തേടുന്നു; കാക്കിക്കുള്ളിലെ സ്വർണ ഖനി
text_fieldsതിരുവനന്തപുരം: ‘ചായക്കോപ്പയിലെ കൊടുങ്കാറ്റാ’യി തീരുകയാണെന്ന് കരുതിയ പി.വി. അൻവറിന്റെ കലാപം പുതിയ മാനങ്ങളിലേക്ക്. മുഖ്യമന്ത്രിയെ കണ്ടശേഷം പതുങ്ങിയ അൻവർ, പാർട്ടി സെക്രട്ടറിയെ കണ്ടശേഷം പുതുവീര്യത്തിലാണ്. വീട്ടിൽനിന്ന് വന്ന് മുഖ്യമന്ത്രിയായതല്ല, പാർട്ടി ആക്കിയതാണെന്ന് പിണറായി വിജയനെ ഓർമിപ്പിച്ചത് സമീപകാലത്ത് പാർട്ടിയിൽ ആരും നടത്തിയിട്ടില്ലാത്ത കടുത്ത പദപ്രയോഗമാണ്. ഹെഡ്മാസ്റ്റർക്കെതിരെ പരാതി പറഞ്ഞാൽ അന്വേഷിക്കേണ്ടത് പ്യൂണല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ തീരുമാനത്തെ പരിഹസിക്കുന്നുമുണ്ട് അൻവർ. പാർട്ടിയിൽ ആരും ഇങ്ങനെ സംസാരിച്ച അനുഭവം സമീപകാലത്തില്ല. പാർട്ടി കേഡർ അല്ലാത്ത സ്വതന്ത്ര എം.എൽ.എ എന്ന സ്വാതന്ത്ര്യമാണ് തുറന്നുപറച്ചിലുകൾക്ക് അൻവർ ഉപയോഗപ്പെടുത്തുന്നത്.
അത് പാർട്ടിയിൽ പിണറായി വിജയന്റെ അപ്രമാദിത്യത്തിന് നേരെ ആദ്യവെടിയായി മാറിയത് സി.പി.എം രാഷ്ട്രീയത്തിൽ ചെറുതല്ലാത്ത പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അൻവറിന്റെ ഉന്നം പി. ശശിയാണെന്നത് ഇതിനകം വ്യക്തമാണ്. അതോടെ, പാർട്ടിയിൽ അൻവറിന് പിന്തുണയേറുന്നുമുണ്ട്. പി. ശശിയുടെ ഏകാധിപത്യപരവും വഴിവിട്ടതുമായ ശൈലിക്കെതിരെ എതിർപ്പുള്ളവർ താഴെതട്ടിൽ ഏറെയുണ്ട്. സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ഇത് എത്രത്തോളം പ്രതിഫലിക്കുമെന്നത് കണ്ടറിയണം. പരാതി പാർട്ടി പരിശോധിക്കാമെന്നതാണ് എം.വി. ഗോവിന്ദൻ നൽകിയ ഉറപ്പ്. അൻവർ ഉയർത്തിയ ഗുരുതര പരാതി പാർട്ടിക്ക് വലിയ വെല്ലുവിളിയാണ്. നടപടി വേണമെന്ന് പാർട്ടി നിർദേശിച്ചാൽ അത് പാർട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള പോരിന് വഴിമരുന്നാകും. തെറ്റുതിരുത്തൽ കാലത്ത് പരാതി അപ്പാടെ തള്ളാനുമാകില്ല.
പിണറായി വിജയന് നേരെയടക്കം തിരിയാൻ അൻവറിന് പിന്നിൽ ആരാണെന്ന ചോദ്യം പാർട്ടിയിലും പുറത്തും ഒരുപോലെ ഉയരുന്നുണ്ട്. ദൈവമല്ലാതെ മറ്റാരുമില്ലെന്നാണ് അൻവർ ആണയിടുന്നത്. കെ.ടി. ജലീൽ, കാരാട്ട് റസാഖ് എന്നീ പാർട്ടി സഹയാത്രികരാണ് അൻവറിന് പരസ്യമായി പിന്തുണ അറിയിച്ചത്. പാർട്ടിയിൽനിന്നുള്ള ഏക ഐക്യദാർഢ്യം യു. പ്രതിഭ എം.എൽ.എയുടേത് മാത്രം. ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനടക്കമുള്ളവർ എങ്ങും തൊടാതെയാണ് പ്രതികരിച്ചത്.
എന്താണ് സംഭവിക്കുന്നതെന്ന കാര്യം തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് ഈ മൗനത്തിന്റെ കാരണം. അൻവറിനെ തള്ളണോ, കൊള്ളണോ, ഏതാണ് പാർട്ടി നിലപാട് എന്നതിൽ ആർക്കും വ്യക്തതയില്ല. എല്ലാകാര്യങ്ങളിലും ആവേശകരമായ പ്രതികരണങ്ങളാൽ തിളച്ചുമറിയാറുള്ള ഇടതു സൈബറിടങ്ങൾപോലും അൻവർ വിവാദത്തിൽ തണുത്തുറഞ്ഞു കിടക്കുന്നതും അതുകൊണ്ടുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.