിധമാണ് ബ്രേക്ക് ചെയ്ത് നിൽക്കുന്നത്. സിഗ്നലിൽ വാണിങ് ലൈറ്റ് തെളിഞ്ഞു കിടക്കുമ്പോഴും യാതൊരു വിധ കൂസലുമില്ലാതെയാണ് ടൂറിസ്റ്റ് ബസുകളുൾപ്പെടെ വലിയ വാഹനങ്ങൾ ജങ്ഷൻ കുറുകെ കടന്ന് പാഞ്ഞു പോകുന്നതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ഒരേസമയം സിഗ്നലിനെയും പിന്നിലൂടെയെത്തുന്ന വലിയ വാഹനങ്ങളെയും ശ്രദ്ധിച്ചു നോക്കിയാണ് ചെറുവാഹനങ്ങളിലെ യാത്രക്കാർ സിഗ്നലിൽ കിടക്കുന്നത്. സിഗ്നൽ ജങ്ഷന് മീറ്ററുകൾക്ക് മുമ്പേ അറിയിപ്പ് ബോർഡുണ്ടെങ്കിലും അതൊന്നും കണക്കാക്കാതെയാണ് വലിയ വാഹനങ്ങൾ കൂടുതലും സഞ്ചരിക്കുന്നത്.
ഞായറാഴ്ച്ചയുണ്ടായ അപകടത്തിലും വില്ലനായത് സിഗ്നൽ ജങ്ഷനെ ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ബസിന്റെ വേഗതയാണെന്ന് നാട്ടുകാരനും ദൃക്സാക്ഷിയുമായ ഒ.എ. ബഷീർ പറഞ്ഞു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് സിഗ്നലിന് തൊട്ടടുത്തെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും മുന്നോട്ടുപോകാനാകാത്തതിനാൽ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ബസ് വെട്ടിത്തിരിഞ്ഞ് സിഗ്നൽ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും നിരവധി അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. സിഗ്നലിൽ ടൈമർ വെക്കണമെന്ന ആവശ്യവും ശക്തമാണ്. അപകടത്തിൽ സിഗ്നൽ തകർന്നതോടെ ജങ്ഷനിലെ ഗതാഗതം താറുമാറായി. സ്വകാര്യ ബസുകൾ സർവിസ് റോഡുകളിലൂടെ പായുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായും പറയുന്നു.
മാടവനയിൽ അപകടം തുടർക്കഥ
പനങ്ങാട്: ദേശീയപാതയിലെ മാടവന ജങ്ഷനിൽ അപകടം തുടർക്കഥയാകുന്നു. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും റോഡിന്റെ തകരാറും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നെട്ടൂരിൽനിന്നും പനങ്ങാട് നിന്നും വരുന്ന വാഹനങ്ങൾ സിഗ്നൽ കണ്ട് മുന്നോട്ട് എടുക്കുമ്പോൾ ദേശീയപാതയിലൂടെ ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങൾ സിഗ്നൽ ചുവപ്പ് കത്തിയാലും നിർത്താറില്ല.
പല വാഹനങ്ങളും വെട്ടിച്ച് മാറ്റുന്നതും സിഗ്നലിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് പുറകിൽ വാഹനങ്ങൾ ഇടിക്കുന്നതും പതിവാണ്. നിരവധി തവണ സിഗ്നൽ പോസ്റ്റ് വാഹനങ്ങൾ ഇടിച്ച് തകർത്തിട്ടുണ്ട്. ചേർത്തല, അരൂർ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ മാടവന സിഗ്നൽ വകവെക്കാതെ ലേക്ഷോർ ഹോസ്പിറ്റൽ ബസ്റ്റോപ്പ് ഭാഗത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് സർവിസ് റോഡ് വഴി കയറി മാടവന സിഗ്നലിൽ വന്നു നിർത്തുന്നതു കൊണ്ട് പനങ്ങാട് ഭാഗത്തേക്ക് പോകേണ്ട ബസുകളും സ്വകാര്യ വാഹനങ്ങളും മുന്നോട്ട് നീങ്ങാനാകാതെ റോഡിൽ കുടുങ്ങുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.