ഏറ്റവും ദൈർഘ്യമേറിയ ആകാശയാത്ര: ചരിത്രം രചിക്കാനൊരുങ്ങി വനിതാ പൈലറ്റുമാർ
text_fieldsബംഗളുരു: ഏറ്റവും ദൈർഘ്യമേറിയ ആകാശയാത്രയിലൂടെ ചരിത്രം കുറിക്കാൻ ഒരുങ്ങി എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ. ഉത്തര ധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റർ നീളുന്ന യാത്ര സാൻഫ്രാൻസിസ്‌കോയിൽ നിന്നാരംഭിച്ച് ബംഗളുരുവിൽ അവസാനിക്കും. ഇന്നാണ് യാത്ര അവസാനിക്കുക.
വളരെയധികം പരിചയ സമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരുടെ ടീമിനെ എയർ ഇന്ത്യ ചുമതലപ്പെടുത്തുന്നത്.
ഇതാദ്യമായാണ് ഒരു വനിത ടീം ഉത്തര ധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നയിക്കാൻ പോകുന്നത്.
തങ്ങളെ ദൗത്യം ഏൽപ്പിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് വനിത പൈലറ്റുമാരെ നയിക്കുന്ന സോയ അഗർവാൾ പറഞ്ഞു. തൻമയ് പപഗരി, ആകാംക്ഷ, ശിവാനി മാൻഹാസ് എന്നിവരടങ്ങിയ ടീമിനെയാണ് സോയ നയിക്കുക.
ഏതൊരു പ്രഫഷണൽ പൈലറ്റിന്‍റെയും ജീവിതാഭിലാഷമാണ് നോർത്ത് പോളിലൂടെ ഫ്ലൈറ്റ് പറത്താൻ സാധിക്കുക എന്നത്. നമ്മളിൽ പലരും അവരുടെ ജീവിതത്തിൽ മാപ്പിൽ പോലും നോർത്ത് പോൾ കാണാത്തവരാണ്. ശരിക്കും അഭിമാനം തോന്നുന്ന നിമിഷമാണിത്. സോയ പറഞ്ഞു.
2013ൽ ബോയിങ് പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു സോയ. നോർത്ത് പോളിലേക്ക് വിമാനം പറത്തിയ ആദ്യ വനിത കമാൻഡർ എന്ന പദവിയും ഇതോടെ സോയക്ക് സ്വന്തമാകും. ഇതൊരു സുവർണ്ണാവസരം ആണെന്നും സോയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.