'വിവരം ലഭിക്കുന്നവര്‍ അറിയിക്കുക'; മാധ്യമങ്ങളില്‍ സിദ്ദീഖിനായി ലുക്കൗട്ട് നോട്ടീസ്
text_fieldsകൊച്ചി: കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നടൻ സിദ്ദീഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്. നടിയുടെ പീഡന പരാതിയില്‍ പ്രതിയാണ് സിദ്ദീഖ്. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
സിദ്ദീഖിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. 'ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദീഖ് മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നിലവിലുള്ള കേസിലെ പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ വിലാസത്തിലോ അറിയിക്കണം' ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ (9497996991), റേഞ്ച് ഡി.ഐ.ജി (9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമീഷണര്‍ (9497990002), മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്‍റെ പേരിലാണ് ലുക്കൗട്ട് നോട്ടീസ്. ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് ‘അമ്മ’ മുൻ ജനറൽ സെക്രട്ടറി കൂടിയായ സിദ്ദീഖ് ഒളിവിൽ പോയത്.
നടൻ കൊച്ചിക്ക് പുറത്താണെങ്കിലും കേരളത്തിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സിദ്ദീഖിന്‍റെ വീടുകളും വിവിധ ഹോട്ടലുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാക്കനാട് പടമുകളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലുമാണ് പൊലീസ് സംഘമെത്തിയത്. സിദ്ദീഖ് ഫോണുകളെല്ലാം ഓഫ് ചെയ്ത് മുങ്ങിയതാണ് പൊലീസിനെ കുഴക്കിയത്. ഇത് മുൻകൂട്ടി കണ്ടുള്ള നീക്കം പൊലീസ് നടത്തിയിരുന്നില്ല.
നടന് രക്ഷപ്പെടാൻ വഴിയൊരുക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സിദ്ദീഖിനെതിരായ ലൈംഗികാതിക്രമ പരാതി യുവനടി ഉന്നയിച്ചത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിൽ വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.