സസ്പെൻസ് നീണ്ട മണിക്കൂറുകൾ; ക്ലൈമാക്സിൽ വിളിയെത്തി
text_fieldsതിരുവനന്തപുരം: തൃശൂർ ജയത്തോടെ മന്ത്രിസ്ഥാനം ഉറപ്പായിരുന്നെങ്കിലും അവസാനനിമിഷം ഉരുണ്ടുകൂടിയ അനിശ്ചിതത്വങ്ങൾക്കും സസ്പെൻസുകൾക്കുമൊടുവിലാണ് സുരേഷ് ഗോപിയെ തേടി ഡൽഹിയിൽനിന്ന് ക്ഷണമെത്തിയത്.
ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഘടകകക്ഷികളെ കൂട്ടുപിടിച്ചുള്ള സർക്കാർ രൂപവത്കരണത്തിൽ മന്ത്രിസ്ഥാനം വീതംവെക്കുമ്പോൾ കൈനഷ്ടങ്ങളുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. ജയിച്ചാൽ മന്ത്രി എന്ന തുടക്കത്തിലേ ആത്മവിശ്വാസം സുരേഷ് ഗോപിയുടെ കാര്യത്തിൽ അനിശ്ചിതത്വത്തിന് വഴിമാറിയതിനും കാരണമിതായിരുന്നു.
ഞായറാഴ്ച രാവിലെ 11.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചായസത്കാരത്തിലേക്ക് നിയുക്ത മന്ത്രിമാർക്കെല്ലാം ക്ഷണം ലഭിച്ചെങ്കിലും രാവിലെയും സുരേഷ് ഗോപി തിരുവനന്തപുരത്തുതന്നെ തുടർന്നതാണ് സംശയങ്ങൾക്ക് കനംവെച്ചത്. രാത്രി 7.15ന് ചുമതലയേൽക്കുന്ന കേന്ദ്രമന്ത്രിമാർ, സഹമന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ എന്നിവർക്കായിരുന്നു പ്രധാനമന്ത്രി വസതിയിലെ ചായസത്കാരം.
ക്ഷണമില്ലെന്ന വാർത്ത വരികയും തിരുവനന്തപുരത്തുനിന്ന് ഡൽഹിക്കുള്ള 6.10ന്റെ വിമാനം പുറപ്പെടുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ സസ്പെൻസിലായി. ഇതോടെ മറ്റ് ന്യായീകരണങ്ങളും ഉയർന്നു.
ഏറ്റെടുത്ത മൂന്ന് സിനിമ പൂർത്തിയാക്കാനുണ്ടെന്നും ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ടാകും ക്ഷണമില്ലാത്തതെന്നുമായിരുന്നു വിശദീകരണങ്ങൾ. ഇതിനിടെ തെക്കേ ഇന്ത്യയിൽനിന്ന് മറ്റൊരു നേതാവിനെ പരിഗണിക്കുന്നെന്ന അഭ്യൂഹമുയർന്നു. കേരളത്തിൽനിന്ന് മറ്റാരെയെങ്കിലും കേന്ദ്രമന്ത്രിയാക്കാനുള്ള സാധ്യതകളുണ്ടെന്നും പ്രചാരണമുണ്ടായി.
ഫോണിൽ ലഭിക്കാതെയും ഒന്നും പ്രതികരിക്കാതെയും സുരേഷ് ഗോപി രാവിലെ മുതൽ ശാസ്തമംഗലത്തെ വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇതോടെ നീക്കങ്ങളറിയാൻ ചാനലുകളെല്ലാം വീട് കേന്ദ്രീകരിച്ചു. വീട്ടിൽനിന്ന് ആരും പുറത്തുവരികയോ മാധ്യമങ്ങളോട് പ്രതികരിക്കുകയോ ചെയ്യാൻ തയാറായിരുന്നില്ല. രാവിലെ 10.30ഓടെയാണ് ഡൽഹിയിൽനിന്ന് വിളിയെത്തിയത്. ഉടൻ എത്തണമെന്നായിരുന്നു നിർദേശം.
ഇതോടെ യാത്രക്കുള്ള തിരക്കിട്ട നീക്കങ്ങളായി. ഈ സമയത്ത് വിമാനം ലഭ്യമല്ലാതിരുന്നതോടെ വീണ്ടും അനിശ്ചിതത്വം. ഉച്ചക്ക് 12.10നാണ് ഡൽഹിയിലേക്കുള്ള വിമാനം. ഇതിലാകട്ടെ ടിക്കറ്റുമില്ല. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് ചാർട്ടർ വിമാനത്തിൽ ഡൽഹിയിലേക്കും തിരിക്കാനുമായി പിന്നെ ശ്രമം. അവസാനം 12.10ന്റെ വിമാനത്തിൽ തന്നെ സീറ്റ് ലഭിച്ചു. അമ്മക്കും ഭാര്യ രാധികക്കുമൊപ്പമായിരുന്നു ഡൽഹി യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.