ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ നീണ്ട അവധി; ചര്‍ച്ച മാറ്റി
text_fieldsതിരുവനന്തപുരം: ഇടുക്കി, വയനാട്, കാസർകോട് ജില്ലകളില്‍ നിയമിക്കുന്ന പ്രധാന ഉദ്യോഗസ്ഥര്‍ നീണ്ട അവധിയെടുത്തു മാറി നില്ക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ സര്‍വിസ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച ചര്‍ച്ച മാറ്റി വെച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഡല്‍ഹിയിലായിരുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച വൈകീട്ട് വിളിച്ച ചര്‍ച്ച മാറ്റിയത്. ചർച്ച അടുത്ത ആഴ്ച നടന്നേക്കും.
പൊതുമരാമത്ത് വകുപ്പിലേത് അടക്കമുള്ള എൻജിനീയര്‍, ഡോക്ടര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, വെല്‍ഫെയര്‍ വര്‍ക്കര്‍ തസ്തികകളാണ് പ്രധാനമായി ഒഴിഞ്ഞു കിടക്കുന്നത്. ഇതു ഭരണനിര്‍വഹണത്തെ സാരമായി ബാധിക്കുന്നെന്നാണ് വിലയിരുത്തല്‍. വയനാട്, കാസർകോട്, ഇടുക്കി ജില്ലകളില്‍ നിശ്ചിത കാലയളവില്‍ സ്തുത്യര്‍ഹമായി ജോലി നോക്കുന്നവർക്ക് ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ വീടിനു സമീപമോ നിയമനം നല്‍കുന്നത് അടക്കമുള്ള ചില ഒത്തുതീര്‍പ്പു നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിലും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടില്ല. ഇത്തരമൊരു പാക്കേജ് കൂടി പരിഗണിച്ച ശേഷമാകും വീണ്ടും ചര്‍ച്ച നടത്തുക.
മുഖ്യമന്ത്രി പിണറായി വിജയന്, ജില്ലകളിലെ പ്രശ്നങ്ങള്‍ അവലോകനം ചെയ്യാനായി മേഖല തലയോഗങ്ങളില് പങ്കെടുക്കാനിരിക്കെയാണ് ഈ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ അഭാവംമൂലമുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. നിര്‍ബന്ധിത സേവനത്തിനായി ഈ ജില്ലകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് പിന്നീടുള്ള സ്ഥലംമാറ്റത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് മാറ്റം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.
ഐ.എ.എസ്, കെ.എ.എസ്, സെക്രട്ടേറിയറ്റ് സര്‍വിസ് വിഭാഗങ്ങള്‍ക്ക് ചില ഇളവുകളും ആലോചിക്കുന്നുണ്ട്. ഈ ജില്ലകളിലെ സര്‍ക്കാര്‍ സേവനം പ്രോത്സാഹിപ്പിക്കുന്നതിനായി ആര്‍ജിത അവധിയില്‍ ഇളവുകള്‍ നൽകുന്നതും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.